ചെറുകിട കർഷകർക്ക് വായ്പ ഇല്ല; എസ്.ബി.ഐ നടപടിയിൽ പ്രതിഷേധം
text_fieldsകായംകുളം: ചെറുകിട നാമമാത്ര കർഷകരോടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിറ്റമ്മനയത്തിൽ പ്രതിഷേധം. കുറഞ്ഞ പലിശ നിരക്കിലുള്ള സ്വർണപ്പണയ കാർഷിക വായ്പ സംവിധാനത്തിൽനിന്ന് ഇവരെ ഒഴിവാക്കിയതാണ് പരാതിക്ക് കാരണം. ഒന്നര ഏക്കറിൽ കുറയാത്ത സ്ഥലമുള്ള കർഷകർക്ക് മാത്രമാണ് ഇപ്പോൾ വായ്പ ലഭിക്കുന്നത്. ഇതിനുതന്നെ കടമ്പകൾ ഏറെയായതിനാൽ കാർഷിക വായ്പക്ക് എസ്.ബി.ഐയെ ആരും ആശ്രയിക്കാത്ത സ്ഥിതിയാണ്. മാവേലിക്കര മേഖലയിലെ ബാങ്കുകൾ കർഷകരെ തീരെ പരിഗണിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
ലളിതമായ വ്യവസ്ഥകളിൽ നാല് ശതമാനം പലിശ നിരക്കിൽ 2019 ഡിസംബർ വരെ കർഷകർക്ക് ലഭ്യമായിരുന്ന സേവനം ഒറ്റയടിക്ക് നിർത്തിയതാണ് തിരിച്ചടിയായത്. റിസർവ് ബാങ്ക് ഇടപെടലാണ് കുറഞ്ഞ നിരക്കിലുള്ള കാർഷിക വായ്പ നിർത്തലാക്കാൻ കാരണമായത്.
10 സെന്റ് സ്ഥലത്തിന്റെ കരംതീരുവ രസീത് ഹാജരാക്കിയാൽ മൂന്നുലക്ഷം രൂപ വരെ വായ്പ ലഭിക്കുമായിരുന്നത് കർഷകർക്ക് വലിയ ആശ്വാസമായിരുന്നു. എന്നാൽ, വായ്പക്ക് ആനുപാതികമായി കാർഷിക പുരോഗതിയുണ്ടാകുന്നില്ലെന്ന കണ്ടെത്തലാണ് റിസർവ് ബാങ്ക് ഇടപെടലിന് കാരണമായത്. ഏഴ് മുതൽ എട്ട് ശതമാനം വരെ നിരക്ക് ഈടാക്കി തുടങ്ങിയതോടെ വായ്പക്ക് ആളില്ലാതായി. തുടർന്ന് നാല് മാസം മുമ്പ് വായ്പ പുനഃസ്ഥാപിച്ചെങ്കിലും ചെറുകിട കർഷകർ കളത്തിന് പുറത്താണ്. ഒന്നരയേക്കർ സ്ഥലത്തിന്റെ രേഖകൾ ഹാജരാക്കിയാൽ മാത്രമേ വായ്പ ലഭിക്കൂ.
കൂടാതെ ബാങ്ക് അധികൃതർ കൃഷി സ്ഥലം സന്ദർശിച്ച് സ്ഥിതി ബോധ്യപ്പെടുകയും വേണം. ഇതിലെ കാലതാമസവും കർഷകർക്ക് തിരിച്ചടിയാണ്. ഈ സാഹചര്യത്തിൽ നടപടിക്രമങ്ങൾ ലഘൂകരിച്ച് ചെറുകിടക്കാർക്കും വായ്പ ലഭ്യമാക്കാൻ നടപടിയുണ്ടാകണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.