മുഖച്ഛായ മാറുന്നു; ആലപ്പുഴ ജനറൽ ആശുപത്രിയിലെ പുതിയ ഒ.പി ബ്ലോക്ക് തുറക്കും
text_fieldsആലപ്പുഴ: നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കിഫ്ബി വഴി 117 കോടി ചെലവഴിച്ച് പൂർത്തിയാക്കിയ ജനറൽ ആശുപത്രിയിലെ ഏഴുനില പുതിയ ഒ.പി ബ്ലോക്ക് ഈ മാസം 27ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. പഴയ കെട്ടിടങ്ങളിൽ ചിതറിക്കിടക്കുന്ന വിവിധ ഒ.പി വിഭാഗങ്ങളും അഡ്മിനിസ്ട്രേഷൻ വിഭാഗവും ശോച്യാവസ്ഥയിലായ ചില വാർഡുകളിലെ കിടത്തിച്ചികിത്സയും അത്യാധുനിക ആശുപത്രി ഉപകരണങ്ങളും ഫർണിച്ചറുകളും അടക്കമുള്ള സൗകര്യങ്ങൾ പുതിയ കെട്ടിടത്തിലേക്ക് മാറും.
എം.ആർ.ഐ സ്കാൻ, സി.ടി സ്കാൻ, അൾട്രാസൗണ്ട് സ്കാനിങ്, മാമോഗ്രാം ഉൾപ്പെടെ ആധുനികമായ രോഗപരിശോധന സൗകര്യങ്ങൾക്കായി പുതിയ മെഷീനുകൾ സജ്ജമാക്കിയിട്ടുണ്ട്.
നിലവിലെ ഒ.പിക്കുപുറമേ ഫാർമസി, ലാബ്, റേഡിയോളജി വിഭാഗങ്ങൾ, നഴ്സിങ് വിഭാഗങ്ങൾ, മിനി ഓപറേഷൻ തിയറ്റർ എന്നിവയുമുണ്ടാകും. ബലക്ഷയം നേരിട്ട പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മെഡിസിൻ വാർഡ്, കുട്ടികളുടെ വാർഡ്, പി.എം.ആർ എന്നിവ നാല്, അഞ്ച് നിലകളിലേക്ക് മാറ്റും. ചികിത്സക്ക് എത്തുന്നവർക്ക് സുഗമമായി സഞ്ചരിക്കാൻ ലിഫ്റ്റ് സംവിധാനമുണ്ട്. പുതിയ ഒ.പി സമുച്ചയം തുറന്നാലും സർജറി വാർഡും ഓപറേഷൻ തിയറ്ററും തൽക്കാലം മാറ്റില്ല.
2020 ഫെബ്രുവരി ഒമ്പതിനായിരുന്നു കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്. കഴിഞ്ഞ മാർച്ചിൽ നിർമാണം പൂർത്തിയാക്കി. പഴയ മെഡിക്കൽ കോളജായി പ്രവർത്തിച്ചിരുന്ന ജനറൽ ആശുപത്രിയെ സൂപ്പർ സ്പെഷാലിറ്റിയായി ഉയർത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ കെട്ടിടം പണിതത്. മാലിന്യ സംസ്കരണ പ്ലാന്റിന്റെ പേരിലും മെഡിക്കൽ സർവിസ് കോർപറേഷനിൽ ഓർഡർ ചെയ്ത സാധനങ്ങൾ ലഭിക്കുന്നതിലെ കാലതാമസവും മൂലമാണ് ഉദ്ഘാടനം നീണ്ടത്.
മാസങ്ങൾക്കുമുമ്പ് ഉദ്ഘാടനത്തീയതി സംബന്ധിച്ച് ചർച്ചകൾ നടന്നെങ്കിലും സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റായിരുന്നു പ്രധാനതടസ്സം. ട്രയൽറൺ പൂർത്തിയാക്കിയതോടെ കാര്യങ്ങൾ വേഗത്തിലായി. ഒ.പി ബ്ലോക്ക്, 400ലധികം കിടപ്പുരോഗികളുള്ള ഐ.പി വിഭാഗം, മാനസികരോഗാശുപത്രി, നഴ്സിങ് കോളജ്, ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽനിന്നുള്ള ദ്രവമാലിന്യം സംസ്കരിക്കുന്നതാണ് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്. സാധാരണക്കാരുടെ രോഗനിർണയത്തിനും ചികിത്സക്കും മെച്ചപ്പെട്ട സൗകര്യങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് ആലപ്പുഴക്കാർ.
