നഗരത്തിലേക്ക് ഇനി നടന്നെത്താം; നെഹ്റുട്രോഫി ‘നടപ്പാലം’ ഫിനിഷിങ്ങിലേക്ക്
text_fieldsനെഹ്റുട്രോഫി വള്ളംകളി സ്റ്റാർട്ടിങ് പോയന്റിൽ നിർമാണം അവസാന ഘട്ടത്തിലെത്തിയ നടപ്പാലം
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയുടെ സ്റ്റാർട്ടിങ് പോയന്റിലെ ‘നടപ്പാലം’ ഫിനിഷിങ്ങിലേക്ക്. ആലപ്പുഴ നഗരസഭ കരളകം-നെഹ്റു ട്രോഫി വാർഡുകളെ ബന്ധിപ്പിക്കുന്നതിന് അമൃത് വണ്‍ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലത്തിന്റെ നിർമാണം. പുന്നമട കായലിലെ ഹൗസ്ബോട്ട് യാത്രയെ ബാധിക്കാത്ത തരത്തിൽ സ്റ്റീൽ ഫാബ്രിക്കേഷനിലാണ് നടപ്പാലം രൂപകൽപന ചെയ്തിട്ടുള്ളത്. 61 മീറ്ററാണ് പാലത്തിന്റെ നീളം. 3,50,95,781 രൂപയാണ് ചെലവ്. നിലവിൽ 80 ശതമാനം പ്രവൃത്തികൾ പൂര്‍ത്തിയായി. പൈലിങ്, പൈൽ ക്യാപ്, കോളം, ബീം പ്രവൃത്തികൾ പൂർത്തീകരിച്ചു.
സ്റ്റീൽ ഫാബ്രിക്കേഷൻ പ്രവൃത്തികൾ നടത്തി സ്റ്റീൽ സ്ട്രക്ചർ ഇരുകരയെയും ബന്ധിപ്പിച്ച് സ്ഥാപിച്ചു. പാലത്തിലേക്ക് കയറുന്നതിനുള്ള പടികൾ, പ്ലാറ്റ്ഫോം, വൈദ്യുതിവിളക്ക് സ്ഥാപിക്കൽ എന്നീ പ്രവൃത്തികളാണ് ബാക്കിയുള്ളത്. ഈ മാസം അവസാനത്തോടെ മുഴുവൻ പണിയും പൂർത്തിയാക്കുകയാണ് ലക്ഷ്യം. നഗരത്തിൽനിന്ന് ഒറ്റപ്പെട്ട് കഴിയുന്നവർക്ക് നെഹ്റുട്രോഫി വാർഡ് നിവാസികളുടെ യാത്രാദുരിതത്തിന് പുതിയ നടപ്പാലം പരിഹാരമാകും.
കടത്തുവള്ളത്തെ ആശ്രയിക്കാതെ ഇനി നഗരത്തിലേക്ക് നടന്നെത്താമെത്തതാണ് സവിശേഷത. അമൃത് പദ്ധതിയിൽ അർബൻ ട്രാൻസ്പോർട്ട് വിഭാഗത്തിൽ 2018ൽ നടപ്പാലത്തിന് അനുമതി ലഭിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ അത് മുടങ്ങി. നടപ്പാലത്തിന്റെ തൂണുകൾക്കിടയിൽ 50 മീറ്റർ അകലമുണ്ടാകും. പുന്നമടയിലൂടെ ദേശീയ ജലപാത കടന്നുപോകുന്നതിനാൽ ജലനിരപ്പിൽനിന്ന് ആറ് മീറ്റർ ഉയരത്തിലാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.