ഓൺലൈൻ തട്ടിപ്പ്; തായ്വാൻ പ്രതികളെ ചോദ്യംചെയ്യാൻ സൈബർ ഡോം വിദഗ്ധരെത്തി
text_fieldsആലപ്പുഴ: ഓൺലൈൻ തട്ടിപ്പ് കേസിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന തായ്വാൻ പ്രതികളെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സൈബർ ഡോം വിദഗ്ധരെത്തി. ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽനിന്ന് 7.65 കോടി തട്ടിയ കേസിലെ പ്രതികളായ തായ്വാനിലെ പിങ്ചെൻ സ്വദേശികളായ വാങ് ചുൻ-വെയ് (26), ഷെൻ വെയ്-ഹോ (35) എന്നിവരിൽനിന്ന് തട്ടിപ്പിലെ സൈബർ രീതികളെക്കുറിച്ച് അറിയാനാണിത്.
ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ആസൂത്രണവും നടത്തിപ്പും സംബന്ധിച്ച ചോദ്യങ്ങൾക്ക് ഇവർ കൃത്യമായ വിവരം നൽകിയിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥരുമായി രണ്ടാംദിവസവും വേണ്ടത്ര സഹകരിക്കുന്നില്ലെന്നാണ് വിവരം.
ചോദ്യം ചെയ്യലിൽ കിട്ടുന്ന വിവരങ്ങൾ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ ഉദ്യോഗസ്ഥരോടും പങ്കുവെക്കും. സംസ്ഥാനത്തെ വേറെയും സൈബർ തട്ടിപ്പ് കേസുകളിലെ സൂത്രധാരന്മാരാണ് തായ്വാൻ പ്രതികളെന്ന സൂചനയുമുണ്ട്.
ഈ മാസം 27ന് കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനുമുമ്പ് പരമാവധി വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ചൈനയിലെ മാൻഡരിൻ ഭാഷ അറിയുന്ന ഭാഷാവിദഗ്ധന്റെ സേവനം ഉപയോഗിച്ചാണ് ചോദ്യം ചെയ്യുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.