നെഹ്റു ട്രോഫി; കാരിച്ചാൽ വിജയം കോടതികയറും
text_fieldsആലപ്പുഴ: കാണികളെ ത്രസിപ്പിച്ച നെഹ്റു ട്രോഫി വള്ളംകളി ഫൈനലിൽ കാരിച്ചാൽ ചുണ്ടന്റെ 0.005 മൈക്രോ സെക്കൻഡ് ‘വിജയം’ കോടതി കയറും. രണ്ടാമതെത്തിയ വീയപുരം ചുണ്ടനും വി.ബി.സി കൈനരിയുമാണ് ഹൈകോടതിയെ സമീപിക്കുക.
ജൂറി ഓഫ് അപ്പീൽ കമ്മിറ്റിയുടെ മുന്നിലെത്തിയ രണ്ട് പരാതികൾ പരിഗണിച്ചാണ് ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരത്തിന്റെ അന്തിമഫലത്തിൽ മാറ്റമില്ലെന്നും കാരിച്ചാൽ ചുണ്ടൻ വീണ്ടും ജലരാജാവായി തുടരുമെന്നും പ്രഖ്യാപിച്ചത്. സ്റ്റാർട്ടിങ് പോയന്റിലെ പിഴവ് മത്സരത്തിൽനിന്ന് പിന്നിലാക്കിയെന്ന കുമരകം ടൗൺ ബോട്ട് ക്ലബിന്റെ (നടുഭാഗം ചുണ്ടൻ) പരാതിയും അംഗീകരിച്ചില്ല. തുഴച്ചിലുകാർ തുഴ ഉയർത്തിക്കാണിച്ചിട്ടും ചീഫ് സ്റ്റാർട്ടർ അവഗണിച്ച് മത്സരം ആരംഭിച്ചുവെന്നായിരുന്നു പരാതി. കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ പരാതിയും വിശദമായി ജൂറി ഓഫ് അപ്പീല്‍ പരിശോധിച്ചു.
സ്റ്റാര്‍ട്ടിങ്ങില്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴ പൊക്കിപ്പിടിച്ചതായി കണ്ടെത്തി. എന്നാല്‍, മത്സര നിബന്ധനപ്രകാരം അവര്‍ തുഴയേണ്ടതായിരുന്നു. ട്രാക്ക് ക്ലിയറാണെന്ന് ഉറപ്പാക്കി ചീഫ് അമ്പയര്‍ സ്റ്റാര്‍ട്ടിങ്ങിന് അനുമതി നല്‍കിയതിനാലാണ് ചീഫ് സ്റ്റാര്‍ട്ടര്‍ സ്റ്റാര്‍ട്ടിങ് നടത്തിയത്. അതിനാല്‍ പരാതി പുനഃപരിശോധിക്കേണ്ടതില്ലെന്ന് എന്‍.ടി.ബി.ആര് സൊസൈറ്റി ചെയര്‍മാനും ജില്ല കലക്ടറുമായ അലക്സ് വര്‍ഗീസ്, അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് ആശ സി. എബ്രഹാം, ജില്ല ഗവ. പ്ലീഡര്‍ അഡ്വ. വേണു, ജില്ല ലോ ഓഫിസര്‍ അഡ്വ. അനില്‍കുമാര്‍, എന്‍.ടി.ബി.ആര് സൊസൈറ്റി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മുന്‍ എം.എൽ.എ സി.കെ. സദാശിവന്, ചുണ്ടന്‍വള്ളം ഉടമ അസോസിയേഷന് പ്രസിഡന്റ് ആര്.കെ. കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള ജൂറി ഓഫ് അപ്പീൽ കമ്മിറ്റിയുടെ കണ്ടെത്തൽ.
