കരുതൽ അരൂരിനോടും
text_fieldsഅരൂർ: അരൂർ മണ്ഡലത്തിലെ വികസനകാര്യങ്ങളിൽ എന്നും പ്രത്യേക താൽപര്യം ഉമ്മൻ ചാണ്ടി കാണിച്ചിരുന്നുവെന്ന് കോൺഗ്രസ് നേതാക്കളോടൊപ്പം എൽ.ഡി.എഫ് നേതാക്കളും പ്രവർത്തകരും പറയുന്നു. കേരളത്തിൽ യു.ഡി.എഫ് ഭരണവും അരൂർ മണ്ഡലത്തിൽ എ.എം. ആരിഫ് ഇടതുപക്ഷ എം.എൽ.എയുമായി ഇരുന്ന സമയത്തും അരൂർ മണ്ഡലത്തിന് അർഹമായ വികസന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് അകമഴിഞ്ഞു നൽകാൻ ഉമ്മൻ ചാണ്ടി മടികാണിച്ചിട്ടില്ലെന്ന് ഇവിടത്തുകാർ ഓർക്കുന്നു.
ആലപ്പുഴയിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ അരൂർ നിയോജക മണ്ഡലത്തിൽനിന്ന് നിരവധി പേരെയാണ് കോൺഗ്രസ് പ്രവർത്തകർ എത്തിച്ചത്. അർഹരായ മുഴുവൻ ആളുകൾക്കും സഹായം നൽകാൻ ഉമ്മൻ ചാണ്ടി പ്രത്യേക താൽപര്യമെടുത്തെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. പൊതുകാര്യങ്ങൾക്കു മാത്രമല്ല, കോൺഗ്രസ് പ്രവർത്തകരുടെ ചികിത്സപോലുള്ള സ്വകാര്യ ആവശ്യങ്ങളും ഉമ്മൻ ചാണ്ടിയോട് തുറന്നു സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് കുതിര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് പായിക്കാട് പറഞ്ഞു. പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന തീരമേഖലയെ കിഴക്കൻ മേഖലകളുമായി ബന്ധപ്പെടുത്തുന്ന തുറവൂർ-പമ്പ പാതയുടെ ആദ്യ പാലമായ തുറവൂർ-തൈക്കാട്ടുശ്ശേരി പാലം ഉദ്ഘാടനം ചെയ്തത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. അരൂർ മണ്ഡലത്തെ എറണാകുളം ജില്ലയുമായി ബന്ധപ്പെടുത്തുന്ന കുമ്പളങ്ങി-എഴുപുന്ന പാലം കുറെ നാളുകൾ അപ്രോച്ച് റോഡ് നിർമിക്കാതെ കിടന്നു. ഇതിന് ഫണ്ട് അനുവദിക്കുകയും പാലം പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് എത്തുകയും ചെയ്തു.
ഏറ്റവും ഒടുവിൽ ഷാനിമോൾ ഉസ്മാൻ അരൂർ അസംബ്ലി നിയോജകമണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ ഉമ്മൻ ചാണ്ടി പ്രചാരണത്തിന്റെ ഭാഗമായി അരൂരിൽ എത്തിയിരുന്നു. 2011 മുതൽ 2016 വരെ മുഖ്യമന്ത്രിയായപ്പോഴാണ് 2015 മേയ് 27ന് ഉമ്മൻ ചാണ്ടി തൈക്കാട്ടുശ്ശേരിയിലെ ആദ്യ പാലം തുറന്നുകൊടുക്കുകയും രണ്ടാം പാലം മാക്കേക്കടവ് 2017ൽ തുറക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. 159 കോടി രൂപ ചെലവില്‍ തൈക്കാട്ടുശ്ശേരി കായലിന് കുറുകെ പാലം നിര്‍മിച്ച് 2015ല്‍ പാലം നാടിന് സമര്‍പ്പിക്കുമ്പോള്‍ പ്രതിപക്ഷം ഉദ്ഘാടന സ്ഥലത്തും പ്രതിഷേധമുണ്ടാക്കിയെങ്കിലും സൗമ്യമായി ചിരിച്ച് എന്തിനെയും നേരിടുന്ന പതിവ് ശൈലിയിലായിരുന്നു ഉമ്മൻ ചാണ്ടിക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.