ഓണാവധി: ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കും
text_fieldsആലപ്പുഴ: ഓണാവധിക്ക് കായൽ സൗന്ദര്യം നുകരാൻ വിനോദസഞ്ചാരികൾ ആലപ്പുഴയിലേക്ക് ഒഴുകിയെത്തും. വേമ്പനാട്ടുകായലിൽ യാത്രരേഖകളില്ലാതെ ഓടുന്ന ഹൗസ് ബോട്ടുകളുടേതക്കം യാത്ര സുരക്ഷിതമാക്കാൻ പരിശാധനയുമായി കേരള മാരീടൈം ബോർഡ്.
വിനോദസഞ്ചാര ബോട്ടുകളിൽ ആവശ്യമായ ജീവൻരക്ഷ ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതും അനുവദനീയമായ ആളുകൾ മാത്രമേ കയറുന്നുള്ളൂവെന്നും ഉറപ്പാക്കേണ്ടത് ബോട്ടുടമയുടെയും ഡ്രൈവറുടെയും കടമയാണ്.
നിയമപ്രകാരം യാത്രക്കാർ ലൈഫ് ജാക്കറ്റ് ധരിക്കേണ്ട യാനങ്ങളിൽ അത് ഉറപ്പാക്കേണ്ടത് ബോട്ട് ഡ്രൈവറുടെ കടമയാണ്. രജിസ്ട്രേഷൻ, സർവേ ഇല്ലാതെ സർവിസ് നടത്തിയാൽ അവ പിടിച്ചെടുത്ത് നശിപ്പിക്കുന്ന നടപടിയെടുക്കും.
അംഗീകൃത ലൈസൻസ് ഇല്ലാതെ ബോട്ടുകൾ ഓടിച്ചാൽ ഓടിക്കുന്ന ആൾക്കും ഉടമക്കുമെതിരെ കർശന നടപടിയുണ്ടാകും. വിനോദസഞ്ചാരത്തിന് എത്തുന്നവർ യാത്ര ചെയ്യുന്നത് അംഗീകൃതമാണോയെന്ന് പ്രദർശിപ്പിച്ച സർട്ടിഫിക്കറ്റ് നോക്കി മനസ്സിലാക്കണം. രജിസ്ട്രേഷൻ, ഇൻഷുറൻസ് എന്നിവ ഉണ്ടോയെന്ന് ഉറപ്പാക്കണം.
ഹൗസ് ബോട്ടുകളിൽ സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കണമെന്ന തുറമുഖ വകുപ്പിന്റെ നിർദേശം പാലിക്കാൻ ചില ബോട്ടുടമകൾ മടിക്കുന്നതായി ആക്ഷേപമുണ്ട്.തുറമുഖ വകുപ്പും ടൂറിസം പൊലീസും രേഖകളില്ലാതെ സവാരി നടത്തുന്ന ബോട്ടുകൾ കണ്ടെത്തിയെങ്കിലും തുടർനടപടി കടലാസിൽ ഒതുങ്ങും.
വേമ്പനാട്ടുകായലിൽ അനധികൃതമായി ഓടുന്ന 1800 ഹൗസ് ബോട്ടുകൾ ഉണ്ടെന്നാണ് കണക്ക്. ആലപ്പുഴ പോർട്ട് ഓഫിസൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് 800 ഹൗസ് ബോട്ടുകൾ മാത്രമാണ്. പുന്നമടയിൽ മാത്രം പരിശോധന നടത്തിയപ്പോൾ ഇതിന്റ ഇരട്ടിയിലധികം ശിക്കാരകളും മറ്റ് ബോട്ടുകളും ലൈസൻസുമില്ലാതെ സർവിസ് നടത്തുന്നുണ്ടെന്നായിരുന്നു കണ്ടെത്തൽ.
ബോട്ട് സർവിസ് നടത്തുന്നവർ മതിയായ സുരക്ഷ മാനദണ്ഡങ്ങളും സാധുവായ രജിസ്ട്രേഷൻ, സർവേ, ഇൻഷുറൻസ് സർട്ടിഫിക്കറ്റുകളും മറ്റ് നിയമാനുസൃത രേഖകളും കൂടാതെ സർവിസ് നടത്തരുതെന്ന് തുറമുഖ ഓഫിസർ അറിയിച്ചു.
കാലപ്പഴക്കമാണ് പല ഹൗസ് ബോട്ടുകളുടെയും കാര്യത്തിൽ വില്ലനാകുന്നത്. സമയാസമയങ്ങളിൽ പുതുക്കിയും അറ്റകുറ്റപ്പണി നടത്തി മുന്നോട്ടുപോകാത്തതാണ് പ്രശ്നം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.