നെഹ്റുട്രോഫി; തുഴഞ്ഞുതീരാതെ വിവാദം
text_fieldsആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളി ഫൈനൽ മത്സരം അന്തിമവിശലകനം നടത്താതെ വിജയിയെ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടും പ്രതിഷേധിച്ചവർക്ക് നേരെയുണ്ടായ പൊലീസ് നടപടിയിലും വിവാദം അവസാനിക്കുന്നില്ല. മത്സരഫലം സംബന്ധിച്ച് വി.ബി.സി കൈനകരി (വീയപുരം ചുണ്ടൻ) ഭാരവാഹികൾ ജില്ലകലക്ടർക്ക് പരാതി നൽകി.
വിജയിയെ തെറ്റായി പ്രഖ്യാപിച്ചത് പുനഃപരിശോധിക്കണമെന്നാണ് വി.ബി.സി കൈനകരിയുടെ പ്രധാന ആവശ്യം. അനുകൂലതീരുമാനമുണ്ടായില്ലെങ്കിൽ ഹൈകോടതിയെ സമീപിക്കും. ഫിനിഷിങ് ലൈനിലെ പോളുകൾ ഫൈനലിന് മുമ്പ് സൂക്ഷ്മ പരിശോധന നടത്തി കൃത്യത ഉറപ്പുവരുത്തിയിരുന്നില്ല.
വിവിധ മത്സരങ്ങൾക്കിടിയിൽ ഓളത്തിലൂടെയും ഒഴുക്കിലൂടെയും നീന്തിവന്ന പലരും തുണുകളിൽ പിടിച്ചുകിടന്നതിനാൽ സ്ഥാനചലനമുണ്ടായി. ഈസാഹചര്യത്തിൽ 0.5 മില്ലി സെക്കൻഡിൽ കാരിച്ചാൽ വിജയിയായി പ്രഖ്യാപിച്ചത് അംഗീകരിക്കാനാവില്ല.
ഒരു മില്ലി സെക്കൻഡ് എന്നത് സെക്കൻഡിന്റെ ആയിരത്തിലൊന്നാണ്. കാമറക്ക് 1000 പെർ സെക്കൻഡ് എന്ന റെസല്യൂഷൻ പോര. ദൃശ്യങ്ങളിൽ വീയപുരം ചുണ്ടൻ ആദ്യമെത്തുന്നത് വ്യക്തമാണ്. അതിനാൽ ശാസ്ത്രീയമായ പരിജ്ഞാനവും യോഗ്യതയുമുള്ള മൂന്ന് അംഗങ്ങളുടെ വിദഗ്ധ പാനലിനെ നിയോഗിച്ച് പരിശോധിച്ച് വീയപുരം ചുണ്ടനെ ജേതാവായി പ്രഖ്യാപിക്കണമെന്ന് പരാതിയിൽ പറയുന്നു.
ചുണ്ടൻ തകർന്നു; എൻ.ടി.ബി.ആർ നഷ്ടപരിഹാരം നൽകണം
ആലപ്പുഴ: ഫൈനൽ മത്സരത്തിൽ ട്രാക്കിന് കുറുകെയിട്ട പൊലീസ് ബോട്ടിലിടിച്ച് വീയപുരം ചുണ്ടൻ തകർന്നതായി പരാതി. കേടുപാടുകൾ തീർക്കുന്നതിന് ആവശ്യമായ നഷ്ടപരിഹാരം എൻ.ടി.ബി.ആർ നൽകണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകും. നിലവിൽ ഭീമമായ നഷ്ടമാണുണ്ടായത്. ഇടിയുടെ ആഘാതത്തിൽ മുങ്ങിയ വള്ളത്തിൽനിന്ന് 50ലധികം തുഴകൾ കാണാതായി. തുടർമത്സരത്തിൽ പങ്കെടുക്കാൻ തുഴകൾ വാടകക്ക് എടുക്കേണ്ട സ്ഥിതിയാണ്. വള്ളം കരക്കുകയറ്റി പണിയാൻ വലിയതുക വേണ്ടിവരും.
നാലാം ട്രാക്കിൽ മത്സരിച്ച നിരണം ചുണ്ടനും പൊലീസിൽ ബോട്ടിൽ ഇടിച്ചു. ഇതിന് പിന്നാലെ ഫലപ്രഖ്യാപനത്തിനെതിരെ വഞ്ചിപ്പാട്ട് പാടിയ തുഴച്ചിലുകാരെ പൊലീസ് മർദിച്ചു. ചുറ്റിനും വെള്ളംനിറഞ്ഞ പ്രദേശത്ത് വൈദ്യുതി ഓഫാക്കി പൊലീസ് നടത്തിയ ലാത്തിചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. നാലുപേർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.