നെഹ്റു ട്രോഫി: ടിക്കറ്റ് വിൽപന 72 ലക്ഷം
text_fieldsആലപ്പുഴ: ഇക്കുറി നെഹ്റുട്രോഫി വള്ളംകളിക്ക് വിറ്റത് 72ലക്ഷം രൂപയുടെ ടിക്കറ്റ്. എൻ.ടി.ബി.ആർ മുഖേന സർക്കാർ ഓഫിസുകൾ വഴിയും അല്ലാതെയും വിറ്റ ടിക്കറ്റിന്റെ അന്തിമ കണക്ക് പുറത്തുവിട്ടു. സംഘാടകൾ പ്രതീക്ഷിച്ചതിനും അപ്പുറമാണ് ഈ നേട്ടം. രണ്ടാഴ്ചത്തെ ടിക്കറ്റ് വിൽപനയിലൂടെയാണ് ഇത്രയും തുക സമാഹരിച്ചത്. 2017ൽ 80ലക്ഷം രൂപയുടെ ടിക്കറ്റ് വിറ്റതാണ് സർവകാല റെക്കോഡ്. അന്ന് മാസങ്ങൾ സമയമെടുത്താണ് ടിക്കറ്റ് വിൽപന പൂർത്തിയാക്കിയത്.
വെള്ളപ്പൊക്കത്തിൽ 2019 ആഗസ്റ്റ് അവസാനവാരം നടന്ന വള്ളംകളിക്ക് 36ലക്ഷം രൂപയുടെ ടിക്കറ്റ് വിറ്റു. നെഹ്റു ട്രോഫി വള്ളംകളിക്കൊപ്പം ഓണാഘോഷവും ഒരുമിച്ചെത്തിയതോടെയാണ് പ്രചാരണപരിപാടി സജീവമായത്. പ്രചാരണത്തിന് വളരെ ചുരുങ്ങിയ സമയം കിട്ടിയിട്ടും സമൂഹമാധ്യമങ്ങളിലടക്കം വള്ളംകളി നിറച്ചാണ് പുന്നമടയിലേക്ക് വൻജനക്കൂട്ടത്തെ എത്തിച്ചത്.
കയാക്കിങ്, ട്രോഫി ടൂർ, സൈക്ലിങ്, ബീച്ച് റൺ, ഫുട്ബാൾ മത്സരം, ഫോട്ടോ ബൂത്ത്, പായസമേള, ഉൽപന വിൽപന, കെ.എസ്.ആർ.ടി.സി പരസ്യം, സോഷ്യൽ മീഡിയ പ്രചാരണം, വ്ലോഗർമാരുടെ പ്രചാരണം, കോഫി ടേബിൾ ബുക്ക്, ബ്രൗഷറുകൾ, മേജർ ബാൻഡ് മേളം തുടങ്ങിയവും കൊഴുപ്പേകി.
വിവിധ സാംസ്കാരിക പരിപാടികളും നഗരവീഥികളും കനാലുകളും വ്യാപാര സ്ഥാപനങ്ങളും ദീപത്താൽ അലങ്കരിച്ചും ചെറുവള്ളങ്ങൾ അണിനിരന്ന ജലഘോഷയാത്രയും കേരളത്തനിമ നിലനിർത്തുന്ന കലാരൂപങ്ങൾ കോർത്തിണക്കിയ സാംസ്കാരിക ഘോഷയാത്രയും ജനമനസ്സുകളിൽ ഇടംപിടിച്ചതും ആൾത്തിരക്കിന് കാരണമായി. വള്ളംകളി കാണാൻ കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസ് നടത്തിയതും ഗുണകരമായി.ടിക്കറ്റ് വിൽപനയിലൂടെയും സ്പോൺസർഷിപ്പിലൂടെയും ഒരു കോടിയിലേറെ തുകയാണ് സമാഹരിച്ചത്. വിനോദസഞ്ചാരവകുപ്പിൽനിന്ന് സംഘാടകർക്ക് ഒരുകോടിയും ലഭിച്ചു. ഈ തുകയിൽനിന്ന് മത്സരത്തിൽ പങ്കെടുത്ത വള്ളങ്ങളുടെ ബോണസും മെയിന്റനൻസ് ഗ്രാൻഡും നൽകുന്ന നടപടി പുരോഗമിക്കുകയാണ്. 90 ശതമാനം വള്ളങ്ങളും ഇത് വാങ്ങി. ഇനി കുറച്ച് വള്ളങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. വള്ളംകളിയുടെ ടിക്കറ്റ് ഓൺലൈനായും ഓഫ് ലൈനായും വിൽപനയുടെ ചുമതലയും സ്പോൺസർമാരെയും കണ്ടെത്തിയതും നെഹ്റുട്രോഫി ബോട്ട് റേസ് കമ്മിറ്റിക്കായിരുന്നു.
ഹോളോഗ്രാം പതിച്ച 100 മുതൽ 3000 വരെയുള്ള സാധാരണ ടിക്കറ്റുകളാണ് വിറ്റഴിച്ചത്.2019ൽ ടൂറിസം വകുപ്പ് മുഖേന ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) കമ്പനിയാണ് ടിക്കറ്റുകൾ വിറ്റത്. വലിയരീതിയിൽ ടിക്കറ്റ് വിൽക്കാത്തതിനാൽ അന്ന് വൻനഷ്ടമാണുള്ളത്. തുടർന്നാണ് ഇക്കുറി ടിക്കറ്റ് വിൽപനയും സ്പോൺസർമാരെ കണ്ടെത്താനും എൻ.ടി.ബി.ആറിനെ ചുമതലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.