കുട്ടികൾക്ക് ഇനി ആഘോഷകാലം
text_fieldsആലപ്പുഴ: മധ്യവേനൽ അവധിയായതോടെ കുട്ടികൾക്ക് ഇനി ആഘോഷക്കാലം. കളിചിരികളും കലപിലകളുമായി അവർ ഉല്ലസിക്കുന്ന ദിവസങ്ങളാണ് ഇനിയുള്ള രണ്ട് മാസം. പാടത്തും പറമ്പിലും കളികളുമായി കൂടുന്ന മുൻകാലങ്ങളെക്കാൾ ഡിജിറ്റൽ ഉപകരണങ്ങളിൽ രസിക്കുന്നവരായി കുട്ടികൾ മാറിയ കാലമാണ്.
കുട്ടികളുടെ താൽപര്യം അനുസരിച്ച് അവർക്ക് സന്തോഷത്തിന് ഉതകുന്ന വിനോദ പരിപാടികൾ ഒരുക്കുക രക്ഷാകർത്താക്കളുടെ ഉത്തരവാദിത്വമാണെന്ന് വിദ്യാഭ്യാസ രംഗത്തുള്ളവർ ഓർമപ്പെടുത്തുന്നു. ഇപ്പോള്‍ സ്കൂള്‍ ഉള്ള ദിവസങ്ങളേക്കാള്‍ കുട്ടികള്‍ തിരക്കിലാവുന്നത് മധ്യവേനലവധിക്കാലത്താണെന്ന സ്ഥിതിയുണ്ടെന്നും അവർ പറയുന്നു.
നഗരങ്ങളിൽ വിവിധ ഗെയിമുകളിലും കായിക ഇനങ്ങളിലും കുട്ടികൾക്ക് പരിശീലനം നൽകുന്ന സ്ഥാപനങ്ങൾ ക്ലാസുകൾക്ക് തിങ്കളാഴ്ച മുതൽ തുടക്കം കുറിച്ചു. ഗ്രാമങ്ങളിൽ ഇപ്പോഴും പാടവും പറമ്പുകളും കുട്ടികളുടെ ഇഷ്ട കളിയിടങ്ങളാണ്.
ഫുട്ബാൾ, ക്രിക്കറ്റ്, വോളിബാൾ തുടങ്ങിയ കായിക ഇനങ്ങളിൽ താൽപര്യമുള്ള കുട്ടിക്കൂട്ടങ്ങൾ രാവിലെയും വൈകുന്നേരവും ഇത്തരം കളികളിൽ സജീവമാകും. ഇക്കൂട്ടത്തിൽ മത്സരങ്ങളും മാച്ചുകളും സംഘടിപ്പിക്കുന്ന കൂട്ടായ്മകളുമുണ്ട്.
ഏഴാം ക്ലാസുവരെയുള്ള കുട്ടികൾക്ക് ഒരുതരത്തിലുള്ള പഠനവും അവധിക്കാലത്ത് ഉണ്ടാകരുതെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് ട്യൂഷൻ സെന്ററുകൾ വെക്കേഷൻ ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. കുട്ടികളെ തങ്ങളുടെ സ്ഥാപനത്തിൽ മുൻകൂട്ടി പിടിച്ചിരുത്തുക എന്ന ട്യൂഷൻ സ്ഥാപനങ്ങളുടെ തന്ത്രവും ഇതിനു പിന്നിലുണ്ട്.
ശ്രദ്ധിക്കേണ്ടത് രക്ഷാകർത്താക്കൾ
അവധിക്കാലം കുട്ടികൾക്ക് ഏറെ സന്തോഷപ്രദമാക്കുന്നതിൽ രക്ഷാകർത്താക്കൾക്കും ശ്രദ്ധിക്കാനുണ്ട്. അവധിക്കാലം ഏറ്റവും ഉല്ലാസകരമാക്കാനാണ് ശ്രമിക്കേണ്ടത്. പഠനത്തിന് ഉള്ളപോലെ കൃത്യമായ ടൈം ടേബിൾ അനുസരിച്ച് അവധിക്കാല വിനോദവും ചിട്ടപ്പെടുത്തിയാൽ സമയം കൂടുതൽ മെച്ചപ്പെട്ട നിലയിൽ വിനിയോഗിക്കുന്നതിനുള്ള വിരുത് കുട്ടികൾക്ക് പകർന്നു നൽകാനാകും.
കുട്ടികളുടെ കഴിവുകള്‍ കണ്ടറിഞ്ഞു പ്രോത്സാഹിപ്പിക്കലാണ് പ്രധാനം. പഠനത്തിലുപരി കലാ കായിക രംഗത്ത് അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുള്ള സമയമായി അവധിക്കാലത്തെ മാറ്റുന്നതാണ് രക്ഷകർത്താക്കളുടെ മിടുക്ക്. കുട്ടിയുടെ അഭിരുചിയനുസരിച്ച് സംഗീതം, ചിത്രരചന, ഡാൻസ്, കായിക വിനോദം, പാചകം തുടങ്ങിയവയിലേതെങ്കിലും ഒന്നിൽ പരിശീലനം നൽകുന്നത് കുട്ടിയുടെ ആത്മവിശ്വാസം വർധിക്കുന്നതിന് ഇടയാക്കും.
പുതിയ ഭാഷ പഠിക്കുന്നതിനുള്ള അവസരവുമാക്കാം. ഓര്മ ശക്തി, കൈയക്ഷരം എന്നിവ മെച്ചപ്പെടുത്തൽ, പ്രസംഗ പരിശീലനം തുടങ്ങിയവയുമാകാം. സ്ഥിരം ചുറ്റുപാടിൽ നിന്നുള്ള മാറ്റത്തിന് ഊന്നൽ നൽകണം. വിനോദയാത്രകളും ബന്ധു വീട് സന്ദർശനങ്ങളും അതിനായി പ്ലാൻ ചെയ്യാം. ഇന്‍ഡോര്‍ ഗെയ്മുകളിൽ ഒതുങ്ങാതെ പുറത്തുള്ള വിനോദങ്ങൾക്കാണ് ഊന്നൽ നൽകേണ്ടത്. ആയോധനകലയിൽ പരിശീലനം നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.