ഇനി സ്കൂൾ കുട്ടികൾക്കും കെ.എസ്.ആർ.ടി.സിയുടെ ടൂർ പാക്കേജ്
text_fieldsആലപ്പുഴ: കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം നേട്ടം കൊയ്തതോടെ വിദ്യാർഥികൾക്ക് ഉൾപ്പെടെ പുതിയ പാക്കേജുകൾ നടപ്പാക്കാൻ ഒരുക്കം. ഇതിനുവേണ്ടിയുള്ള വിനോദ സഞ്ചാര പാക്കേജിലേക്ക് സഞ്ചാരകേന്ദ്രങ്ങളുടെ പട്ടിക തയാറാക്കിവരുകയാണ്. ഉടൻ പാക്കേജുകൾ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. സ്കൂളുകളിലെ ടൂറിസം ക്ലബുകളുമായി സഹകരിച്ചാണ് കുറഞ്ഞ ചെലവിൽ വിനോദയാത്രകൾ സംഘടിപ്പിക്കുക. ടൂറിസം ക്ലബുകളില്ലെങ്കിൽ രൂപവത്കരണം സാധ്യമാക്കാൻ സഹകരണം നൽകും.
കൃഷ്ണപുരം കൊട്ടാരം, കാർട്ടൂണിസ്റ്റ് ശങ്കർ ദേശീയ കാർട്ടൂൺ മ്യൂസിയം, വലിയഴീക്കൽ ബീച്ച്, വലിയഴീക്കൽ പാലം, ലൈറ്റ് ഹൗസ്, കുമാരകോടി, തകഴി സ്മാരകവും മ്യൂസിയവും, കരുമാടിക്കുട്ടൻ, ആലപ്പുഴ ബീച്ചും ലൈറ്റ് ഹൗസും തുടങ്ങിയവയാണ് പട്ടികയിൽ ഉൾപ്പെടുത്തുക. മുസാവരി ബംഗ്ലാവുകൂടി ചേർക്കാൻ ആലോചനയുണ്ട്. കണ്ണൂർ ജില്ലയിലേക്കുള്ള വിനോദയാത്ര ഒക്ടോബർ എട്ട്, ഒമ്പത് തീയതികളിൽ നടക്കും. കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല തുടങ്ങിയവയാണ് ബോർഡിങ് പോയന്റുകൾ. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ഇപ്പോൾ എട്ടുമണിക്കൂർ നീളുന്ന 300 രൂപയുടെ പാക്കേജും 12 മണിക്കൂർ നീളുന്ന 360 രൂപയുടെ പാക്കേജുമാണ് നടപ്പാക്കിയത്. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉൾക്കൊള്ളിച്ചുള്ള യാത്ര പഞ്ചപാണ്ഡവ ക്ഷേത്രദർശനം പാക്കേജ് പോലെ ഹിറ്റാകുമെന്നാണ് പ്രതീക്ഷ. ഒക്ടോബർ ഒമ്പതിന് അവസാനിക്കുന്ന പഞ്ചപാണ്ഡവ ക്ഷേത്രദർശന യാത്രയിൽ ഇതുവരെ പങ്കെടുത്തത് ആയിരത്തിലേറെ തീർഥാടകരാണ്. 25 ട്രിപ്പാണ് ഇതുവരെ നടന്നത്. ഇനിയും സർവിസുകൾ ബാക്കിയുണ്ട്. ആറന്മുള വള്ളസദ്യയിൽ പങ്കെടുക്കുന്നതിന് അവസരംകൂടി നൽകിയ ക്ഷേത്രദർശന പാക്കേജ് നാലമ്പല ക്ഷേത്രദർശന സർവിസുകൾക്കുശേഷമാണ് തുടങ്ങിയത്. നാലമ്പല ക്ഷേത്ര ദർശനയാത്രയും വിജയമായിരുന്നു. ജില്ലയിൽനിന്ന് 30 സർവിസാണ് നടത്തിയത്. വരുമാനം 11 ലക്ഷം രൂപ. 1300 യാത്രക്കാർ സർവിസുകൾ പ്രയോജനപ്പെടുത്തിയെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.