ആവേശം വാനോളം; ആരു ജയിച്ചാലും ‘ചെലവേറെ’
text_fields‘‘വള്ളംകളി മത്സരദിനത്തിൽ വെറുതെ വന്ന് തുഴഞ്ഞാൽ കപ്പടിക്കാനാവില്ല. മികച്ച പരിശീലനത്തിലൂടെ ഓരോ തുഴച്ചിലുകാരനെയും മാനസ്സികമായും ശാരീരികമായും ഒരുക്കണം. അതിന് ഇത്തവണ സമയം കിട്ടിയില്ലെന്നാണ് ക്ലബുകാരുടെ പ്രധാന പരാതി. ഓരോ വള്ളംകളി സീസണിലും ക്ലബുകളും കരക്കാരും ചെലവഴിക്കുന്നത് ലക്ഷങ്ങളാണ്. ചുണ്ടൻവള്ളം മത്സരത്തിനിറക്കാൻ ക്ലബുകാർ ചെലവിടുന്നത് 45 മുതൽ 80 ലക്ഷം വരെയാണ്. കൊച്ചുവള്ളങ്ങളിൽ തുഴഞ്ഞുനടക്കുന്ന കാലം മുതൽ കുട്ടനാട്ടുകാരന്റെ ഉള്ളിൽ ചുണ്ടനോട് ഒരുകൊതി പിറക്കും. ആ കൊതി തീർക്കാനാണ് കരക്കാർ പിരിവെടുത്ത് ചുണ്ടൻവള്ളം വാങ്ങുന്നതിലേക്ക് എത്തിക്കുന്നത്.
ഓരോ സീസണിന് മുമ്പ് വള്ളത്തിന്റെ അറ്റകുറ്റപ്പണിക്ക് വൻതുകയാണ് ചെലവഴിക്കുന്നത്. കേട് തീർക്കുന്നതും മോടി കൂട്ടുന്നതുമെല്ലാം ഇതിൽപെടും. ഇതിനോട് കിടപിടിക്കാനാകാതെ നിന്നുപോയ ക്ലബുകൾ പലതും മത്സരരംഗം വിട്ടുപോയി. കൈയിലുള്ളത് നുള്ളിപ്പെറുക്കിയും കടം വാങ്ങിച്ചും വള്ളംകളിക്ക് കരക്കാരെ തന്നെ ഇറക്കിയും മത്സരത്തിന് എത്തുന്നവർ വിരളമാണ്. നെഹ്റു ട്രോഫിയിൽ ഇക്കുറി മത്സരിക്കുന്നത് 19 ചുണ്ടൻ അടക്കം 73 വള്ളങ്ങളാണ്.
തുഴക്കരുത്ത് കാട്ടാൻ തുഴച്ചിലുകാർ
മത്സര വള്ളംകളിക്ക് തുഴക്കരുത്ത് നിർണായകമാണ്. കരുത്തുകാട്ടാൻ നല്ല കായികാധ്വാനവും വേണം. ചുണ്ടൻ വള്ളങ്ങളുടെ പരിശീലന ക്യാമ്പുകളിൽ തുഴച്ചിലുകാർക്ക് പ്രത്യേക ഭക്ഷണമാണ് നൽകുന്നത്. പുലർച്ച തുടങ്ങുന്ന പരിശീലനത്തിന്റെ കൃത്യമായ ഇടവേളകളിലാണ് ഭക്ഷണം നൽകുന്നത്. കരയിലെ ചെറിയ കായിക പരിശീലനങ്ങള്ക്ക് പിന്നാലെയാണ് കായലിലെ വള്ളത്തിലെ തുഴച്ചിൽ. ചൂണ്ടപ്പനയുടെ ആര് നോക്കിയാണ് തുഴ നിർമാണത്തിനുള്ള പന എടുക്കുന്നത്. പ്രത്യേക പണിയായുധങ്ങൾ ഉപയോഗിച്ച് പനത്തടിയുടെ ചോറ് കളഞ്ഞ്, ചെത്തിയെടുത്ത് ചിന്തേരിട്ട് മിനുസ്സപ്പെടുത്തും. ചുണ്ടൻ വള്ളങ്ങളുടെ കൂമ്പിലും കട്ടപ്പടിയെന്ന് പറയുന്ന പിൻഭാഗത്തും പരമ്പരാഗത തുഴകളാണ് ഉപയോഗിക്കുക. മധ്യഭാഗത്തെ തുഴച്ചിലുകാർ മങ്കൂസ് തുഴയും ഉപയാഗിക്കും. ചുണ്ടൻവള്ളത്തിന്റെ സഞ്ചാരം നിയന്ത്രിക്കുന്നത് എണ്ണംപറഞ്ഞ അഞ്ച് അമരക്കാരാണ്.
