നെഹ്റു ട്രോഫി ജലോത്സവം: സ്പീഡ് ബോട്ട് വള്ളമിടിച്ച് മറിഞ്ഞു; മൂന്ന് പൊലീസുകാരെ രക്ഷിച്ചു
text_fieldsആലപ്പുഴ: പുന്നമടയിൽ പൊലീസിന്റെ സ്പീഡ് ബോട്ട് വള്ളമിടിച്ച് മറിഞ്ഞു. മൂന്ന് പൊലീസുകാരെ രക്ഷിച്ചു. ശനിയാഴ്ച ഉച്ചക്ക് 2.30നാണ് സംഭവം. നെഹ്റുട്രോഫി മാസ്ഡ്രില്ലിനായി ചുണ്ടൻവള്ളങ്ങൾ അണിനിരക്കുന്നതിനിടെ ട്രാക്കിലേക്ക് കടന്നെത്തിയ മത്സരത്തിനുള്ള ചുരുളൻ വിഭാഗത്തിലെ ചെറുവള്ളം സ്പീഡ് ബോട്ടിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോട്ട് തലകീഴായി മറിഞ്ഞു. എസ്.ഐ അടക്കമുള്ള മൂന്ന് പൊലീസുകാരാണുണ്ടായിരുന്നത്. സമീപത്ത് നിർത്തിയിട്ടിരുന്ന പായിപ്പാട് വള്ളത്തിലുള്ളവരും സമീപത്തെ ബോട്ടിലുണ്ടായിരുന്ന മറ്റ് പൊലീസുകാരും അഗ്നിരക്ഷാസേനയുടെ റെസ്ക്യുബോട്ടും ഉപയോഗിച്ചാണ് വെള്ളത്തിൽ വീണവരെ രക്ഷിച്ചത്. അൽപനേരം കഴിഞ്ഞ് മറ്റൊരുബോട്ട് എത്തിയാണ് സ്പീഡ് ബോട്ട് മാറ്റിയത്. ചമ്പക്കുളം മൂലം വള്ളംകളിയിൽ വനിതകൾ തുഴഞ്ഞ വള്ളംമറിഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ട്രാക്ക് നിയന്ത്രിക്കാൻ വൻപൊലീസിനെയാണ് വിന്യസിച്ചിരുന്നത്.
ബോട്ടുകളും വള്ളങ്ങളും ട്രാക്കിലേക്ക് എത്തിയില്ലെങ്കിലും വെള്ളത്തിലേക്ക് എടുത്തുചാടിയവർ ഫിനിഷിങ്ങ് പോയന്ററിൽനിന്ന് മാറാൻ തയാറായിരുന്നില്ല. ഇത് നിയന്ത്രിക്കാൻ ജില്ല പൊലീസ് മേധാവിയടക്കമുള്ളവർ സ്പീഡ് ബോട്ടിൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.