ഓടിക്കളിച്ച വിദ്യാലയമുറ്റത്ത് ചേതനയറ്റ്...
text_fieldsഅമ്പലപ്പുഴ: സ്കൂൾ മൈതാനത്ത് ഓടിക്കളിക്കാൻ ഇനി ആ കുഞ്ഞുതാരമില്ല. നിദ ഫാത്തിമയുടെ ചേതനയറ്റ ശരീരം വെള്ളത്തുണിയിൽ പൊതിഞ്ഞ് വിദ്യാലയ മുറ്റത്ത് കിടത്തിയപ്പോൾ അധ്യാപകരും കൂട്ടുകാരും പൊട്ടിക്കരയുകയായിരുന്നു. എപ്പോഴും പുഞ്ചിരിയുമായി എത്തുന്ന നിദയെ ശനിയാഴ്ച അധ്യാപകരും പ്രിയകൂട്ടുകാരും നിറഞ്ഞ കണ്ണുകളോടെയാണ് സ്കൂൾ അങ്കണത്തിൽനിന്ന് യാത്രയാക്കിയത്.
നീര്‍ക്കുന്നം എസ്.ഡി.വി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു നിദ. ദേശീയചാമ്പ്യനായി തിരിച്ചെത്തുമെന്ന് പറഞ്ഞ് യാത്രയായ നിദയുടെ വാക്കുകൾ ഓർത്തെടുത്ത് അധ്യാപകര്‍ പൊട്ടിക്കരഞ്ഞു.
സ്കൂളിലെത്തി അധ്യാപകരുടെ അനുഗ്രഹം വാങ്ങി കൂട്ടുകാരോട് യാത്രയും പറഞ്ഞാണ് നാഗ്പുരിലേക്ക് മത്സരത്തിനായി പോയത്. സമ്മാനങ്ങൾ വാരിക്കൂട്ടിയെത്തുമെന്ന് പറഞ്ഞുപോയ നിദയുടെ ചേതനയറ്റ ശരീരമാണ് തിരികെയെത്തിയത്. പ്രഥമാധ്യാപിക നദീറയുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും നൂറുകണക്കിന് രക്ഷാകർത്താക്കളും അന്ത്യോപചാരം അർപ്പിക്കാൻ എത്തി. നിദയുടെ പുഞ്ചിരിക്കുന്ന ചിത്രമടങ്ങിയ ആദരാഞ്ജലികളർപ്പിച്ച ചെറിയ പോസ്റ്റർ എല്ലാവരുടെയും നെഞ്ചിലുണ്ടായിരുന്നു. ക്രിസ്മസ് അവധിക്കുശേഷം സ്കൂൾ തുറക്കുമ്പോൾ കാത്തിരിക്കുന്നത് സ്കൂൾ മുറ്റത്ത് പുഞ്ചിരിച്ചോടിക്കളിച്ച നിദയുടെ ഓർമകൾ മാത്രമാകും.
ദേശീയപാത ജനസാഗരമായി
അമ്പലപ്പുഴ: സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം പൊതുദര്‍ശനത്തിന് കൊണ്ടുവരുന്ന വിവരമറിഞ്ഞ് ആയിരങ്ങളാണ് നീര്‍ക്കുന്നം എസ്.ഡി.വി സ്കൂള്‍ വളപ്പില്‍ തടിച്ചുകൂടിയത്.
രാവിലെ മുതല്‍ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും പിഞ്ചോമനയെ അവസാനമായി ഒന്നുകാണാന്‍ എത്തിക്കൊണ്ടിരുന്നു. ഇവിടേക്കെത്തിയ വാഹനങ്ങളും നാട്ടുകാരുടെ തിരക്കും നിയന്ത്രിക്കാന്‍ പൊലീസും ഏറെ പണിപ്പെട്ടു. അമ്പലപ്പുഴ സി.ഐ ദ്വിജേഷിന്റെ നേതൃത്വത്തിൽ മണിക്കൂറുകളോളം പരിശ്രമിച്ചാണ് ഗതാഗതം നിയന്ത്രിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.