പുഞ്ചകൃഷി പ്രശ്നങ്ങൾക്ക് പരിഹാരമില്ല; നെല്ലുസംഭരണം നീളുന്നു
text_fieldsആലപ്പുഴ: പുഞ്ചസംഭരണത്തിൽ ഉടലെടുത്ത തർക്കങ്ങളിൽ പരിഹാരമില്ലാതെ നെല്ലെടുപ്പ് ഇഴയുന്നു. മിക്ക പാടങ്ങളിലും കൊയ്ത നെല്ല് കെട്ടിക്കിടക്കുകയാണ്. നല്ലവിളവ് ലഭിച്ചിടത്തും കാര്യമായി നെല്ലുവീഴ്ച ഉണ്ടാകാത്തിടങ്ങളിലും സംഭരണത്തിൽ കിഴിവ് ആവശ്യപ്പെടുന്നതാണ് തർക്കങ്ങൾക്ക് മുഖ്യകാരണം. ക്വിന്‍റലിൽ അഞ്ചുമുതൽ 12 കിലോ വരെ കിഴിവ് ആവശ്യപ്പെടുന്നതായാണ് കർഷകർ പറയുന്നത്. പാഡി ഓഫിസർമാർ ഇടപെടുന്നുണ്ടെങ്കിലും പല സ്ഥലത്തും തർക്കങ്ങൾ തുടരുകയാണ്.
മില്ലുടമകളാണ് സാധാരണയായി നെല്ല് അളക്കുന്നതിന് ചാക്ക് കൊണ്ടുവരുന്നത്. ചിലയിടത്ത് കർഷകർ ചാക്കുവാങ്ങി നൽകണമെന്ന് ഏജന്റുമാർ നിർബന്ധം പിടിച്ചതായി പറയുന്നു. എടത്വ തെങ്കരപ്പച്ച പാടത്ത് ഇതുസംബന്ധിച്ച തർക്കമുണ്ടായി. വെട്ടി തോട്ടായിക്കരി പാടത്ത് 110 ഏക്കറിലെ വിളവെടുത്ത് ഒരാഴ്ചയായിട്ടും നെല്ല് എടുക്കുന്നില്ലെന്ന് പരാതിയുണ്ട്. നാല് ലോഡ് നെല്ലുമാത്രമാണ് എടുത്തത്. ബാക്കി പാടത്ത് കെട്ടിക്കിടക്കുകയാണ്.
ജില്ലയിൽ പാതിയോളം പാടങ്ങളിൽ വിളവെടുപ്പ് ആരംഭിക്കാൻ സാധിച്ചിട്ടില്ല. ആകെ 28,332.8 ഹെക്ടർ സ്ഥലത്താണ് കൃഷി ഇറക്കിയത്. 14,529.4 ഹെക്ടർ സ്ഥലത്തെ വിളവെടുപ്പ് പൂർത്തിയാക്കി. ബാക്കി മേഖലയിൽ കൊയ്ത്ത് പുരോഗമിക്കുകയാണ്. കൃഷിമന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗം പുഞ്ചകൃഷി കൊയ്ത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തി. അപ്രതീക്ഷിതമായി പെയ്ത വേനൽമഴ കൊയ്ത്തിനെ പ്രതികൂലമായി ബാധിച്ചു.
ജില്ലയിൽ നിലവിൽ ലഭ്യമായ കൊയ്ത്തുയന്ത്രങ്ങൾ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഏജന്റുമാർ മുൻഗണന അടിസ്ഥാനത്തിൽ പാടശേഖരങ്ങൾക്ക് നൽകണമെന്ന് യോഗത്തിൽ നിർദേശം നൽകി. തോമസ് കെ. തോമസ് എം.എൽ.എ, എ.ഡി.എം സന്തോഷ് കുമാർ, പ്രിൻസിപ്പൽ കൃഷി ഓഫിസർ വി. രജത, കൃഷി ഡെപ്യൂട്ടി ഡയറക്ടർ രമാദേവി, അസിസ്റ്റന്റ് പ്രിൻസിപ്പൽ കൃഷി ഓഫിസർ സുജ ഈപ്പൻ, കൊയ്ത്തുയന്ത്ര ഏജന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.