നെല്ലിന് വില ഉടൻ; കർഷകർ കാത്തിരുന്നത് രണ്ടര മാസം
text_fieldsആലപ്പുഴ: നെല്ലെടുത്ത് രണ്ടര മാസമായപ്പോഴാണ് വില ഉടൻ നൽകുമെന്ന പ്രഖ്യാപനവുമായി മന്ത്രി ജി.ആർ. അനിൽ എത്തിയത്. നെല്ലെടുപ്പ് പൂര്‍ത്തിയാക്കി പി.ആര്.എസ് (പാഡി റെസീപ്റ്റ് ഷീറ്റ്) എഴുതി 15 ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ അക്കൗണ്ടില്‍ തുക എത്തുമെന്ന സര്‍ക്കാറിന്റെ ഉറപ്പ് പാഴ് വാക്കായപ്പോഴാണ് കർഷകർ സമരവുമായി കലക്ടറേറ്റിന് മുന്നിലെത്തിയത്.
പുന്നപ്ര വടക്ക്-തെക്ക് കൃഷിഭവനുകളുടെ പരിധിയിലുള്ള വിവിധ പാടശേഖരങ്ങളിലെ കര്‍ഷകര്‍ക്കാണ് നെല്ലുവില കിട്ടാത്തത്. കുറുവപ്പാടം, അഞ്ഞൂറ്റിന് പാടം, മുന്നൂറ്റിന് പാടം, വടക്കേപൂന്തുരം, തെക്കേ പൂന്തുരം, പാര്യക്കാടന്‍, പൊന്നാകരി, പരപ്പില്‍ പാടശേഖരങ്ങളില്‍നിന്ന് ശേഖരിച്ചതാണ് നെല്ല്. ഇതില്‍ പല പാടശേഖരങ്ങളുടെയും പി.ആര്.എസ് എഴുതിയിട്ട് ഒരു മാസം മുതല്‍ രണ്ട് മാസം വരെ പിന്നിട്ടു. തകഴി, കുന്നുമ്മ പ്രദേശങ്ങളില്‍ കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളില്‍നിന്ന് ശേഖരിച്ച നെല്ലിന്റെ വിലയും കിട്ടിയിട്ടില്ലെന്നാണ് കര്‍ഷകരുടെ ആരോപണം.
നെല്ലുവില കിട്ടാന്‍ വൈകിയതുമൂലം കടബാധ്യതയും മാനസിക സംഘര്‍ഷവും കാരണം കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായിട്ടും അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ജാഗ്രത കാണിക്കുന്നില്ലെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു.
നെൽകർഷക സംരക്ഷണ സമിതി നിരാഹാര സമരം അവസാനിപ്പിച്ചു
ആലപ്പുഴ: സർക്കാർ സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നെൽകർഷക സംരക്ഷണസമിതി കലക്ടറേറ്റിനു മുന്നിൽ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു.
നെല്ലിന്റെ സംഭരണ വില വെള്ളിയാഴ്ച മുതൽ വിതരണം ചെയ്യുമെന്ന സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിലിന്റെ പ്രഖ്യാപനത്തെ തുടർന്നാണ് സമരം നിർത്തിയത്.
മന്ത്രിമാരായ ജി.ആർ. അനിൽ, പി. പ്രസാദ്, തോമസ് കെ. തോമസ് എം.എൽ.എ, കലക്ടർ അലക്സ് എം. വർഗീസ്, പാഡി മാനേജർ എന്നിവരുടെ സാന്നിധ്യത്തിൽ സമിതി നേതാക്കളുമായി നടന്ന ചർച്ചയിലാണ് തീരുമാനമായത്.
സമിതി സംസ്ഥാന ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്നും വൈസ് പ്രസിഡന്റ് ലാലിച്ചൻ പള്ളിവാതുക്കലും ഒമ്പതു ദിവസമായി കലക്ട്രേറ്റ് പടിക്കൽ നിരാഹാരം അനുഷ്ഠിക്കുകയായിരുന്നു.
കലക്ട്രേറ്റിൽ നടന്ന ചർച്ചയിൽ എൻ.കെ.എസ്.എസ് ഉന്നയിച്ച ആവശ്യങ്ങൾ വിശദമായി ചർച്ച ചെയ്തു. തണ്ണീർമുക്കം ഷട്ടറുകൾ റഗുലേറ്റ് ചെയ്യാൻ നടപടി സ്വീകരിച്ചു. രണ്ടാം കൃഷിയുടെ നെൽവില വെള്ളിയാഴ്ച മുതൽ കൊടുത്തു തുടങ്ങും. നെൽവില 32.52 രൂപ നൽകുന്ന കാര്യം തീരുമാനിക്കാൻ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ഉൾപ്പെടുന്ന ഉടൻ നടത്താൻ തീരുമാനിച്ചു.
സമാപന സമ്മേളനം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെംബറും കുട്ടനാട് താലൂക്ക് യൂനിയൻ പ്രസിഡന്റുമായ ഡോ. നാരായണപിള്ള ഉദ്ഘാടനം ചെയ്തു. എൻ.കെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് അധ്യക്ഷത വഹിച്ചു. രമേശ് ചെന്നിത്തല എം.എൽ.എ, ഷാനിമോൾ ഉസ്മാൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോബ്, കായൽപുറം പള്ളി വികാരി ഫാ. അഗസ്റ്റിൻ പൊങ്ങനാംതടം, എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) ജില്ല സെക്രട്ടേറിയറ്റ് അംഗം ആർ. പാർഥസാരഥി വർമ, എ.കെ.സി.സി ആലപ്പുഴ ഫൊറോന പ്രസിഡന്റ് ദേവസ്യ പുള്ളിക്കാശ്ശേരി, ജനകീയ പ്രതിരോധ സമിതി ജില്ല കമ്മറ്റിയംഗം ബി. ഇമാമുദ്ദീൻ, രക്ഷാധികാരി വി.ജെ. ലാലി, വർക്കിങ് പ്രസിഡന്റ് പി.ആർ. സതീശൻ, കോർഡിനേറ്റർ ജോസ് കാവനാട് തുടങ്ങിയവർ സംസാരിച്ചു.
അതേസമയം, മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ നെല്ലിന് 32.32 വില നൽകാൻ തീരുമാനം ഉണ്ടാകുന്നില്ലെങ്കിൽ പാലക്കാട്ടും, തൃശ്ശൂരും, വയനാട്ടിലുമുള്ള സ്വതന്ത്ര നെൽകർഷക സംഘടകളുമായി ചേർന്ന് സംയുക്തമായി സെക്രട്ടേറിയറ്റ് നടയിൽ സമരം നടത്തുമെന്ന് നെൽകർഷക സംരക്ഷണ സമിതി സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.