നെഹ്റു ട്രോഫി വള്ളംകളി തീയതി പ്രഖ്യാപിക്കണമെന്ന് ക്ലബുകൾ
text_fieldsആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയുടെ തീയതി പ്രഖ്യാപിക്കണമെന്ന് വിവിധ ബോട്ട്ക്ലബുകളുടെയും വള്ളം ഉടമകളുടെയും സംയുക്തയോഗം ആവശ്യപ്പെട്ടു. വയനാട് ദുരന്തപശ്ചാത്തലത്തിൽ മാറ്റിവെച്ച വള്ളംകളി ഉപേക്ഷിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ ഒരുകോടി ധനസഹായം നൽകി നെഹ്റുട്രോഫി നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനക്ക് പിന്നാലെ ചടയംമുറി ഹാളിൽ ചേർന്ന യോഗത്തിലാണ് ഈ നിർദേശം.
നെഹ്റുട്രോഫി ബോട്ട് റേസ് കമ്മിറ്റി (എൻ.ടി.ബി.ആർ) യോഗം ചേർന്ന് തീയതി പ്രഖ്യാപിക്കണം. ഇക്കാര്യത്തിൽ അനിശ്ചിതത്വം പാടില്ല. ഓണക്കാലത്ത് സജീവമാകുന്ന മറ്റ് വള്ളംകളിക്കൊപ്പം സെപ്റ്റംബർ 28ന് പുന്നമടയിൽ നെഹ്റുട്രോഫി നടത്തണം.
ആഗസ്റ്റ് രണ്ടാംശനിയാഴ്ച നടത്തേണ്ട വള്ളംകളി മാറ്റിവെച്ചതോടെ വിവിധവള്ളങ്ങൾക്കും ക്ലബുകൾക്കും വൻബാധ്യതയാണുള്ളത്. ഇത് പരിഹരിക്കാൻ എൻ.ടി.ബി.ആർ സൊസൈറ്റി പ്രത്യേക കമ്മിറ്റി രൂപവത്കരിച്ച് ക്ലബുകൾക്ക് ധനസഹായം നൽകണം. ക്ലബുകളെയും ചുണ്ടൻവള്ളങ്ങളെയും നിലനിർത്തുന്നതിന് സഹായകരമായ സി.ബി.എൽ ഉപേക്ഷിച്ചത് പുനഃപരിശോധിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് ടൂറിസംമന്ത്രി മുഹമ്മദ് റിയാസിനെ നേരിൽകണ്ട് വിഷയം അവതരിപ്പിക്കും. ബോണസ് വർധനയടക്കം പ്രഖ്യാപിക്കുന്നതിനൊപ്പം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടി ആവശ്യപ്പെട്ട് വിശദറിപ്പോർട്ട് സർക്കാറിന് സമർപ്പിക്കും. നെഹ്റുട്രോഫി നടത്തിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ യഥാസമയം സർക്കാറിനെ അറിയിക്കുന്നതിൽ ക്ലബ് ഭാരവാഹികൾക്ക് വീഴ്ചയുണ്ടായതായും അംഗങ്ങൾ വിമർശമുന്നയിച്ചു. വള്ളംകളി അനിശ്ചിതമായി നീണ്ടുപോയാൽ ബഹിഷ്കരിക്കുമെന്ന് ചില അംഗങ്ങൾ മുന്നറിയിപ്പുനൽകി.
കേരള ബോട്ട് ക്ലബ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.എം. ഇക്ബാൽ, കെ.എ. പ്രമോദ്, ജയപ്രസാദ്, പി.ആർ. പത്മകുമാർ, സജു സെബാസ്റ്റ്യൻ, അഖിൽ ദിവാനന്ദൻ, അശ്വന്ത്, മിഥുൻ കുമരകം, അമ്പിളി കുമരകം, അജയ്ഘോഷ്, പി.ഐ. എബ്രഹാം, റിക്സൺ എന്നിവർ പങ്കെടുത്തു.
