നെഹ്റു ട്രോഫി; വൻ സുരക്ഷയൊരുക്കി പൊലീസ്
text_fieldsആലപ്പുഴ: ഞായറാഴ്ച പുന്നമടക്കായലില്‍ നടക്കുന്ന 68ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണവും വൻ സുരക്ഷയുമൊരുക്കി പൊലീസ്.
പുന്നമടയും പരിസരങ്ങളും 15 സെക്ടറുകളായി തിരിച്ച് ജില്ല പൊലീസ് മേധാവി ജി. ജയ്ദേവിെൻറ നേതൃത്വത്തില്‍ 20 ഡിവൈ.എസ്.പി, 50 ഇൻസ്പെക്ടർ, 465 എസ്.ഐ എന്നിവരുൾപ്പെടെ രണ്ടായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.
കായലിലെ സുരക്ഷക്കായി 50 ബോട്ടുകളിലായി പ്രത്യേകം പൊലീസുകാരെ നിയോഗിക്കും. സുരക്ഷയുടെ ഭാഗമായി പുന്നമടഭാഗം പൂർണമായും സി.സി ടി.വി കാമറ നിരീക്ഷണത്തിലായിരിക്കും.
സ്റ്റാർട്ടിങ് പോയന്‍റില്‍ സ്റ്റാര്‍ട്ടേഴ്സിെൻറയും ഒഫീഷ്യല്‍സിെൻറയും നിർദേശങ്ങള്‍ അവഗണിക്കുന്നവരെ അയോഗ്യരാക്കുന്നതും അവര്‍ക്കുള്ള ബോണസ് ആനുകൂല്യങ്ങള്‍ നിരസിക്കുന്നതടക്കം കര്‍ശന നടപടി സ്വീകരിക്കും. വള്ളംകളിയുടെ നിയമാവലികള്‍ അനുസരിക്കാത്ത വള്ളങ്ങളെയും അതിലുള്ള തുഴക്കാരെയും കണ്ടെത്താനും മറ്റ് നിയമലംഘകരെ കണ്ടെത്താനും വിഡിയോ കാമറകൾ സജ്ജമാക്കിയിട്ടുണ്ട്.
മത്സരസമയം കായലില്‍ ചാടി മത്സരം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവരെ മത്സരം അലങ്കോലപ്പെടുത്തുന്നവരെയും അറസ്റ്റ് ചെയ്യും. പാസുള്ളവരെ കടത്തിവിടാൻ ഫിനിഷിങ് പോയന്‍റിലെ പ്രധാന കവാടത്തിലേക്കുള്ള റോഡില്‍ ബാരിക്കേഡ് സ്ഥാപിക്കും
പാസ്, ടിക്കറ്റ് എന്നിവയുമായി പവിലിയനില്‍ പ്രവേശിച്ചാൽ വള്ളംകളി തീരുന്നതിനുമുമ്പ് പുറത്തുപോയാല്‍ പിന്നീട് തിരികെ പ്രവേശിപ്പിക്കില്ല. രാവിലെ എട്ടിനുശേഷം ഒഫീഷ്യല്‍സിെൻറ അല്ലാത്ത ബോട്ടുകളും സ്പീഡ് ബോട്ടുകളും വള്ളങ്ങളും മത്സര ട്രാക്കില്‍ പ്രവേശിക്കാന്‍ പാടില്ല.
അപ്രകാരം പ്രവേശിക്കുന്ന വള്ളങ്ങൾ പിടിച്ചുകെട്ടി നിയമനടപടി സ്വീകരിക്കും. ജലയാനങ്ങളുടെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും കുറഞ്ഞത് മൂന്ന് വര്‍ഷത്തേക്ക് സസ്പെൻഡ് ചെയ്യും. അനൗൺസ്മെന്‍റ്, പരസ്യ ബോട്ടുകള്‍ എന്നിവ രാവിലെ എട്ടിനുശേഷം ട്രാക്കിലും പരിസരത്തും സഞ്ചരിക്കാൻ പാടില്ല.
അത്തരം ബോട്ടുകള്‍ മൈക്ക് സെറ്റ് സഹിതം പിടിച്ചെടുക്കും. രാവിലെ 10നു ശേഷം ഡി.ടി.പി.സി ജെട്ടി മുതല്‍ പുന്നമടക്കായലിലേക്കും തിരിച്ചും ബോട്ട് സർവിസ് നടത്താൻ അനുവദിക്കില്ല. വള്ളംകളി കാണാന്‍ ബോട്ടിലെത്തുന്നവര്‍ രാവിലെ 10ന് സ്ഥലത്ത് എത്തണം. വള്ളംകളി നടക്കുന്ന സ്ഥലത്തും പരിസരങ്ങളിലും മദ്യപാനം തടയാൻ പരിശോധന നടത്താൻ ഷാഡോ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.