ദുരിതത്തിലായ ‘വാർഡുകൾ’ മാറും
ജില്ലയിൽ ഏറ്റവും കൂടുതൽ പഴക്കംചെന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആതുരാലയമായ ജനറൽ ആശുപത്രി മെഡിക്കൽ കോളജിന് സമാനമായ രീതിയിൽ സൗകര്യങ്ങൾ വർധിപ്പിച്ച് നിലവാരം ഉയർത്തുമെന്ന പ്രഖ്യാപനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
62 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങളിലെ സീലിങ് അടർന്നുവീഴുന്നത് പതിവാണ്. ഇതിനാൽ രോഗികളടക്കം ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്. രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിനും ബുദ്ധിമുട്ടുണ്ടായിരുന്നു.
അഡ്മിസ്ട്രേഷൻ വിഭാഗവും എമർജൻസി മെഡിസിൻ ഉൾപ്പെടെയുള്ളവയും പല വാർഡുകളും ദുരിതത്തിലാണ് പ്രവർത്തിച്ചിരുന്നത്. പുതിയ കെട്ടിടം തുറക്കുന്നതോടെ കാലപ്പഴക്കം ചെന്ന പഴയ കെട്ടിടങ്ങൾ പൂർണമായും പൊളിച്ചുപണിത് കൂടുതൽ സൗകര്യങ്ങളൊരുക്കണം. പുതിയ കെട്ടിടവും സൗകര്യങ്ങളും എത്തുന്നതോടെ സ്ഥിതി മാറുമെന്ന പ്രതീക്ഷയാണ് നാട്ടുകാർ.
ആലപ്പുഴ നഗരസഭയുടെ ചുമതലയിലാണ് പ്രവർത്തനം. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒ.പിയിൽ ദിനംപ്രതി ആയിരത്തിന് മുകളിൽ രോഗികൾ എത്തുന്നുണ്ട്.
ക്രമീകരണം
താഴത്തെനില: ഔട്ട്പേഷ്യന്റ് വിഭാഗം, രജിസ്ട്രേഷൻ, മെഡിസിൻ, ഫാർമസി ഒ.പി, റേഡിയോളജി വിഭാഗം
ഒന്നാം നില: പീഡിയാട്രിക് ഓർത്തോപീഡിക്സ് ഒ.പി, കുട്ടികളുടെ വാർഡ്, ഒഫ്ത്താൽമോളജി ഒ.പി. ഫ്ലൂറോസ്കോപ്പി, മാമോഗ്രഫി
രണ്ടാംനില: റെസ്പിറേറ്ററി മെഡിസിൻ ഒ.പി, സർജറി ഒ.പി, ദന്തൽ ഒ.പി, ഇ.എൻ.ടി ഒ.പി
മൂന്നാംനില: ഡിസ്ട്രിക്ട് ഏർളി ഇന്റർവെൻഷൻ സെന്റർ
നാലാംനില: യൂറോളജി ഒ.പി, ന്യൂറോളജി ഒ.പി, ഗ്യാസ്ട്രോ മെഡിസിൻ, ഗ്യാസ്ട്രോ സർജറി ഒ.പി, ന്യൂറോ സർജറി വിഭാഗം
അഞ്ചാംനില: ഡെർമറ്റോളജി ഒ.പി., ഓങ്കോളജി ഒ.പി., ഓങ്കോളജി വാർഡ്
ആറാംനില: നഴ്സിങ് വിഭാഗം
ഏഴാംനില: അഡ്മിനിസ്ട്രേഷൻ വിഭാഗം, ലബോറട്ടറി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.