പുതിയ കടൽപാലം ഒന്നരവർഷത്തിനകം
text_fieldsആലപ്പുഴ: ആലപ്പുഴക്കാരുടെ ഗൃഹാതുരസ്മരണങ്ങൾ ഇരമ്പുന്ന ബീച്ചിലെ പഴയപാലത്തിന് പകരം പുതിയ കടൽപാലം വരുന്നു. ആലപ്പുഴ പൈതൃകപദ്ധതിയുടെ ഭാഗമായി വിനോദസഞ്ചാരത്തിന് ഉണർവേകുന്ന കടൽപാലത്തിന്റെ നിർമാണം വേഗത്തിലാക്കാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം.
നേരത്തേ ടെൻഡർ വിളിച്ചപ്പോൾ ഒരുകമ്പനി മാത്രമാണ് പങ്കെടുത്തത്. കരാറുകാർ തന്നെ ഡിസൈൻ സമർപ്പിച്ച് പ്രവൃത്തി ചെയ്യുന്ന രീതിയിലായിരുന്നു ടെൻഡർ. പുതിയ രൂപരേഖ സമർപ്പിച്ച് അനുമതി തേടുന്നതിന് ഒരുമാസത്തെ സമയം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ.ലൈറ്റ് ഹൗസിൽനിന്ന് ബീച്ചിലേക്ക് പോകുന്ന റോഡിന്റെ എതിർവശം പഴയകടൽപാലം അവസാനിക്കുന്ന കരയിൽനിന്ന് 300 മീറ്റർ നീളത്തിലും 50മീറ്റർ കരയിലേക്കും അഞ്ചരമീറ്റർ വീതിയിലുമാണ് പുതിയ കടൽപാലം നിർമിക്കുന്നത്.
20 കോടി ചെലവിൽ 18 മാസത്തിനകം പൂർത്തിയാക്കുകയാണ് ലക്ഷ്യം. കരയിൽനിന്ന് പുതിയ പാലത്തിലേക്ക് കയറാൻ 50 മീറ്റർ നീളത്തിൽ ചരിവ് ഉണ്ടാകും. പാലത്തിൽ ടീഷോപ്, കുട്ടികൾക്കുള്ള കളിസ്ഥലം, ആളുകൾക്ക് ഇരുന്ന് കടൽ കാണാനുള്ള സൗകര്യം എന്നിവയും ഒരുക്കും.
വികസനത്തിന് നെടുംതൂണായി മാറിയ ആലപ്പുഴയിലെ കടൽപാലത്തിന് 161 വർഷത്തിലേറെ പഴക്കമുണ്ട്. ചരക്കുനീക്കത്തിന് 1862ൽ ഹ്യൂ ക്രാഫോഡ് എന്ന എൻജിനീയറാണ് തുറമുഖത്ത് പുതിയ കടൽപാലം നിർമിച്ചത്. കയറ്റുമതിയിലും ഇറക്കുമതിയിലും വെല്ലുവിളികളില്ലാതെ തുടർന്ന തുറമുഖത്ത് അവസാനമായി കപ്പൽ നങ്കൂരമിട്ടത് 1989ലാണ്. അതിനുശേഷം കടൽപാലം ഉപേക്ഷിച്ച നിലയിലായിരുന്നു. ഇപ്പോൾ തുരുമ്പെടുത്ത തൂണുകൾ മാത്രമാണ് അവശേഷിക്കുന്നത്.
2018ലാണ് പുതിയപാലമെന്ന പ്രഖ്യാപനമുണ്ടായത്. 2020-21സാമ്പത്തിക വർഷത്തിലാണ് പാലം നിർമാണത്തിന്റെ ടെൻഡർ നടപടി ആരംഭിച്ചത്. തുടക്കത്തിൽ 14.26 കോടി ചെലവഴിച്ച് പുതിയപാലം നിർമിക്കാനായിരുന്നു പദ്ധതി. 19 കോടിയാണ് പദ്ധതിക്ക് ആദ്യം അനുവദിച്ചത്. ഇതിന് ടെൻഡർ വിളിച്ചെങ്കിലും കരാറുകാർ എത്തിയില്ല. പിന്നീട് തുക വർധിപ്പിച്ച് ടെൻഡർ ക്ഷണിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.