ഓറഞ്ച് അലർട്ട്: ദ്രുതകർമ സേന രൂപവത്കരിച്ചു
text_fieldsആലപ്പുഴ: ശക്തമായ മഴക്ക് സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വെള്ളപ്പൊക്കം ഇല്ലാതാക്കാൻ നഗരസഭ കൈക്കൊള്ളുന്ന നടപടികൾ വിലയിരുത്താൻ കൗൺസിലർമാരുടെ അടിയന്തര ഓൺലൈൻ യോഗം വിളിച്ചു. 52 വാർഡുകളിലെയും ജല നിർഗമന മാർഗങ്ങൾ ശുചീകരിക്കുന്ന 'മഴയെത്തും മുൻപേ' മാസ് ശുചീകരണ കാമ്പയിനിൽ 49 വാർഡിലെയും പ്രവർത്തനങ്ങൾ പൂർത്തിയായതായി വിലയിരുത്തി. നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ദ്രുതകർമ സേന രൂപവത്കരിച്ചു. നഗരസഭയുടെ അഞ്ച് ഹെൽത്ത് സർക്കിളുകളിൽ ഓരോ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിലാണ് ഏകോപനം. പൊതുവെയുള്ള ഏകോപനത്തിനായി നഗരസഭയിൽ പ്രത്യേക കൺട്രോൾ റൂം തുറന്നു. ഫോൺ: 2251792.
നഗരസഭയുടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പ്രതികൂല കാലാവസ്ഥയിലും വാടപ്പൊഴി, അയ്യപ്പൻ പൊഴി, മുതലപ്പൊഴി, തുമ്പോളിപ്പൊഴി എന്നിവ മുറിച്ചു. ആവശ്യം വന്നാൽ ഒരു മണ്ണുമാന്തി യന്ത്രം കൂടി വാടകക്ക് എടുക്കാൻ തീരുമാനിച്ചു. പമ്പിങ് മോട്ടോറുകൾ വെള്ളക്കെട്ട് ഒഴിവാക്കാൻ ഉപയോഗിച്ചു വരുന്നു. ലജ്നത്ത്, സക്കറിയ വാർഡുകളിലെ വെള്ളക്കെട്ട് പരിഹരിച്ചു വരുകയാണ്. എടുക്കുന്ന മാലിന്യം സ്ഥലം കണ്ടെത്തി നിക്ഷേപിക്കാൻ തീരുമാനിച്ചു. തത്തംപള്ളി, പുന്നമട വാർഡുകളിലെ വെള്ളക്കെട്ട് പൊതുമരാമത്ത് വകുപ്പിന്‍റെ കൂടി സഹായത്തോടെ പരിഹരിക്കാൻ യോഗം നിർദേശം നൽകി.മഴക്കാലപൂർവ മുന്നൊരുക്ക ഭാഗമായി റവന്യൂ, കെ.എസ്.ഇ.ബി, പൊതുമരാമത്ത്, ഫയർഫോഴ്സ് വകുപ്പുകളുടെ യോഗം കഴിഞ്ഞ 27ന് നഗരസഭ വിളിച്ചിരുന്നു. അതിൽ എടുത്ത തീരുമാനങ്ങളുടെ പ്രവർത്തന പുരോഗതി വിലയിരുത്താൻ തീരുമാനിച്ചു.
നഗരസഭ അധ്യക്ഷ സൗമ്യ രാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ബീന രമേശ്, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ. ബാബു, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ആർ. വിനീത, നഗരസഭ പ്രതിപക്ഷ നേതാവ് റീഗോ രാജു, എം.ആർ. പ്രേം, നഗരസഭ സെക്രട്ടറി നീതുലാൽ, ഹെൽത്ത് ഓഫിസർ കെ.പി. വർഗീസ്, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ സംസാരിച്ചു.
കൺട്രോൾ റൂം തുറന്നു
ആലപ്പുഴ: മഴ മുന്നറിയിപ്പിനെത്തുടർന്ന് ജില്ലയിൽ കൺട്രോൾ റൂം തുറന്നു. ജില്ല ആസ്ഥാനത്തും വിവിധ താലൂക്കുകളിലും 24 മണിക്കൂറും ഇവ പ്രവർത്തിക്കും. കലക്ടറേറ്റ്-0477 2238630, ടോൾ ഫ്രീ നമ്പർ- 1077, ചേർത്തല- 0478 2813103, അമ്പലപ്പുഴ-0477 2253771, കുട്ടനാട്-0477 2702221, കാർത്തികപ്പള്ളി -0479 2412797, മാവേലിക്കര-0479 2302216, ചെങ്ങന്നൂർ- 0479 2452334.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.