ഏഴ് വർഷമായി ശമ്പള വർധനയില്ല: അംഗൻവാടി ജീവനക്കാർ ദുരിതത്തിൽ
text_fieldsപൂച്ചാക്കൽ: അംഗൻവാടി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ സർക്കാർ അവഗണിക്കുന്നു. ന്യായമായ ശമ്പളം, പി.എഫ്, ഇ.എസ്.ഐ, അവധി ആനുകൂല്യങ്ങളൊന്നും ഇവർക്ക് ലഭിക്കുന്നില്ല. 2016ൽ 5000 രൂപ വർധിപ്പിച്ചതിനുശേഷം പിന്നെ ഒരു വർധന ഉണ്ടായിട്ടില്ല. 2021ലെ 1000 രൂപ വർധന ബജറ്റിൽ മാത്രം ഒതുങ്ങി. ക്ഷേമനിധി, വിരമിക്കൽ ആനുകൂല്യങ്ങളൊന്നും ശരിയായ രീതിയിൽ ലഭിക്കുന്നില്ല.
വർക്കർക്ക് 2500, ഹെൽപർക്ക് 1000 എന്നിങ്ങനെ തുച്ഛമായ പെൻഷനാണ് നിലവിൽ ലഭിക്കുന്നത്. ജോലി ഭാരം മറ്റെല്ലാ ജീവനക്കാരെയും അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ദൈനംദിന ജോലികൾ കൂടാതെ പ്രധാനമന്ത്രിയുടെ മാതൃവന്ദന യോജനയുടെ ജോലിയും അംഗൻവാടി വർക്കർമാരെയാണ് ഏൽപിച്ചിരിക്കുന്നത്. ആശാ വർക്കർമാരുടെ ജോലിയും ഇപ്പോൾ അംഗൻവാടി വർക്കർമാർ ചെയ്യുന്നുണ്ട്.
ഗ്രാമസഭ കോഓഡിനേറ്ററായും പ്രവർത്തിക്കണം. ആനുകൂല്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി നടത്തുന്ന സമരങ്ങൾ സർക്കാർ ഗൗനിക്കുന്നത് പോലുമില്ലെന്ന് ജീവനക്കാർ പറയുന്നു. അധിക ജോലിയും വേതനത്തിന്റെ കാര്യത്തിൽ അവഗണനയുമാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ നേരിടുന്നതെന്ന് ഇന്ത്യൻ നാഷനൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ തൈക്കാട്ടുശ്ശേരി പ്രോജക്ട് ചെയർമാൻ അഡ്വ. എസ്. രാജേഷ് പറയുന്നു. വിവരശേഖരണത്തിന് വീടുകൾ കയറിയിറങ്ങൽ, പ്രതിരോധ കുത്തിവെപ്പ്, പോഷകാഹാര വിതരണം എന്നിവയും ഇവർ തന്നെ ചെയ്യണം.
വർക്കർക്ക് 12,000 രൂപയും ഹെൽപർക്ക് 8000 രൂപയുമാണ് ശമ്പളം. അംഗൻവാടി രജിസ്റ്ററുകൾ മൊബൈൽ വഴി സോഫ്റ്റ് വെയറിലാക്കാൻ മൊബൈൽ നൽകിയെങ്കിലും നിലവാരം കുറഞ്ഞവയായതുകൊണ്ട് ഇതുവഴി ലഭിക്കേണ്ട പെർഫോമൻസ് അലവൻസും ലഭിച്ചില്ല. പ്രോജക്ടുതല മീറ്റിങ്ങിനായി ലഭിക്കുന്ന തുച്ഛമായ ടി.എപോലും കൃത്യമായി ലഭിക്കുന്നില്ല. അംഗൻവാടി ജീവനക്കാരുടെ കണ്ണുനീരിനും സർക്കാർ വില കൽപിക്കണമെന്നാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.