തുഴച്ചിലുകാരെ ‘കാത്തുകാത്ത്’
ക്ലബുകളുടെ വെല്ലുവിളി തുഴക്കാരെ സംരക്ഷിക്കുകയെന്നതാണ്. പരിശീലനം നടത്തുമ്പോഴേക്കും കൂടുതൽ ശമ്പളം നൽകാമെന്ന വാഗ്ദാനം നൽകിയാണ് ഇവർ കൂടെകൂട്ടുന്നത്. തുഴക്കാരെ കൂട്ടത്തോടെ കടത്തുന്ന സംഘവുമുണ്ട്. അതിനാൽ ക്യാമ്പുകൾക്ക് സമീപം കറങ്ങിനടന്നവരെ കരക്കാർ ഓടിച്ചതായും കഥയുണ്ട്. അന്തർ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രഫഷനൽ കായികതാരങ്ങളാണ് തുഴയെറിയാൻ എത്തുന്നത്. വള്ളത്തിലെ ആകെ തുഴക്കാരുടെ 25 ശതമാനം അന്തർ സംസ്ഥാനക്കാരാകാമെന്നതാണ് നിയമം. കായികക്ഷമത സ്ഥിരമായി നിലനിർത്തുന്ന അന്തർ സംസ്ഥാനത്തെ കായികതാരങ്ങൾക്കൊപ്പം നാട്ടിൻപുറത്തെ മലയാളികളെയും കൂടെചേർത്ത് 50 ‘കരുത്തരായ’ തുഴക്കാരെ ഒപ്പിച്ചാൽ ടീം കപ്പടിക്കുമെന്നാണ് പുതിയ പാഠം. (തുടരും)
അയ്യടാ പോയെടാ, താളത്തിൽ തുഴയെടാ...
വള്ളങ്ങളുടെ തുഴച്ചിലിനും വിവിധ ശൈലികളുണ്ട്. ചുണ്ടൻവള്ളം തുഴയുന്ന ടീമിന് എല്ലാ രീതികളും പരിശീലിപ്പിക്കും. 20 മീറ്റർ വീതിക്കുള്ളിൽ നാലുചുണ്ടൻ വള്ളങ്ങൾ തുഴഞ്ഞെത്തുമ്പോൾ തുഴകൾ പരസ്പരം കൂട്ടിമുട്ടാതെ താളം തെറ്റിക്കാതെ തുഴച്ചിലാണ് ഇതിൽ പ്രധാനം. കൊത്തിവലിക്കുകയെന്ന പഴമക്കാർ പറയുന്ന കുട്ടനാടൻ ശൈലിയാണ് ഒന്നാമത്. മിനിറ്റിൽ 100-120 തുഴകളിടുന്ന ഇടത്താളം എന്ന രീതിയാണിത്. മിനിറ്റിൽ 96-106 തുഴകളിലിടുന്ന കുമരകം ശൈലിയാണ് മറ്റൊന്ന്. ഇതിനെ പെരുക്കത്താളം എന്നാണ് അറിയപ്പെടുന്നത്. അയഞ്ഞതാളത്തിൽ നീട്ടിവലിക്കുന്ന കൊല്ലം ശൈലിയിൽ മിനിറ്റില് 60 തുഴകളിടുന്ന രീതിയാണിത്. ഇടിയുടെ താളത്തിനനുസരിച്ച് തുഴയിടുന്ന ഇടിത്താളമുണ്ട്. തുഴച്ചിലുകാരുടെ കരുത്തിലാണ് വിജയം കൂടെപോരുന്നത്.
പുലർച്ച അഞ്ചര മുതൽ ദിനചര്യകൾ തുടങ്ങും. ദിവസം ഒന്നിലേറെ തവണ തുഴച്ചിൽ പരിശീലനം. മത്സരത്തോട് അടുക്കുമ്പോൾ ഇതിൽ ഏറ്റക്കുറച്ചിൽ വരുത്തും. തുഴച്ചിൽ പരിശീലനത്തിനൊപ്പം ശാരീരിക വ്യായാമങ്ങളുമുണ്ടാകും. 18-35 പ്രായപരിധി വരുന്നവരിൽ കായികക്ഷമതയുള്ളവർക്കും നേരത്തേ തുഴഞ്ഞിട്ടുള്ളവർക്കും മുൻഗണന. ആദ്യം നദിയിൽ കെട്ടിയ പടങ്ങിലും പിന്നീട് വള്ളത്തിലും. നിലക്കാർ ഇട്ടുനൽകുന്ന താളത്തിലാണ് തുഴയേണ്ടത്. സർവശക്തിയുമെടുത്ത് തളരാതെ തുഴയുന്നവരെ പ്രത്യേകം പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.