നെഹ്റു ട്രോഫി ജലോത്സവം: ആർപ്പുവിളികൾ വീണ്ടുമുയരുന്നു
text_fieldsആലപ്പുഴ: രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ നെഹ്റു ട്രോഫി വള്ളംകളിക്കായി കായൽപരപ്പൊരുങ്ങുന്നു. അനിശ്ചിതത്വങ്ങൾക്കൊടുവിൽ എന്ന് നടത്തണമെന്നതിൽ തീരുമാനമായതോടെയാണ് വള്ളംകളി പ്രേമികൾ ആവേശത്തിലായത്. നെഹ്റു ട്രോഫിക്കൊപ്പം സി.ബി.എൽ (ചാമ്പ്യൻസ് ബോട്ട് ലീഗ്) കൂടി ആരംഭിക്കുന്നതോടെ ഇനി ആഘോഷത്തിെൻറ നാളുകളാണ്. കോവിഡ്മൂലം രണ്ടുവർഷമായി നെഹ്റു ട്രോഫി നടത്തിയില്ല.
ആഗസ്റ്റിലെ രണ്ടാമത്തെ ശനിയാഴ്ചയാണ് നെഹ്റു ട്രോഫി വള്ളംകളി നടത്താറുള്ളത്. എന്നാൽ, കാലാവസ്ഥ പ്രതികൂലമാകാനിടയുള്ളതുകൂടി കണക്കിലെടുത്ത് സെപ്റ്റംബർ നാലിനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. നെഹ്റുവിെൻറ ജന്മദിനംകൂടി കണക്കിലെടുത്ത് നവംബറിൽ നടത്താൻ ആദ്യം ആലോചിച്ചിരുന്നെങ്കിലും ബോട്ട്ക്ലബുകളുടെയും മറ്റും എതിർപ്പും വിനോദസഞ്ചാര വകുപ്പിന് ആ മാസം മറ്റു പരിപാടികളുള്ളതിനാലും സെപ്റ്റംബർ ഉറപ്പിക്കുകയായിരുന്നു. രാജ്യാന്തരതലത്തിൽ നെഹ്റു ട്രോഫി വള്ളംകളി ടൂറിസം കലണ്ടറുകളിൽ ഇടംനേടിയത് ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ച എന്ന മാറ്റമില്ലാത്ത തീയതിയിലൂടെയാണ്.
കഴിഞ്ഞ വർഷങ്ങളിൽ പ്രളയവും കോവിഡുമാണ് പതിവ് തെറ്റിച്ചത്. ഇത്തവണ അത്തരം ഗൗരവമുള്ള കാരണങ്ങൾ ഇല്ലെങ്കിലും ചാമ്പ്യൻസ് ബോട്ട് ലീഗ് നടത്തിപ്പുകൂടി പരിഗണിച്ചാണ് മാറ്റം. പ്രളയമാണ് വള്ളംകളിയുടെ സമയം ആദ്യം തെറ്റിച്ചത്. 2018ൽ മാറ്റിവെക്കേണ്ടി വന്നെങ്കിലും നവംബറിൽ നടത്തി. 2019ൽ ആഗസ്റ്റ് 31ലേക്ക് മാറ്റേണ്ടിവന്നു. അതോടൊപ്പം ചാമ്പ്യൻസ് ബോട്ട് ലീഗും തുടങ്ങി. അടുത്ത വർഷങ്ങളിൽ (2020, 2021) കോവിഡ് വ്യാപിച്ചതിനാൽ വള്ളംകളി ഉപേക്ഷിക്കുകയായിരുന്നു. മുമ്പും ജലോത്സവം മാറ്റിവെച്ചിട്ടുണ്ട്. സുവർണ ജൂബിലി വർഷമായ 2002ൽ കുമരകം ബോട്ട് ദുരന്തത്തിെൻറ പശ്ചാത്തലത്തിലാണ് മാറ്റിയത്. 1996ൽ കോളറ വ്യാപിച്ചതിനാൽ വള്ളംകളി മാറ്റിവെക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. മുഹമ്മ സ്വദേശി കെ.പി. സുദർശനൻ ഹൈകോടതിയെ സമീപിച്ചെങ്കിലും ഒരുക്കങ്ങൾ പൂർത്തിയായതിനാൽ മാറ്റേണ്ടതില്ലെന്ന് ഉത്തരവിട്ടു. 1988ലും മാറ്റിവെക്കാൻ ആലോചിച്ചു. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി എത്തുമെന്ന സൂചന നിമിത്തം അദ്ദേഹത്തിന് സൗകര്യപ്രദമായ തീയതി നോക്കാം എന്ന കാരണത്താലായിരുന്നു ഇത്. എന്നാൽ, മാറ്റിവെക്കരുതെന്ന് കേന്ദ്ര സർക്കാർ തന്നെ നിർദേശിച്ചു. ഇതെന്തായാലും വള്ളംകളി നടത്താൻ തീരുമാനമായതോടെ തുഴച്ചിൽക്കാരും വള്ളംകളി ക്ലബുകളും ആവേശത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.