വീണ്ടും നെഹ്റു ട്രോഫി ആരവമുയർന്നു; ചുണ്ടനുകൾ പരിശീലനത്തിനിറങ്ങി
text_fieldsആലപ്പുഴ: വയനാട് ദുരന്തത്തിന് പിന്നാലെ മാറ്റിവെച്ച നെഹ്റു ട്രോഫി വള്ളംകളിയിൽ മുത്തമിടാൻ ചുണ്ടനുകൾ പരിശീലനത്തിനിറങ്ങി. തുടർച്ചയായി അഞ്ചാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബ് (പി.ബി.സി) തുഴയുന്ന കാരിച്ചാൽ ചുണ്ടനാണ് ആദ്യം നീറ്റിലിറങ്ങിയത്.
പിരിച്ചുവിട്ട ക്യാമ്പ് പുനഃക്രമീകരിച്ച് പള്ളാത്തുരുത്തി ആറ്റിലാണ് പരിശീലനം. ആദ്യഘട്ട പരിശീലനം പൂർത്തിയാക്കി കയറ്റിവെച്ച മറ്റ് ചുണ്ടനുകളും അടുത്തദിവസം മുതൽ പരിശീലനം തുടങ്ങും. ഓണക്കാലത്തെ മറ്റ് വള്ളംകളികൾ തുഴച്ചിലുകാരുടെ പരിശീലനത്തിന് സഹായകരമാകുമെന്നാണ് ക്ലബുകളുടെ വിലയിരുത്തൽ. വള്ളസമിതിയുടെയും ക്ലബുകളുടെയും സാമ്പത്തിക പ്രതിസന്ധികൂടി പരിഗണിച്ചാണ് പരിശീലനം ചിട്ടപ്പെടുത്തുന്നത്. പുന്നമടയിൽ ഈമാസം 28നാണ് 70ാമത് നെഹ്റു ട്രോഫി മത്സരം. വിവിധ വിഭാഗങ്ങളിലായി മാറ്റുരക്കുന്നത് 73 വള്ളങ്ങളാണ്.
19 ചുണ്ടൻവള്ളങ്ങളുടെ പോരാട്ടമാണ് പ്രധാനം. ചുരുളന്- മൂന്ന്, ഇരുട്ടുകുത്തി എ- നാല്, ഇരുട്ടുകുത്തി ബി- 16, ഇരുട്ടുകുത്തി സി- 14, വെപ്പ് എ- ഏഴ്, വെപ്പ് ബി- നാല്, തെക്കനോടി തറ- മൂന്ന്, തെക്കനോടി കെട്ട്- മൂന്ന് എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില് മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം. വീണ്ടും മത്സരത്തിനിറങ്ങാൻ പ്രമുഖ ക്ലബുകളടക്കം വൻ സാമ്പത്തിക പ്രതിസന്ധിയിലാണ്.
ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) ലക്ഷ്യമിട്ടാണ് പലരും മത്സരത്തിന് തയാറെടുത്തത്. തുഴച്ചിലുകാരുടെ പരിശീലനത്തിനടക്കം ലക്ഷങ്ങളാണ് ചെലവഴിച്ചത്. 25 മുതൽ 75 ലക്ഷം വരെ ചെലവഴിച്ചാണ് മുന്നൊരുക്കം നടത്തിയത്. സി.ബി.എൽ ഉപേക്ഷിച്ചതോടെ പണംമുടക്കിയിട്ടും കാര്യമില്ലാത്ത സ്ഥിതിയാണ്. അതിനാൽ പരമാവധി ചെലവുചുരുക്കിയുള്ള പരിശീലനമാവും നടത്തുക. പല പ്രമുഖ ക്ലബുകളുടെയും ശക്തി മറ്റിടങ്ങളിൽനിന്ന് എത്തിയിരുന്ന പ്രഫഷനൽ കായികതാരങ്ങളായ തുഴച്ചിലുകാരായിരുന്നു. നേരത്തേ അവധിയെടുത്ത് പരിശീലനത്തിനിറങ്ങിയ ഇവർ വള്ളംകളി മാറ്റിവെച്ചപ്പോൾ സ്വന്തംനാട്ടിലേക്ക് മടങ്ങി. വീണ്ടും എത്തിക്കാൻ വലിയ ചെലവുവരും. അതിനാൽ പരമാവധി നാട്ടിലുള്ള തുഴക്കാരെ നിയോഗിച്ചാവും ഇത്തവണ ക്ലബുകൾ പോരിനിറങ്ങുക.
പുതിയ ബജറ്റ് നിശ്ചയിക്കാൻ ഇന്ന് യോഗം
ആലപ്പുഴ: ഈമാസം 28ന് നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയുടെ പുതുക്കിയ ബജറ്റും പ്രചാരണവും നിശ്ചയിക്കാൻ ശനിയാഴ്ച രാവിലെ 10.30ന് നെഹ്റു ട്രോഫി ഇൻഫ്രാസ്ട്രചർ സബ് കമ്മിറ്റിയുടെ യോഗം ജില്ല പഞ്ചായത്ത് ഹാളിൽ ചേരും. വൈകീട്ട് എൻ.ടി.ബി.ആർ കമ്മിറ്റി യോഗവും ചേരുന്നുണ്ട്. ടിക്കറ്റ് വിൽപനയും പ്രചാരണവും അടക്കമുള്ള വിഷയങ്ങളും ചർച്ചയാകും. മാറ്റിവെച്ച വള്ളംകളി വീണ്ടും നടത്തുമ്പോൾ 14 ലക്ഷം രൂപ അധികമായി കണ്ടെത്തണമെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ.
പുന്നമടയിൽ ട്രാക്കുകൾക്കായി കുറ്റിയടിച്ചതിന് ആറുലക്ഷം രൂപ ചെലവിട്ടിരുന്നു. ഇവയിൽ പലതും ബോട്ടുകൾ ഇടിച്ചു നശിച്ചു. താൽക്കാലിക പവിലിയൻ നിർമിക്കാൻ 8.5 ലക്ഷം രൂപ ചെലവിട്ടിരുന്നു. ഹൗസ്ബോട്ടുകളും മറ്റും തട്ടി ഇതിനും കേടുണ്ടായി. നെഹ്റു ട്രോഫി പവിലിയൻ മേൽക്കൂര നവീകരണത്തിന് 20 ലക്ഷം രൂപയാണ് ചെലവായത്. ആഗസ്റ്റ് രണ്ടാം ശനിയാഴ്ച നിശ്ചയിച്ചിരുന്ന വള്ളംകളിക്ക് മുഖ്യാതിഥിയായി രാഷ്ട്രപതി എത്തുമെന്നാണ് കരുതിയത്. അങ്ങനെയെങ്കിൽ ആതുക ടൂറിസം വകുപ്പിൽനിന്ന് കിട്ടുമെന്ന പ്രതീക്ഷയിലാണ് നിർമാണം നടത്തിയത്. ഇതും അധികബാധ്യതയാകുമെന്ന് കണക്കുകൂട്ടുന്നു. പ്രചാരണം വീണ്ടും സജീവമാക്കാനുള്ള നിർദേശങ്ങളും യോഗം പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.