കോവിഡിലും പതറാതെ നിസാർ വെള്ളാപ്പള്ളി
text_fieldsഅമ്പലപ്പുഴ: കോവിഡ് വ്യാപനത്തിലും പതറാതെ നിസാർ വെള്ളാപ്പള്ളി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാർഡിൽ വെള്ളാപ്പള്ളിയിൽ ഹംസ-ബീമ ദമ്പതികളുടെ മകൻ നിസാറിെൻറ (31) ജീവിതം നിരാലംബരായ രോഗികൾക്കും തെരുവോരങ്ങളിലും അന്തിയുറങ്ങുന്നവർക്കും കൈത്താങ്ങാകുന്നത്.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് വാർഡിൽ കുടിവെള്ളവും പഴങ്ങളും തരപ്പെടുത്തി കൊടുക്കാറുണ്ട്.
തെരുവിലെ മക്കൾ ചാരിറ്റി ഇന്ത്യ എന്ന പ്രസ്ഥാനത്തിെൻറ സംസ്ഥാന അധ്യക്ഷനാണ്. സ്വന്തമെന്ന് പറയാൻ ആരുമില്ലാത്ത രോഗികൾ ആശുപത്രി വിട്ടുകഴിഞ്ഞാൽ അവർക്ക് അഭയസ്ഥാനവും ഒരുക്കും.
അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ ചികിത്സക്കെത്തിയ ഇതര സംസ്ഥാനക്കാരുടെ ബന്ധുക്കളെ കണ്ടെത്തി പുനരധിവാസവും സാധ്യമാക്കും.
അനാഥ രോഗികൾ ഉൾപ്പെടെയുള്ളവർക്ക് കോവിഡ് കാലത്തും പ്രഭാത ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകുന്നു. കോവിഡ് ആശങ്കയിൽ സന്നദ്ധ സംഘടനകൾ പ്രഭാത ഭക്ഷണ വിതരണം നിർത്തിയെങ്കിലും നിസാർ അതിന് മുടക്കം വരുത്തിയില്ല.
പുന്നപ്ര സാഗര സഹകരണ ആശുപത്രിയിലെ കരാർ ജീവനക്കാരനായ ഇയാൾ തുച്ഛമായ വരുമാനത്തിെൻറ ഒരു പങ്കാണ് ഇവക്കായി നീക്കിവെക്കുന്നത്.
പൊതുപ്രവർത്തന രംഗത്ത് നിസ്വാർഥ സേവനം നടത്തുന്ന നിസാറിനെ ശ്രീ സത്യസായി സേവാ സംഘടന പുന്നപ്ര സമിതി ആദരിച്ചു. പുന്നപ്ര സമിതി ഓഫിസിൽ നടന്ന ചടങ്ങിൽ പുന്നപ്ര സഹകരണ ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ: ഗഗൻ വേലായുധൻ ഉപഹാരം നൽകി ആദരിച്ചു.
സത്യസായി സേവാ സമിതി ജില്ല കോഓഡിനേറ്റർ വി.എസ്. സാബു അധ്യക്ഷത വഹിച്ചു. എസ്.ഡി. കോളജ് മുൻ പ്രഫ. രാമവർമ, ഡോ: മഞ്ജു ഗോപിനാഥ്, കെ.ആർ. സുഗുണാനന്ദൻ, വേണു, ദേവരാജൻ എന്നിവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.