ലൈഫ് മിഷനിൽ പണിത വീട്ടിലേക്ക് വഴിയില്ല; കുത്തിയിരിപ്പ് സമരവുമായി കുടുംബം കലക്ടറേറ്റിന് മുന്നിൽ
text_fieldsആലപ്പുഴ: ലൈഫ് മിഷനിൽ പണിത വീട്ടിലേക്ക് കയറാൻ വഴിയില്ലാതായതോടെ രണ്ടുപെൺകുട്ടികളടക്കം കുടുംബം കലക്ടറേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ചേർത്തല തൈക്കാട്ടുശ്ശേരി ഏഴാംവാർഡിലെ മണപ്പുറം കണയാംവെളി വീട്ടിൽ രാജു, ഭാര്യ സുലത, മക്കളായ ദേവനന്ദ, ഗൗരിനന്ദ എന്നിവരാണ് വേറിട്ട സമരം നടത്തിയത്. വീടിെൻറ കോൺക്രീറ്റ് പൂർത്തിയായഘട്ടത്തിൽ അയൽവാസി നടപ്പുവഴി കെട്ടിയടച്ചു.
വഴിതുറക്കാൻ പഞ്ചായത്തിനും ആർ.ഡി.ഒക്കും അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. തുടർന്നാണ് കലക്ടർ എ. അലക്സാണ്ടറിന് പരാതി നൽകിയത്. എന്നാൽ, കഴിഞ്ഞദിവസം പരാതിക്കാരന് കലക്ടർ കത്തിലൂടെ നൽകിയ മറുപടി വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരത്തിനിറങ്ങിയത്.
വഴിപ്രശ്നം സംബന്ധിച്ച പരാതിയിൽ തഹസിൽദാർ നടത്തിയ അന്വേഷണത്തിൽ നടവഴി തടസ്സപ്പെടുത്തിയിട്ടില്ലെന്നും കുടുംബത്തിന് പ്രയോജനെപടുന്ന രൂപത്തിൽ റോഡ് നിർമാണത്തിന് വാർഡ് മെംബറുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതിനാൽ തുടർനടപടി അവസാനിപ്പിച്ചുവെന്നുമായിരുന്നു കലക്ടറുടെ മറുപടി.
ഉദ്യോഗസ്ഥർ കാര്യങ്ങൾ അന്വേഷിക്കാതെയാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും ഒമ്പതുമാസമായി അടച്ച വഴി ഇപ്പോഴും തുറന്നിട്ടില്ലെന്നും ഇവർ പറയുന്നു. സമരം ഉച്ചവരെ നീണ്ടപ്പോൾ കലക്ടർ വിഷയത്തിൽ ഇടപെട്ടു. വിഷയം നേരിട്ട് മനസ്സിലാക്കി നടപടിയെടുക്കാൻ ഡെപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തി. താൽക്കാലികമായി വഴിതുറക്കുന്നതിന് സാഹചര്യമൊരുക്കുന്നതിനൊപ്പം വീട്ടിലേക്ക് എത്താൻ സഹായകരമായ ഖാദിബോർഡ് വഴി ഉപയോഗപ്പെടുത്താൻ പഞ്ചായത്ത് അധികൃതരുമായി ചർച്ച നടത്തുന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കും.
സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതോടെ വീടുനിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചു. 81വയസ്സുകാരനായ പിതാവ് ചിദംബരനും മകനും മരുമകളും രണ്ടും പെൺകുട്ടികളും അടങ്ങുന്ന കുടുംബം അരകിലോമീറ്റർ മാറി ഷെഡ് കെട്ടിയാണ് താമസിക്കുന്നത്.
പാരമ്പര്യമായി ഉപയോഗിക്കുന്ന വഴി തുറക്കാൻ പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടിട്ടും എതിർകക്ഷി തയാറായില്ല. ഈ സാഹചര്യത്തിലാണ് നീതിതേടി കലക്ടറെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.