പക്ഷിപ്പനി: നഷ്ടപരിഹാരമില്ല; താറാവുകർഷകർ സമരത്തിന്
text_fieldsആലപ്പുഴ: ജില്ലയിലെ താറാവുകർഷകർ ആത്മഹത്യയുടെ വക്കിലാണ്. തുടരെ ഓരോ സീസണിലും താറാവുകൾ കൂട്ടത്തോടെ ചത്തുപോകുകയോ പക്ഷിപ്പനിയെത്തുടർന്ന് ഇവയെ കൊന്നൊടുക്കുകയോ ചെയ്യുന്നതാണ് പ്രശ്നം. വിവിധ രോഗങ്ങളാൽ താറാവുകൾ ചത്തൊടുങ്ങുന്നത് നിത്യസംഭവമാണ്.
പക്ഷിപ്പനിയെത്തുടർന്ന് കൊന്നൊടുക്കുന്ന താറാവുകൾക്ക് നഷ്ടപരിഹാരം സർക്കാർ നൽകാറുണ്ടെങ്കിലും മറ്റ് രോഗം മൂലം ചത്തൊടുങ്ങുന്ന താറാവുകൾക്ക് ഒരു നഷ്ടപരിഹാരവും ലഭിക്കാറില്ല. 2021ലെ ക്രിസ്മസ് വിപണി മുന്നിൽ കണ്ട് വളർത്തിയ താറാവുകളെയാണ് പക്ഷിപ്പനി പിടിച്ചതിനാൽ കൊന്നൊടുക്കിയത്. പക്ഷിപ്പനി പടർന്നുപിടിച്ചതിനെത്തുടർന്ന് ക്രിസ്മസ്, പുതുവത്സര വിപണി പൂർണമായും നഷ്ടമാവുകയും കൃഷിക്കാർ വലിയ പ്രതിസന്ധിയിലാകുകയും ചെയ്തിരുന്നു.
2021 ഡിസംബറിലും മറ്റുമായി പക്ഷിപ്പനി ബാധയെത്തുടർന്ന് കൊന്നൊടുക്കിയ താറാവുകൾക്ക് ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടില്ല. പലവട്ടം നിവേദനങ്ങൾ അടക്കം കൊടുത്തെങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ല. കടം വാങ്ങിയ കർഷകർ കടം പെരുകി ജീവനൊടുക്കേണ്ട ഗതികേടിലാണെന്ന് താറാവുകർഷക സംഘം നേതാക്കൾ പറഞ്ഞു. സർക്കാറിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് താറാവുകർഷക സംഘം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളി രാവിലെ 10ന് കലക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ബി. രാജശേഖരൻ, സെക്രട്ടറി കെ. ശാമുവൽ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.