പൈതൃകപദ്ധതിയിൽ മുഖംമിനുക്കിയ ആലപ്പുഴ മഖാം മസ്ജിദിന് പുതുഭാവം
text_fieldsആലപ്പുഴ: ആലപ്പുഴ പൈതൃകപദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച മഖാം മസ്ജിദിന് പുതുഭാവം. പ്രാചീന തനിമയോടെ കേരളീയ-ഇസ്ലാമിക വാസ്തുശിൽപ മാതൃകയിൽ 'എൽ' ആകൃതിയിലുള്ള പള്ളിയുടെ പഴയകെട്ടിടം അതേപടി നിലനിർത്തിയാണ് നവീകരിച്ചത്.
പ്രാദേശികഭാഷയിൽ 'മുഹാം പള്ളി' എന്നുവിളിച്ചിരുന്ന മഖാം മസ്ജിദിനും ഒരുപാട് ചരിത്രം പറയാനുണ്ട്. ആലപ്പുഴയിൽ തലയുയർത്തി നിൽക്കുന്ന അതിപുരാതനമായ പള്ളി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് 'എൽ' ആകൃതിയിലാണ് നിലകൊള്ളുന്നത്. ആ പഴയ കെട്ടിടമാണ് അതിമനോഹരമാക്കിയത്.
അകത്തെപ്പള്ളി, വാതിലുകൾ, മുകൾത്തട്ട്, ഗോവേണി അടക്കമുള്ളവ പഴയപെരുമയുടെ അടയാളങ്ങളായിട്ടാണ് നിൽക്കുന്നത്. അവയുടെ കേടുപാടുകൾ തീർത്തും ബലപ്പെടുത്തിയും ഒന്നരവർഷമെടുത്താണ് നിർമാണം പൂർത്തിയാക്കിയത്. തനിമ ചോരാതെയാണ് മേൽക്കൂരയും കഴുക്കോലുകളും ഭിത്തികളും ഉൾപ്പെടെയുള്ളവ ബലപ്പെടുത്തിയത്. ആലപ്പുഴ പൈതൃകപദ്ധതിയിൽപെടുത്തി 1.5 കോടി മുടക്കിയാണ് നവീകരണം. ഇതിനൊപ്പം പഴയഓടുകൾ പൂർണമായും മാറ്റി പുതിയവ സ്ഥാപിച്ചു. മസ്ജിദിന്‍റെ അവസാനവട്ട മിനുക്കുപണികൾ തീർത്ത് ഈമാസം അവസാനം അല്ലെങ്കിൽ അടുത്തമാസം ആദ്യം മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി ഉദ്ഘാടനം നടത്തുമെന്നാണ് അറിയുന്നത്. വാണിജ്യ നഗരമെന്നനിലക്ക് ആലപ്പുഴയുടെ ഖ്യാതി വിദേശനാടുകളിൽ പരന്നതോടെയാണ് 'കിഴക്കിന്‍റെ വെനീസ്' സഞ്ചാരപ്രിയരായ അറബികളുടെ വിഹാരകേന്ദ്രമായത്. ഇതോടെ നൂറുകണക്കിന് പായ്ക്കപ്പലുകളാണ് ആലപ്പുഴയുടെ തീരത്തെത്തിയത്. ഇതിന് പിന്നാലെ തൊഴിലും വിപണിയും തേടി കച്ചിമേമന്മാരും ഗുജറാത്തി മുസ്‌ലിംകളും പഠാണികളുമെല്ലാം എത്തി. ദിവാൻ മുൻകൈയെടുത്താണ് ബോംബെയിൽനിന്നും ഗുജറാത്തി മുസ്‌ലിം കുടുംബങ്ങളെ കൊണ്ടുവന്ന് പാർപ്പിച്ചത്. ഇവർക്കായി കനാലിന്റെ ഇരുവശത്തും പള്ളികൾ നിർമിക്കാൻ അനുമതിയും നൽകി. നഗരത്തിലെ വാടക്കനാലിന്റെയും വാണിജ്യ കനാലിന്റെയും തീരത്തെ ഇരുകരകളിലും 100 വർഷത്തിലധികം പഴക്കമുള്ള കെട്ടിടങ്ങൾ അതേപടി സംരക്ഷിക്കുന്നതിന്‍റെ ഭാഗമായുള്ള ആലപ്പുഴ പൈതൃകപദ്ധതിയിയിലാണ് പുനരുദ്ധാരണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.