നീണ്ടുപോയാൽ സമരമെന്ന് വള്ളംകളി സംരക്ഷണസമിതി
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളി അനിശ്ചിതമായി നീണ്ടുപോയാൽ സമരം നടത്തുമെന്ന് വള്ളംകളി സംരക്ഷണസമിതി. വള്ളംകളിയുടെ തീയതി ഉടൻ പ്രഖ്യാപിക്കുന്നതിനൊപ്പം ഉപേക്ഷിച്ച സി.ബി.എൽ മത്സരം നടത്തണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച ഉച്ചക്ക് 12ന് ജില്ലകലക്ടർക്ക് നിവേദനം നൽകും. ചർച്ചയിൽ പരിഹാരമുണ്ടായില്ലെങ്കിൽ സമരം നടത്താനാണ് തീരുമാനം.
വള്ളംകളി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി റിയാസ്
ആലപ്പുഴ: വള്ളംകളി പ്രേമികളുടെ പ്രതിഷേധം കനത്തതിന് പിന്നാലെ നെഹ്റുട്രോഫി വള്ളംകളി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നെഹ്റു ട്രോഫി വള്ളംകളി മത്സരം ടൂറിസം വകുപ്പല്ല സംഘടിപ്പിക്കുന്നതെന്ന് പറഞ്ഞാണ് തുടങ്ങുന്നത്. കലക്ടർ ചെയർമാനായുള്ള നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയാണ് വള്ളംകളിയുടെ സംഘാടകർ. ടൂറിസം വകുപ്പ് നെഹ്റുട്രോഫി വള്ളംകളിക്ക് ധനസഹായം നൽകാറുണ്ട്. കഴിഞ്ഞ വർഷം ഒരുകോടി രൂപയാണ് അനുവദിച്ചത്. നെഹ്റു ട്രോഫി വള്ളംകളി എപ്പോൾ നടത്താൻ തീരുമാനിച്ചാലും ടൂറിസം വകുപ്പ് എല്ലാനിലയിലും സഹകരിക്കാൻ മുമ്പന്തിയിലുണ്ടാകും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷമാകെ സർക്കാർ ആഘോഷങ്ങൾ വേണ്ട എന്നുതീരുമാനിച്ചിട്ടില്ല. സെപ്റ്റംബറിലെ ഓണാഘോഷ പരിപാടിയാണ് സർക്കാർ വേണ്ടെന്നുവെച്ചത്. വള്ളംകളിയുടെ ജനകീയതയെക്കുറിച്ചും നാടിന്റെ വികാരത്തെക്കുറിച്ചും ടൂറിസം വകുപ്പിന് നല്ല ധാരണയുണ്ടെന്നും മന്ത്രി പറയുന്നു.
സമരവുമായി കൊടിക്കുന്നിൽ സുരേഷ്
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ തീയതി പ്രഖ്യാപിക്കുക, ഗ്രാൻഡ് തുക ഉയർത്തുക എന്നീ ആവശ്യമുന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ കുട്ടനാട് മങ്കൊമ്പ് താലൂക്ക് ആസ്ഥാനത്ത് ജനകീയ പ്രതിഷേധ പരിപാടി നടത്തും. വള്ളംകളി തീയതി സംബന്ധിച്ച് ഉറപ്പും ലഭിക്കാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷസമരവുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തേത് കുപ്രചാരണം -പി.പി. ചിത്തരഞ്ജൻ
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യാപകമായ കുപ്രചാരണങ്ങളാണ് പല കേന്ദ്രങ്ങളും നടത്തുന്നതെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ. എന്‍.ടി.ബി.ആര്. സൊസൈറ്റി യോഗം ചേര്‍ന്ന് തീയതി തീരുമാനിക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷവും ചാമ്പ്യന്‍സ് ബോട്ട് ലീഗും മാറ്റിവെച്ച സാഹചര്യത്തില്‍ പിന്നീട് തീയതി ആലോചിക്കുമെന്ന നിലപാട് മാത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ വള്ളംകളി പ്രേമികളില്‍ ആശങ്ക ഉണ്ടാക്കാനും തെറ്റിദ്ധാരണ പരത്താനുമാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.