ഓണവിപണി പിടിച്ച് 'നാച്വറൽ കഞ്ഞിക്കുഴി' വിറ്റഴിച്ചത് 15 ലക്ഷത്തിന്‍റെ ഉൽപന്നങ്ങൾ
text_fieldsമാരാരിക്കുളം: ഓണക്കാലത്ത് കഞ്ഞിക്കുഴി പഞ്ചായത്തിൽ കുടുംബശ്രീ വഴി വിറ്റഴിച്ചത് 15 ലക്ഷം രൂപയുടെ നാച്വറൽ കഞ്ഞിക്കുഴി ഉൽപന്നങ്ങൾ. പഞ്ചായത്തിൽ രൂപവത്കരിച്ച കുടുംബശ്രീ വിപണന ശൃംഖല വഴിയാണ് ഉൽപന്നങ്ങൾ വിറ്റഴിച്ചത്. കഞ്ഞിക്കുഴിയിലെ കുടുംബശ്രീ അംഗങ്ങൾ ഉൽപാദിപ്പിച്ച ഉൽപന്നങ്ങളുടെ ബ്രാൻഡ് നെയിമാണ് നാച്വറൽ കഞ്ഞിക്കുഴി. വിപണി പ്രശ്നമായപ്പോഴാണ് പഞ്ചായത്ത് സി.ഡി.എസ് മുഖാന്തരം വാർഡുകളിൽ വിപണനത്തിന് അഞ്ചംഗ സമിതിയെ നിശ്ചയിച്ചത്. ഓരോ വാർഡിലും എ.ഡി.എസ് ആണ് ഗ്രൂപ്പിനെ തെരഞ്ഞെടുത്തത്.
ഓരോ ഉൽപന്നത്തിന്‍റെയും വിപണനത്തിന് കമീഷനും നിശ്ചയിച്ചിരുന്നു. ഓണവിപണിയിൽ കിട്ടിയ വിജയത്തിന്‍റെ ഊർജം ഉൾക്കൊണ്ട് കൂടുതൽ ശക്തമാക്കാനാണ് കുടുംബശ്രീ ആലോചിക്കുന്നത്. താമസിയാതെ വാർഡുകളിൽ സ്ഥിരം കട ആരംഭിക്കാനുള്ള പദ്ധതി പണിപ്പുരയിലാണ്.
എസ്.എൻ കോളജിനുസമീപം സ്ഥിരം കുടുംബശ്രീ സൂപ്പർ മാർക്കറ്റ് ആരംഭിക്കുന്നതിന് കുടുംബശ്രീ ജില്ല മിഷൻ അഞ്ചുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വാർഡുകളിൽ രൂപവത്കരിച്ച വിപണന ശൃംഖല അംഗങ്ങൾക്കുള്ള കമീഷൻ പഞ്ചായത്ത് പ്രസിഡന്‍റ് ഗീതാ കാർത്തികേയൻ വിതരണം ചെയ്തു. വൈസ് പ്രസിഡന്‍റ് അഡ്വ.എം. സന്തോഷ് കുമാർ, ഫാക്കൽറ്റി അംഗങ്ങളായി പി.എസ്. ഹരിദാസ്, കെ.കെ. പ്രതാപൻ, ടി.എൻ. വിശ്വനാഥൻ, റെജി പുഷ്പാംഗദൻ, രതിമോൾ എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ സുനിതാ സുനിൽ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.