പായസം മുതൽ ബിരിയാണി വരെ...പ്രാദേശിക ഓൺലൈൻ വിൽപന സജീവം
text_fieldsഅരൂർ: തിരുവോണദിവസം പരിപ്പുപായസം ആവശ്യമുള്ളവർ വിളിക്കുക എന്ന് കാണിച്ച് സെൽ നമ്പർ കൊടുത്ത വാട്സ്ആപ് സന്ദേശങ്ങൾ കോവിഡ് കാലത്ത് പുതുമയല്ലാതായി. പായസത്തിൽ മാത്രം ഒതുങ്ങുന്നില്ല ഓൺലൈൻ വിൽപന. അതിനപ്പുറം ഉപഭോക്താവിന് എന്താണ് ആവശ്യമെന്ന് കണ്ടറിഞ്ഞ് എത്തിച്ചുകൊടുക്കുന്ന പ്രാദേശികതലത്തിൽ പ്രവർത്തിക്കുന്ന നിരവധി ഓൺലൈൻ വിൽപന സംവിധാനങ്ങളുണ്ട്. ഒരുലിറ്ററിന് 250 രൂപക്ക് അരൂർ, അരൂക്കുറ്റി എന്നിവിടങ്ങളിൽ പായസം എത്തിച്ചുതരുമെന്ന ഉറപ്പിലാണ് വാട്സ്ആപ് സന്ദേശങ്ങൾ. ഇതിനകം പലരും ഈ മാർഗം അവലംബിച്ചിട്ടുണ്ട്.
കോവിഡുകാലത്ത് രോഗവ്യാപനത്തെക്കാൾ വേഗത്തിൽ സമൂഹ മാധ്യമങ്ങളിൽ പരക്കുന്ന ഇത്തരം അറിയിപ്പുകളിൽ അടങ്ങിയിരിക്കുന്നത് അതിജീവനത്തിെൻറ കഥകളാണ്. കോവിഡ് ദുരിതകാലത്ത് പലർക്കും ജോലി നഷ്ടമായ അവസ്ഥയാണ്. ജോലിയുള്ളവർക്കുതന്നെ വലിയ തോതിൽ ശമ്പളം വെട്ടിക്കുറച്ചിരിക്കുകയാണ്. അതിനാൽ മിക്ക വീടുകളും സ്വന്തം നിലയിൽ ഏതെങ്കിലും വിധത്തിെല കച്ചവടകേന്ദ്രങ്ങളാവുകയാണ്.
മിക്കവരും പലവിധ പലഹാരങ്ങളാണ് ഉണ്ടാക്കുന്നത്. അതിൽപെട്ടതാണ് പായസം. ഇതിനുപുറമെ പലതരം പൊതിച്ചോറുകൾ നേരേത്തമുതൽ വിപണിയിലുണ്ട്. വാഴയിലയിൽ പൊതിഞ്ഞ് പത്രക്കടലാസുകൊണ്ട് കെട്ടിയ ഇതിൽ വെജിറ്റേറിയനും നോൺ വെജിറ്റേറിയനുമുണ്ട്. പ്രമേഹരോഗികൾ താൽപര്യം കാണിക്കുന്ന ഗോതമ്പ് പൊറോട്ടക്കും ആവശ്യക്കാർ ഏറെയാണ്. അതിനുശേഷമേ ചപ്പാത്തിക്ക് ആവശ്യക്കാരുള്ളൂ. ഇതിനിടെ, കിഴിയായി വാഴയിലയിൽ പൊതിഞ്ഞ മൂന്നോ നാലോ പൊറോട്ടയുടെ ഇടയിൽ ബീഫും ചിക്കനും ഓംലറ്റും നിറക്കുന്ന ഐറ്റമാണ് ഓൺലൈനിലെ പുതിയ താരം. അച്ചാറുകൾ, ചമ്മന്തിപ്പൊടി വരെ തയാറാക്കി എത്തിച്ചുനൽകുന്ന സംവിധാനം സജീവമാണ്.
പരീക്ഷണാർഥം തുടങ്ങിയ പലരും നിന്നുതിരിയാൻ പറ്റാത്തവിധം സ്ഥിരംകച്ചവടക്കാരായി. ഹോട്ടലുകൾ നടത്തിയിരുന്നവരും നിലനിൽപിന് ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.