ഓണാട്ടുകരയുടെ ‘ഗാന്ധി’ ഓർമയായി
text_fieldsചാരുംമൂട്: ഗാന്ധിജിയുടെ വേഷംധരിച്ച് നിരവധി വേദികളിലെത്തി ശ്രദ്ധനേടിയ താമരക്കുളം ചാവടിയിൽ പാറപ്പുറത്ത് വീട്ടിൽ ബഷീർ (74) ജീവിതവേഷം അഴിച്ചുവെച്ച് ഓർമയായി. ഏറെ നാളായി ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ അന്ത്യം തിങ്കളാഴ്ച പുലർച്ചയായിരുന്നു. വർഷങ്ങളായി താറുടുത്ത് കണ്ണടയും ഊന്നുവടിയും കൈയിൽ പുസ്തകവുമായി വേദികളിലെത്തിയിരുന്ന ബഷീർ ഓണാട്ടുകരയുടെ മനസ്സിൽ സ്വന്തം ഗാന്ധി ബഷീറായിരുന്നു. കമേഴ്സ്യൽ ആർട്ടിസ്റ്റും അനൗൺസറും നടനും പൊതുപ്രവർത്തകനുമൊക്കെയായി പ്രവർത്തിച്ചിരുന്ന ബഷീറിന്റെ വേർപാട് നാട്ടുകാരെ ദുഃഖത്തിലാക്കി. ബഷീറില്ലാത്ത ഒരു ആഘോഷവും നാട്ടിലുണ്ടായിരുന്നില്ല.
ഓണം വന്നാലും ഉത്സവം വന്നാലും ഉദ്ഘാടനങ്ങൾ നടന്നാലും എന്തിന് മരണവിവരം പോലും ബഷീറിന്റെ ശബ്ദത്തിലൂടെയാണ് നാട്ടുകാർ അറിഞ്ഞിരുന്നത്. ആഘോഷങ്ങൾ ആവേശത്തോടെ വിളിച്ചുപറയുകയും ദുഃഖനിമിഷങ്ങളിൽ വികാരാർദ്രമായി സംസാരിക്കുകയും ചെയ്തിരുന്ന ബഷീറിന്റെ ശബ്ദം ഏറെ ശ്രദ്ധനേടിയിരുന്നു.18ാം വയസ്സിലാണ് അനൗൻസ്മെന്റ് രംഗത്തേക്ക് ബഷീർ എത്തുന്നത്. 2011ൽ ശൂരനാട്ട് തെന്നല ബാലകൃഷ്ണപിള്ള സപ്തതി സ്മാരക മന്ദിരം ഉദ്ഘാടന ഘോഷയാത്രയിൽ ബഷീറിന്റെ ഗാന്ധിജിയെ കണ്ടപ്പോൾ, യഥാർഥ ഗാന്ധിയെ കണ്ടിട്ടില്ലാത്ത കുട്ടികളടക്കമുള്ളവർ ഗാന്ധിയുമായുള്ള സാമ്യം കണ്ട് ആശ്ചര്യംകൂറി. ഇതോടെ വിവിധ പരിപാടികളിൽ ബഷീറിന്റെ ഗാന്ധി ഒഴിച്ചുകൂടാത്തതായി മാറി.
മതസൗഹാർദ റാലികളിലും സമ്മേളനങ്ങളിലും മഹാത്മജി അനുസ്മരണ പരിപാടികളിലുമൊക്കെ പിന്നീട് ബഷീറായി നാടിന്റെ ഗാന്ധി. നൂറുകണക്കിന് വേദികളിലാണ് ബഷീർ ഗാന്ധി വേഷത്തിൽ പിന്നീട് എത്തിയത്. 2013ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പങ്കെടുത്ത ജനസമ്പർക്ക പരിപാടിയിലെത്തി അഭിനന്ദനം ഏറ്റുവാങ്ങിയത് മറക്കാൻ കഴിയില്ലെന്ന് ബഷീർ പറയുമായിരുന്നു. ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് അന്ന് ഗാന്ധിവേഷത്തിൽ പരാതി നൽകാൻ ബഷീർ എത്തിയത്. ആദ്യം പൊലീസ് തടഞ്ഞെങ്കിലും ഗാന്ധി വേഷധാരിയെ മുഖ്യമന്ത്രിയുടെ അരികിലേക്ക് കടത്തിവിട്ടു. തന്റെ പരാതിയും സങ്കടങ്ങളും ബോധിപ്പിച്ചശേഷം മുഖ്യമന്ത്രിയുടെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചശേഷമാണ് അന്ന് വേദിവിട്ടത്.
രാഷ്ട്രീയ-സാമൂഹിക- സാംസ്കാരിക മേഖലകളിൽ നിന്നടക്കം നൂറുകണക്കിന് പേർ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എസ്. അരുൺ കുമാർ എം.എൽ.എ, മുൻ എം.എൽ.എ കെ.കെ. ഷാജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണു, ചത്തിയറ വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ കെ.എൻ. അശോക് കുമാർ തുടങ്ങിയവർ അനുശോചിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.