നാടിന്റെ കുഞ്ഞുതാരം ഇനി ഓർമ; സ്കൂളിലും വീട്ടിലും വൻജനാവലി
text_fieldsഅമ്പലപ്പുഴ: നാഗ്പുരിൽ മരിച്ച സൈക്കിൾ പോളോ താരം നിദ ഫാത്തിമക്ക് ഒരുനാട് വേദനയോടെ വിട നൽകി. ട്രാക്കിൽ മിന്നും പ്രകടനം കാഴ്ചവെക്കാൻ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 10ാം വാർഡ് ഏഴര പീടികയിൽ സുഹ്റ മൻസിലിൽ ഷിഹാബുദ്ദീൻ-അൻസില ദമ്പതികളുടെ മകൾ 10 വയസ്സുകാരി നിദ നാഗ്പുരിലേക്ക് യാത്ര തിരിച്ചത്. അവിടെ കടുത്ത ഛർദിയെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. കുത്തിവെപ്പിനുശേഷം നിലമോശമായി മരണത്തിന് കീഴടങ്ങുകയായിരുന്നു.
നിദയെ ഒരു നോക്കുകാണാൻ ശനിയാഴ്ച രാവിലെ മുതൽ വീട്ടിലും സ്കൂളിലും വൻജനാവലിയാണ് എത്തിയത്. പഠിച്ച നീർക്കുന്നം ഗവ. യു.പി.എസിലേക്ക് മൃതദേഹം എത്തിച്ചപ്പോൾ നിയന്ത്രണംവിട്ട് പലരും വിതുമ്പി. സഹപാഠികൾ വേദനയോടെയാണ് കൂട്ടുകാരിയെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത്. കണ്ണീരണിഞ്ഞ പലരേയും ആശ്വസിപ്പിച്ചത് അധ്യാപകരായിരുന്നു.
തുടർന്ന് കാക്കാഴത്തെ കുടുംബവീടായ സുഹറ മൻസിലിൽ മൃതദേഹം കൊണ്ടുവന്നപ്പോൾ ഈറനണിഞ്ഞ മിഴികളോടെ നൂറുകണക്കിനാളുകളാണ് എത്തിയത്. പിതാവ് ഷിഹാബിന്റെയും മാതാവ് അൻസിലയുടെയും നിലവിളികേട്ട് അവിടെ കൂടിയവരുടെ മിഴികളും നിറഞ്ഞൊഴുകി.
ഇളയ സഹോദരൻ നബീലിന്റെ ഇത്തി എന്നു വിളിച്ചുള്ള കരച്ചിലിന് മുന്നിൽ ആശ്വാസവാക്കുകൾ പകരാനാകാതെ നാട്ടുകാരും ബന്ധുക്കളും കൂടെ കരഞ്ഞു. ഒന്നരമണിക്കൂറോളം കുടുംബവീട്ടിൽ വെച്ചശേഷം കാക്കാഴം ജുമാമസ്ജിദിലേക്ക് മൃതദേഹം കൊണ്ടുപോകുമ്പോൾ ആയിരങ്ങളാണ് അനുഗമിച്ചത്. തുടർന്ന് നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷമുള്ള ഖബറടക്ക ചടങ്ങിലും നിരവധി ആളുകൾ പങ്കെടുത്തു. സഹപാഠികളും അധ്യാപകരുമടക്കം വിവിധ തുറകളിൽനിന്നുള്ള നിരവധിപേർ പള്ളിയിലും എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.