ഒ.പി ടിക്കറ്റ് ഇനി വിരൽത്തുമ്പിൽ
text_fieldsആലപ്പുഴ: സർക്കാർ ആശുപത്രികളിലെ ഡോക്ടറെ കാണാൻ പൊതുജനങ്ങൾക്ക് ഇ-ഹെൽത്ത് വഴി ഓൺലൈനായി അപ്പോയിൻമെന്റ് എടുക്കാൻ അവസരം. എവിടെ നിന്ന് വേണമെങ്കിലും ഇന്റർനെറ്റ് സഹായത്തോടെ ഒ.പി ടിക്കറ്റ് ബുക്ക് ചെയ്യാം. സർക്കാർ ആശുപത്രികളിലെ ഇ-ഗവേണൻസിന്റെ ഭാഗമായാണ് പുതിയ സംവിധാനമെന്ന് ഡി.എം.ഒ (ആരോഗ്യം) അറിയിച്ചു.
ആദ്യഘട്ടത്തിൽ തുറവൂർ താലൂക്ക് ആശുപത്രി, ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, മാവേലിക്കര ജില്ല ആശുപത്രി എന്നിവിടങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളായ പുന്നപ്ര നോർത്ത്, പുറക്കാട്, വെട്ടക്കൽ, അരൂർ, ചെറുതന, കഞ്ഞിക്കുഴി, പാലമേൽ, പാണാവള്ളി, ആറാട്ടുപുഴ, പള്ളിപ്പുറം, താമരക്കുളം, വീയ്യപുരം, പെരുമ്പളം, ഭരണിക്കാവ്, ചെട്ടികുളങ്ങര, പള്ളിത്തോട്, എഴുപുന്ന, കലവൂർ, കാർത്തികപ്പള്ളി, മാരാരിക്കുളം നോർത്ത്, ദേവികുളങ്ങര, വയലാർ, ചേർത്തല സൗത്ത്, കണ്ടല്ലൂർ, നൂറനാട്, തോട്ടപ്പള്ളി എന്നിവിടങ്ങിലും യു.പി.എച്ച്.സി മുല്ലാത്ത് വളപ്പ്, യു.പി.എച്ച്.സി ചേരാവള്ളി എന്നീ ആരോഗ്യ കേന്ദ്രങ്ങളിലുമാണ് സേവനം ഒരുക്കിയിട്ടുള്ളത്.
ടിക്കറ്റ് എങ്ങനെ എടുക്കാം
- ആദ്യം ഇ-ഹെൽത്ത് സൈറ്റിൽ രജിസ്റ്റർ ചെയ്യുക.
- https://ehealth.kerala.gov.in സൈറ്റിൽ ലോഗിൻ ചെയ്തശേഷം ആധാർ നമ്പർ സമർപ്പിച്ചാൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കു ഒ.ടി.പി വരും.
- ഇത് സമർപ്പിച്ചാൽ 16 അക്ക യുനീക് ഹെൽത്ത് ഐഡന്റിഫിക്കേഷൻ നമ്പർ ലഭിക്കും.
- ഈ നമ്പർ ഇ-ഹെൽത്ത് സേവനങ്ങൾക്ക് ഉപയോഗിക്കാം. ബുക്ക് ചെയ്യുന്ന ഒ.പി ടിക്കറ്റ് എസ്.എം.എസ് സന്ദേശമായി ലഭിക്കും. ആവശ്യമെങ്കിൽ പ്രിന്റ് എടുക്കാം.
- എസ്.എം.എസ് ആശുപത്രിയിൽ കാണിച്ചാൽ ഡോക്ടറെ കാണാം.
- https://ehealth.kerala.gov.in എന്ന സൈറ്റിൽ ജില്ലയിലെ ഓൺലൈൻ അപ്പോയ്ന്റ്മെന്റ് സൗകര്യമുള്ള ആശുപത്രികളുടെ വിവരങ്ങൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.