ആന്റണിയുടെ കോലം കത്തിച്ച ഉമ്മൻ ചാണ്ടി ഗ്രൂപ്പിന്റെ ഓർമയിൽ ഓണാട്ടുകര
text_fieldsകായംകുളം: ഓണാട്ടുകരയുടെ തെരുവിൽ എ.കെ. ആന്റണിയുടെ കോലം കത്തിച്ചതിലൂടെയാണ് എ ഗ്രൂപ്പിനുള്ളിൽ ഉമ്മൻ ചാണ്ടിയുടെ ഉപ ഗ്രൂപ് ശക്തമായിരുന്നതെന്ന് ഒരുകാലത്ത് പൊതുസമൂഹം തിരിച്ചറിഞ്ഞത്. 1995ൽ കെ. കരുണാകരൻ രാജിവെച്ചപ്പോൾ കപ്പിനും ചുണ്ടിനുമിടയിൽ ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത് അദ്ദേഹത്തെ സ്നേഹിച്ച പ്രവർത്തകരെ അസ്വസ്ഥതപ്പെടുത്തിയിരുന്നു. ഇതിൽ ആദ്യം ഉയർന്ന പ്രതിഷേധം കായംകുളത്തായിരുന്നു. ആന്റണിയുടെ കോലം തെരുവിൽനിന്ന് കത്തിയത് എ ഗ്രൂപ്പിനുള്ളിൽ സൃഷ്ടിച്ച ആഘാതം കനത്തതായിരുന്നു. ഗ്രൂപ്പിനുള്ളിൽ വലിയ പൊട്ടിത്തെറികൾക്കും ഇത് വഴിതെളിച്ചു. ഉമ്മൻ ചാണ്ടിക്ക് അത്രയേറെ വിശ്വസ്തരായ അനുയായികളാണ് ഓണാട്ടുകരയിൽ ഉണ്ടായിരുന്നത്. കാലം പിന്നിട്ടതോടെ ഗ്രൂപ്പുകളിൽ മാറ്റം സംഭവിച്ചെങ്കിലും പഴയകാല സൗഹൃദത്തിന് കോട്ടം തട്ടാതെ കാത്തുസൂക്ഷിച്ചിരുന്നു.
ഓണാട്ടുകരയുടെ ഖദർ രാഷ്ട്രീയത്തിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി എന്നും നിറഞ്ഞുനിന്നയാളാണ് ഉമ്മൻ ചാണ്ടി. കെ.എസ്.യു പ്രസിഡന്റായിരുന്ന കാലം മുതൽ തുടങ്ങിയ ബന്ധം അവസാന സമയം വരെയും നിലനിർത്തി. ആന്റണിയുടെ ചിന്താധാരയോട് ചേർന്നുനിന്ന ഓടനാട്ടിലെ പാർട്ടിയെ ഹൃദ്യമായ പെരുമാറ്റത്തിലൂടെ ഒപ്പം ചേർത്ത ചരിത്രമാണ് ഉമ്മൻ ചാണ്ടിക്കുള്ളത്. ഇവിടത്തെ ഏതൊരു പ്രവർത്തകെൻറയും സന്തോഷത്തിലും സങ്കടങ്ങളിലും ഓടിയെത്തിയതിലൂടെയാണ് ഹൃദയങ്ങൾ കീഴടക്കിയത്. പ്രിയപ്പെട്ടവരുടെ മരണങ്ങളിൽ വിറങ്ങലിച്ച് നിന്ന പ്രവർത്തകരുടെ വീടുകളിലേക്ക് ആശ്വാസവുമായി എത്തിയിരുന്ന നേതാവായിരുന്നു.
യൂത്ത് കോൺഗ്രസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായി മാറുന്ന ഓരോ ഘട്ടത്തിലും ബന്ധം വിപുലമാകുകയായിരുന്നു. മുൻ നഗരസഭ ചെയർമാനായിരുന്ന ടി.എ. ജാഫർകുട്ടി, ശാസ്താംപറമ്പിൽ ശങ്കരൻകുട്ടി, കണ്ണാഞ്ചിറ ദാമോദരൻ, വി.കെ. രാജഗോപാൽ എന്നിവരായിരുന്നു ആദ്യകാല സൗഹൃദങ്ങളിൽ ഇടംപിടിച്ചവർ. ഇതിൽ രാജഗോപാൽ ഒഴികെയുള്ളവർ കാലയവനികക്കുള്ളിൽ മറഞ്ഞു. 2004 ഡിസംബർ 26ന് സൂനാമി തിരമാലകൾ ആറാട്ടുപുഴ തീരത്ത് ദുരന്തം വിതച്ചപ്പോൾ പുതുപ്പള്ളിയിലെ ക്രിസ്മസ് ആഘോഷച്ചടങ്ങിനിടയിൽനിന്നും കായംകുളത്തേക്ക് കുതിച്ചെത്തിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നാട് ഇന്നും ഓർക്കുന്നുണ്ട്. ദുരന്തങ്ങളിൽ വിറങ്ങലിച്ചുപോയ തീരഗ്രാമത്തിൽനിന്നും അഭയാർഥികളായി ഒഴുകിയെത്തിയത് കായംകുളത്തേക്കായിരുന്നു. സൂനാമി ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങളും ഗവ. ആശുപത്രിയിലേക്കാണ് എത്തിച്ചത്. ഇവിടെയും ഓരോ ദുരിതാശ്വാസ ക്യാമ്പിലും ഓടിയെത്തി ഏവരെയും ആശ്വസിപ്പിച്ചും ആത്മവിശ്വാസം പകർന്നും മുന്നിൽ നിന്ന ഉമ്മൻ ചാണ്ടി ഇന്നും അവരുടെ മനസ്സുകളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.