നെഹ്റുട്രോഫി: കളംമാറി ക്ലബുകൾ; പോരിനൊരുങ്ങി ജലരാജാക്കന്മാർ
text_fieldsആലപ്പുഴ: പുന്നമടയിലെ പോരിലൂടെ നെഹ്റുട്രോഫിയിൽ മുത്തമിടാൻ കളംമാറ്റി ചവിട്ടി ക്ലബുകൾ. കഴിഞ്ഞവർഷം ഹാട്രിക് കിരീടത്തിൽ മുത്തമിട്ട കുട്ടനാട്ടുകാരുടെ ഹൃദയതാളമായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് (പി.ബി.സി) ഇക്കുറി പോരിനിറങ്ങുന്നത് ‘വീയപുരം’ ചുണ്ടനിലാണ്. 2022 നെഹ്റുട്രോഫിയിലും രണ്ടാം ചാമ്പ്യൻസ് ബോട്ട് ലീഗിലും ജലരാജാവായി തിളങ്ങുന്ന മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടനുവേണ്ടി തുഴയുന്നത് കേരള പൊലീസാണ്. പ്രബലരായ യു.ബി.സി കൈനകരി നടുഭാഗം ചുണ്ടനിലാണ് മാറ്റുരക്കുന്നത്.
ജലചക്രവർത്തി കാരിച്ചാലിനുവേണ്ടി എത്തുന്നത് കൈനകരി വില്ലേജ് ബോട്ട് ക്ലബാണ്. സെന്റ് പയസ് ചുണ്ടനിൽ പോരിനിറങ്ങുന്നത് നിരണം ബോട്ട് ക്ലബാണ്. കുമരകം ടൗൺ ബോട്ട് ക്ലബ് ചമ്പക്കുളത്തിലും എൻ.സി.ഡി.സി നിരണം ചുണ്ടനിലും സമുദ്ര ബോട്ട് ക്ലബ് ആനാരിയിലും വേമ്പനാട് ബോട്ട് ക്ലബ് ചെറുതനയിലും കുമരകം ബോട്ട് ക്ലബ് പായിപ്പാട് ചുണ്ടനിലും ആലപ്പി ടൗൺ ബോട്ട് ക്ലബ് തലവടി ചുണ്ടനിലും പുന്നമട ബോട്ട് ക്ലബ് ദേവസ് ചുണ്ടനിലും തുഴയാനെത്തുന്നു.
വള്ളങ്ങളുടെ രജിസ്ട്രേഷൻ നാളെ അവസാനിക്കും
നെഹ്റുട്രോഫി ജലോത്സവത്തിന് വള്ളങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള അവസാനദിവസം ചൊവ്വാഴ്ച അവസാനിക്കും. രജിസ്ട്രേഷൻ തീയതി നീട്ടാനുള്ള സാധ്യതയുണ്ട്.
കഴിഞ്ഞവർഷം സെപ്റ്റംബർ നാലിന് പുന്നമടയിൽ നടന്ന ജലോത്സത്തിൽ 79 വള്ളങ്ങളാണ് രജിസ്റ്റർ ചെയ്തത്. 22 ചുണ്ടനുമുണ്ടായിരുന്നു. സ്പോൺസർമാരെ കണ്ടെത്താനുള്ള അവസാനവട്ട ചർച്ചകളും നടക്കുന്നുണ്ട്. 2019ൽ നടന്ന നെഹ്റുട്രോഫിൽ 23 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 78 വള്ളങ്ങൾ പങ്കെടുത്തിരുന്നു. അവസാനദിവസങ്ങളിൽ കൂടുതൽ വള്ളങ്ങൾ രജിസ്ട്രേഷന് എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ശനിയാഴ്ച വരെ 28 വള്ളങ്ങളാണ് രജിസ്റ്റർ ചെയ്തത്. ചുണ്ടൻ, ചുരുളൻ, ഇരുട്ടുകുത്തി എ, ഇരുട്ടുകുത്തി ബി, ഇരുട്ടുകുത്തി സി, വെപ്പ് എ, വെപ്പ് ബി, തെക്കനോടി (തറ), തെക്കനോടി (കെട്ട്) എന്നിങ്ങനെയാണ് മത്സരങ്ങൾ.
പ്രിന്റ് ചെയ്ത ടിക്കറ്റ് വിൽപന ഇന്ന് മുതൽ
നെഹ്റുട്രോഫി വള്ളംകളിയുടെ ഹോളാഗ്രാം പതിച്ച പ്രിന്റ് ചെയ്ത ടിക്കറ്റുകളുടെ വിൽപന തിങ്കളാഴ്ച മുതൽ തുടങ്ങും. സി.ഡിറ്റാണ് ടിക്കറ്റുകൾക്ക് ഹോളോഗ്രാം ലഭ്യമാക്കുന്നത്.
നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സജ്ജമാക്കുന്ന കൗണ്ടറുകൾക്ക് പുറമേ വിവിധ സർക്കാർ ഓഫിസുകൾ വഴിയും ടിക്കറ്റ് വിൽക്കും. ഓൺലൈൻ ടിക്കറ്റ് വിൽപന നേരത്തേ ആരംഭിച്ചിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്ക്, ടിക്കറ്റ് ജീനി, പേടിഎം, ഇൻസൈഡർ എന്നിവ വഴിയാണ് ഓൺലൈൻ വിൽപന. ടൂറിസ്റ്റ് ഗോൾഡ് (നെഹ്റു പവിലിയൻ)- 3000 രൂപ, ടൂറിസ്റ്റ് സിൽവർ (നെഹ്റു പവിലിയൻ)- 2500 രൂപ, റോസ് കോർണർ (കോൺക്രീറ്റ് പവിലിയൻ)- 1000 രൂപ, വിക്ടറി ലൈൻ (വുഡൻ ഗാലറി)- 500 രൂപ, ഓൾ വ്യൂ (വുഡൻ ഗാലറി)- 300 രൂപ, ലേക് വ്യൂ (വുഡൻ ഗാലറി)- 200 രൂപ, ലോൺ-100 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.