ദേശീയപാത ഭൂമി ഏറ്റെടുക്കൽ നഷ്ടപരിഹാരത്തിന് ആദായ നികുതി ഇൗടാക്കാൻ നീക്കം
text_fieldsആലപ്പുഴ: ദേശീയപാതക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് നൽകുന്ന നഷ്ടപരിഹാരത്തിൽനിന്ന് 10 ശതമാനം നികുതി (ടി.ഡി.എസ്.) പിടിക്കേണ്ടിവരുമെന്ന് ആദായനികുതി വകുപ്പ്.
കൊച്ചി മെട്രോയുടെ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിൽ നഷ്ടപരിഹാര തുകയിൽനിന്ന് ടി.ഡി.എസ്. പിടിച്ചത് ശരിവെച്ച കോടതിവിധി ചൂണ്ടിക്കാട്ടിയാണിത്.
ആദായനികുതി ഉദ്യോഗസ്ഥർ ജില്ലയിലെ ഭൂമിയേറ്റെടുക്കലിെൻറ ചുമതലക്കാരനായ സ്പെഷൽ ഡെപ്യൂട്ടി കലക്ടറോട് ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് രേഖാമൂലം അറിയിപ്പ് നൽകിയിട്ടില്ല. ആശയക്കുഴപ്പത്തെത്തുടർന്ന് നഷ്ടപരിഹാരവിതരണം ഏതാനും ദിവസം തടസ്സപ്പെട്ടിരുന്നു.
എന്നാൽ രേഖാമൂലം അറിയിപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ പഴയരീതിയിൽ നഷ്ടപരിഹാരം നൽകുകയാണ്.
കേന്ദ്രസർക്കാറിെൻറ 2013-ലെ ഭൂമിയേറ്റെടുക്കൽ നിയമം (റൈറ്റ് ഫോർ ഫെയർ കോംപൻസേഷൻ ആൻഡ് ട്രാൻസ്പരൻസി ഇൻ ലാൻഡ് അക്വിസിഷൻ, റീഹാബാലിറ്റേഷൻ ആൻഡ് റീസെറ്റിൽമെൻറ്) പ്രകാരമാണ് ദേശീയപാതക്ക് ഭൂമിയേറ്റെടുക്കുേമ്പാൾ നഷ്ടപരിഹാരം നൽകുന്നത്. നിർബന്ധിത ഏറ്റെടുക്കലിനുള്ള നഷ്ടപരിഹാരത്തിന് നികുതി ബാധകമല്ലെന്ന് നിയമത്തിെൻറ ഒന്നാം ഷെഡ്യൂളിലെ 96ാം സെക്ഷൻ വ്യക്തമാക്കുന്നുമുണ്ട്. അതേ സമയം ഭൂമിയും വീടും വിട്ടുകൊടുക്കുന്നവർക്കു പകരം വീടും സ്ഥലവും നൽകുന്ന സാഹചര്യത്തിൽ നികുതി ബാധകമാണ്. സംസ്ഥാനത്ത് ദേശീയപാത 66െൻറ ഭൂമിയേറ്റെടുക്കലിനാണ് ഈ നിയമം ആദ്യമായി നടപ്പാക്കുന്നത്.
ഇതനുസരിച്ച് വടക്കൻ ജില്ലകളിൽ നഷ്ടപരിഹാരത്തുകവിതരണം അവസാനഘട്ടത്തിലണ്. ആലപ്പുഴ ജില്ലയിൽ 28 കോടി രൂപയോളം വിതരണം ചെയ്തുകഴിഞ്ഞു. ഇതിലൊന്നും ടി.ഡി.എസ് പിടിച്ചിട്ടില്ല. ദേശീയപാതക്ക് ഭൂമിയേറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത് 1956-ലെ ദേശീയപാത നിയമപ്രകാരമാണ്. എന്നാൽ, നഷ്ടപരിഹാരം 2013-ലെ കേന്ദ്ര നിയമപ്രകാരവും. ഇത് ആശയക്കുഴപ്പത്തിനിടയാക്കുമെന്ന് നേരത്തേ തന്നെ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. നികുതിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിന് പ്രധാന കാരണം ഇതാണ്. പൊതു ആവശ്യങ്ങൾക്ക് ഭൂമി ഏറ്റെടുക്കുന്നതിലെ സുതാര്യതയും ന്യായമായ നഷ്ടപരിഹാരവും ഉറപ്പാക്കുന്ന 2013-ലെ ഭൂമിയേറ്റെടുക്കൽ നിയമം 2014 ജനുവരി ഒന്നിനാണ് നിലവിൽ വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.