സ്റ്റാർട്ടിങ് പോയന്റിൽ വെടിയൊച്ച മുഴങ്ങുന്നത് മുതൽ ഫിനിഷിങ് പോയന്റുവരെയുള്ള മത്സരത്തിന് ഉപയോഗിച്ചത് ഒളിമ്പിക്സിലെ സാങ്കേതികവിദ്യയാണ്. 0.5 മെക്രോ സെക്കൻഡ് വ്യത്യാസത്തിൽ വിജയിച്ചത് ടി.വിയിലൂടെ കണ്ടതാണ്. അതിനപ്പുറം ഒരുതീരുമാനം ജഡ്ജിന് എടുക്കാനാവില്ല. നിയമാവലി പ്രകാരം പോൾ കടക്കുന്നത് പരിഗണിച്ചാണ് വിജയിയെ പ്രഖ്യാപിച്ചത്. നെഹ്റു ട്രോഫിയുടെ ചരിത്രത്തിൽ ആദ്യമാണ് ഇത്തരം ഒരു സംഭവമുണ്ടാകുന്നത്. അതിനാലാണ് രണ്ടും മൂന്നും സ്ഥാനം നേടിയ ചുണ്ടൻ വള്ളങ്ങളുടെയും ക്ലബുകളുടെയും പരാതി കേട്ടതെന്ന് ജില്ല കലക്ടർ അലക്സ് വർഗീസ് പറഞ്ഞു.
നെഹ്റു ട്രോഫി വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടനാണ് (4.29.785) ജേതാവായത്. വി.ബി.സി കൈനകരിയുടെ വീയപുരം ചുണ്ടൻ (4.29.790) രണ്ടും കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ (4.30.13) മൂന്നും നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ (4.30.56) നാലും സ്ഥാനം നേടി.
സമയത്തിൽ അട്ടിമറിയെന്ന് വി.ബി.സി കൈനരി, വീയപുരം ചുണ്ടൻവള്ള സമിതി
ആലപ്പുഴ: നെഹ്റു ട്രോഫി ഫൈനൽ മത്സരത്തിലെ സമയത്തിൽ അട്ടിമറി നടത്തിയാണ് കാരിച്ചാൽ ചുണ്ടൻ വിജയിച്ചതെന്ന് വി.ബി.സി കൈനകരി, വീയപുരം ചുണ്ടൻ വള്ളസമിതി ഭാരവാഹികൾ ആരോപിച്ചു.
കാരിച്ചാൽ ചുണ്ടനെ വിജയിയായി പ്രഖ്യാപിച്ച ജൂറി ഓഫ് അപ്പീൽ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇവർ. എൻ.ടി.ബി.ആർ സൊസൈറ്റി ആർക്കോ വേണ്ടി ചലിക്കുന്ന പാവകളാണ്. കലക്ടർക്ക് നൽകിയ പരാതി ജൂറി ഓഫ് അപ്പീൽ തള്ളിയെന്ന് പറയുന്നതിൽ അർഥമില്ല. വിഡിയോ അടക്കമുള്ള തെളിവുകൾ സഹിതം ഹൈകോടതിയെ സമീപിക്കും. പുന്നമടയിൽ ട്രാക്ക് അളക്കുന്നത് മുതൽ ടൈമിങ് അടക്കമുള്ള സംവിധാനത്തിൽ അട്ടിമറിയുണ്ട്. സമയത്തിൽ അട്ടിമറി നടത്തിയാണ് കാരിച്ചാലിനെ വിജയിയായി പ്രഖ്യാപിച്ചത്. രേഖാമൂലം ചോദിച്ച ചില കാര്യങ്ങൾക്ക് മറുപടി നൽകിയിട്ടില്ല. നിയമാവലിയിൽ പറയുന്നത് ആദ്യം പോൾ കടക്കുന്നവരാണെന്നാണ്. പിന്നീടത് അദൃശ്യമായ ഡിവൈസിൽ തൊടുമ്പോഴാണെന്ന് പറയുന്നു.
ദിവസങ്ങളായി ചർച്ച നടത്തിയിട്ടും കൃത്യമായ ഫലം പ്രഖ്യാപിക്കാനായിട്ടില്ലെന്ന് വീയപുരം ചുണ്ടൻ ക്യാപ്റ്റൻ പി.വി. മാത്യു, ബി.ജി. ജഗേഷ്, വി.ബി.സി കൈനകരി പ്രസിഡന്റ് സി.ജി. വിജയപ്പൻ, സെക്രട്ടറി സജു സെബാസ്റ്റ്യൻ, അഖിൽദേവ്, ബിജു എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.