'ഒരു കോളജ് കാന്‍റീൻകാരന്‍റെ കുറിപ്പുകൾ' ഇംഗ്ലീഷിലേക്ക്
text_fieldsമണ്ണഞ്ചേരി: കോളജ് കാമ്പസിന്‍റെ കഥപറയുന്ന ജലാൽ റഹ്മാന്‍റെ 'ഒരു കോളജ് കാന്‍റീൻകാരന്‍റെ കുറിപ്പുകൾ' ഇംഗ്ലീഷിലേക്ക്. പുസ്തകം പ്രസിദ്ധീകരിക്കാൻ പ്രോത്സാഹിപ്പിച്ച കോളജിലെ പഴയ വിദ്യാർഥി നേതാവും ചിത്രകാരനുമായ ലക്ഷ്മൺ മാധവാണ് ഇംഗ്ലീഷ് പരിഭാഷ നിർവഹിക്കുന്നത്. എട്ടാം ക്ലാസിൽ പഠനം മുടങ്ങി 23വർഷം കായംകുളം എം.എസ്.എം കോളജിൽ കാന്‍റീൻ നടത്തിയ ജലാലിന്‍റെ പുസ്തകം മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഫെബ്രുവരിയിലാണ് പുസ്തകം പ്രകാശനം ചെയ്തത്.
ആദ്യ പതിപ്പ് പൂർണമായും വിറ്റുതീർന്നു. ആലപ്പുഴ തലവടി ആത്തിക്ക ഉമ്മ മൻസിലിൽ ജലാൽ ജീവിതപ്രാരാബ്ദങ്ങൾക്ക് അറുതിവരുത്താനാണ് കൗമാരപ്രായത്തിൽതന്നെ എം.എസ്.എം കോളജിൽ ബന്ധുവായ ഷാഹുലിനോടൊപ്പം ചായ തൊഴിലാളിയായി എത്തിച്ചേർന്നത്.
40 വയസ്സ് വരെ, 22 വർഷക്കാലം കോളജ് കാമ്പസിൽ ജീവിച്ചുമടങ്ങി. തുടർന്ന് അന്നംതേടി പ്രവാസ ജീവിതത്തിലേക്ക്. മണലാരണ്യത്തിന്‍റെ ഏകാന്തതയിൽ സമൂഹമാധ്യമത്തിൽ കോറിയിട്ട കുറിപ്പുകളാണ് സൃഷ്ടിയായി രൂപാന്തരം പ്രാപിച്ചത്. ഇപ്പോൾ സൗദിയിൽ ബിസിനസ് നടത്തുകയാണ് ജലാൽ. വായനക്കാരന് അനിർവചനീയമായ സന്തോഷം നൽകുന്നതാണ് കുറിപ്പുകൾ. എഴുത്ത് വഴിയിൽ പ്രോത്സാഹനമായി ഭാര്യ സജിദയും മക്കളായ സുൽത്താനയും സുൽഫിക്കറും സലീലും ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.