മംഗല്യ സ്പെഷൽ വോട്ട്; വിവാഹവേഷത്തിൽ ബൂത്തിലെത്തി നവദമ്പതികൾ
text_fieldsമാരാരിക്കുളം: വിവാഹം കഴിഞ്ഞ് വധുവരന്മാര് പോളിങ് ബൂത്തിലെത്തി. ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്തിലാണ് വിവാഹം കഴിഞ്ഞ് വധുവരന്മാർ വോട്ട് ചെയ്യാൻ ബൂത്തിലെത്തിയത്. എസ്.എന്‍.പുരം പുത്തന്‍വെളി വീട്ടില്‍ അനന്തുവും ചേര്‍ത്തല തെക്ക് മുരളീവം വീട്ടില്‍ മേഘനയുടെയും വിവാഹം വോട്ടെടുപ്പ് ദിവസമായിരുന്നു. വിവാഹ ശേഷം വരന്റെ വീട്ടിലെത്തിയ ഉടൻ തൊട്ടടുത്ത ബൂത്തിലേക്കാണ് പോയത്. കഞ്ഞിക്കുഴി പഞ്ചായത്ത് ഹാളിലെ പോളിങ്ങ് ബൂത്തില്‍ നല്ല തിരക്കായിരുന്നു. എന്നാല്‍ പോളിങ് ഉദ്യോഗസ്ഥരും വോട്ടര്‍മാരും വധു വരന്മാര്ക്ക് പ്രത്യേക പരിഗണന നല്കി. വേഗം അനന്തു വോട്ട് ചെയ്തു. മേഘനയുടെ വോട്ട് രേഖപ്പെടുത്താന്‍ ചേര്‍ത്തല തെക്ക് അരീപറമ്പിലേ പോളിങ്ങ് ബൂത്തിലേക്ക് കുതിച്ചു. പി.ജി.ഭദ്രന്റെയും ബിന്ദുവിന്റെയും മകനാണ് അനന്തു. കയര്‍ വ്യവസായിയാണ്. മുരളീധരന്റെയും ഗിരിജയുടേയും മകളായ മേഘന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്.
ആലപ്പുഴ: വിവാഹപന്തലിൽനിന്ന് ബൂത്തിലെത്തി നവവധുവിന്റെ വോട്ട്. മാന്നാർ വിജയഭവൻ പ്രതാപൻ-ഷീജ ദമ്പതികളുടെ മകൾ പ്രവിതയാണ് മാന്നാർ നായർസമാജം ബി.എച്ച്.എസിലെ എട്ടാംനമ്പർ ബൂത്തിൽ വോട്ട് ചെയ്തത്. യു.കെയിൽ ജോലി ചെയ്യുന്ന തൊടുപുഴ കിഴക്കേപാലക്കാട്ടിൽ അർജുൻ ഷാഹുവായിരുന്നു വരൻ. മാന്നാർ തൃക്കുരുട്ടി മഹാദേവക്ഷേത്രത്തിൽ വെള്ളിയാഴ്ച രാവിലെ 9.45നും 10.45നും മധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം. സദ്യകഴിഞ്ഞ് വരനൊപ്പം ബൂത്തിലേക്ക് എത്തിയപ്പോൾ വരിനിന്നവർ വോട്ടുചെയ്യാൻ അവസരം നൽകി. കഴിഞ്ഞ ആഗസ്റ്റിൽ നിശ്ചയിച്ച വിവാഹം യാദൃശ്ചികമായാണ് വോട്ടെടുപ്പ് ദിനത്തിൽ എത്തിയത്. പരുമല ആശുപത്രിയിലെ നഴ്സായ പ്രവിതയും യു.കെയിലേക്ക് പോകുകയാണ്. തൊടുപുഴ ചാറ്റൂരിലെ ബൂത്തിലെത്തിയ വരനും പിന്നീട് വോട്ടുചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.