പവിലിയനിലേക്ക് പോകുന്നവർ ഡി.ടി.പി.സി ജെട്ടിയിൽ എത്തണം
ആലപ്പുഴ: ടൂറിസ്റ്റ് ഗോള്‍ഡ്, സില്‍വര്‍ പാസുകള്‍ എടുത്തിട്ടുള്ളവര്‍ ബോട്ടില്‍ നെഹ്റു പവിലിയനിലേക്ക് പോകാൻ രാവിലെ 10ന് ഡി.ടി.പി.സി ജെട്ടിയില്‍ എത്തണം. വള്ളംകളി കാണാൻ ബോട്ട് ഉള്‍പ്പെടെ പാസ് എടുത്തിട്ടുള്ളവരും രാവിലെ പത്തിന് മുമ്പ് എത്തണം.
ഹരിതചട്ടം പാലിച്ചാണ് വള്ളംകളി നടത്തുന്നത്. ഗാലറികളില്‍ പ്രവേശിക്കുന്നവരും കരയില്‍ നില്‍ക്കുന്നവരും കനാലിലേക്കും കായലിലേക്കും പ്ലാസ്റ്റിക് കുപ്പികൾ, മറ്റ് മാലിന്യങ്ങളും വലിച്ചെറിയരുത്. രാവിലെ 10നുശേഷം ഡി.ടി.പി.സി ജെട്ടി മുതല്‍ പുന്നമട കായലിലേക്കും തിരിച്ചും ബോട്ട് സര്‍വിസ് അനുവദിക്കില്ല.
നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ ആലപ്പുഴ നഗരത്തില്‍ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
രാവിലെ ആറ് മുതല്‍ ആലപ്പുഴ നഗരത്തില്‍ ജനറല്‍ ആശുപത്രി ജങ്ഷനു വടക്കുവശം മുതല്‍ കൈചൂണ്ടി ജങ്ഷന്‍, കൊമ്മാടി ജങ്ഷന്‍ വരെയുള്ള റോഡരികിൽ പാര്‍ക്കിങ് അനുവദിക്കില്ല. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കി ഉടമയില്‍നിന്ന് പിഴ ഈടാക്കും.
രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ ജില്ല കോടതി വടക്കേ ജങ്ഷൻ മുതല്‍ കിഴക്കോട്ട് തത്തംപള്ളി കായല്‍ കുരിശടി ജങ്ഷന്‍ വരെ വാഹന ഗതാഗതം അനുവദിക്കില്ല. കൂടാതെ വൈ.എം.സി.എ തെക്കേ ജങ്ഷന്‍ മുതല്‍ കിഴക്ക് ഫയര്‍ഫോഴ്സ് ഓഫിസ് വരെയുള്ള ഭാഗം കെ.എസ്.ആര്‍.ടി.സി ഒഴികെയുള്ള വാഹനങ്ങളുടെ ഗതാഗതവും അനുവദിക്കില്ല.
ആലപ്പുഴ തണ്ണീര്‍മുക്കം റോഡിലൂടെ വടക്കുഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ എസ്.ഡി.വി സ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. എറണാകുളം ഭാഗത്തുനിന്ന് ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങള്‍ കൊമ്മാടി, ശവക്കോട്ടപ്പാലം വടക്കേ ജങ്ഷന്‍ വഴി എസ്.ഡി.വി സ്കൂള്‍ ഗ്രൗണ്ടിലെത്തി പാര്‍ക്ക് ചെയ്യണം.
ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് കൈതവന ഭാഗത്തുകൂടി വരുന്ന വാഹനങ്ങള്‍ കാര്‍മല്‍, സെന്‍റ് ആന്‍റണീസ് സ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. വള്ളംകളി കഴിഞ്ഞ് നെഹ്റു പവിലിയനില്‍നിന്നും തിരികെ പോകുന്നവര്‍ക്കായി ജലഗതാഗത വകുപ്പിെൻറ യാത്രബോട്ടുണ്ട്.
വള്ളംകളിയുടെ തലേദിവസം മുതല്‍ വാഹന ഗതാഗതവും പാര്‍ക്കിങ്ങും നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. മത്സര സമയം അധികൃതരുടെ അനുവാദമില്ലാതെ ഡ്രോണുകള്‍ ഉപയോഗിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.