നെല്ല് വില വർധന പ്രഖ്യാപനത്തിൽ മാത്രം
text_fieldsലഭിക്കേണ്ടത് 29.20 രൂപ; കിട്ടുന്നത് 28
ആലപ്പുഴ: നെൽ കർഷകർക്ക് ആവേശം പകരുന്ന പ്രഖ്യാപനങ്ങൾ തുടരുമ്പോഴും നെല്ലിന് പഴയ വില മാത്രം. താങ്ങുവില എത്രയാണെന്നതിൽ കർഷകർ പോലും ആശയക്കുഴപ്പത്തിലാണ്. കേന്ദ്രം ഒരുരൂപ വർധിപ്പിച്ചതോടെ താങ്ങുവില 29 രൂപയായെന്നും സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 20 പൈസ കൂടി ചേരുമ്പോൾ 29 രൂപ 20 പൈസ ആകുമെന്നുമാണ് പറയുന്നത്. എന്നാൽ, ഉത്തരവ് ഇറങ്ങാത്തതിനാൽ താങ്ങുവില 28 രൂപയായി തുടരുകയാണ്.
2021-22 സാമ്പത്തിക വർഷം കേന്ദ്രം വർധിപ്പിച്ച തുക സംസ്ഥാനം വെട്ടിയതായി ആരോപണമുണ്ടായിരുന്നു. അന്ന് 27.48 രൂപയാണ് ഒരുകിലോക്ക് ലഭിച്ചിരുന്നത്. 52 പൈസ വർധിപ്പിച്ച് ആകെ താങ്ങുവില 28 രൂപയാക്കാൻ ആദ്യം തീരുമാനിച്ചത് സംസ്ഥാന സർക്കാറാണ്. തൊട്ടുപിന്നാലെ കേന്ദ്രം 72 പൈസ കൂടി വർധിപ്പിച്ചു.
എന്നാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയായിരുന്ന സംസ്ഥാന സർക്കാർ, സംഭരണവില 28 രൂപയായി നിലനിർത്തുകയായിരുന്നു. കേന്ദ്രത്തിന്റെ 72 പൈസ വർധനയിൽ 52 പൈസ നിലവിലെ താങ്ങുവിലക്കൊപ്പം ചേർത്ത് ബാക്കി 20 പൈസ കേരളത്തിന്റെ താങ്ങുവിലയിൽനിന്ന് കുറക്കുകയാണ് ചെയ്തത്. കേരളത്തിന്റെ വർധന നടപ്പാക്കാതെതന്നെ താങ്ങുവില 28 രൂപയിൽ എത്തിക്കാൻ ഇതിലൂടെ സംസ്ഥാന സർക്കാറിന് കഴിഞ്ഞു.
ഈ സാമ്പത്തിക വർഷവും സംസ്ഥാനത്തിന്റെ നില പരുങ്ങലിലാണ്. അതിനാൽ അധികമായി പ്രഖ്യാപിച്ച 20 പൈസ കേന്ദ്രം പ്രഖ്യാപിച്ച ഒരു രൂപക്കൊപ്പം ലയിപ്പിച്ച് ആകെ വർധന ഒരു രൂപയിൽ നിർത്താനാണിട. ഇതുണ്ടായാൽ അടുത്ത സീസണിൽ നെല്ലിന്റെ താങ്ങുവില 29 രൂപയായിരിക്കും. മറ്റ് സംസ്ഥാനങ്ങളെല്ലാം കേന്ദ്രത്തിന്റെ താങ്ങുവില മാത്രമാണ് നൽകുന്നതെന്നും കേരളത്തിൽ മാത്രമാണ് സംസ്ഥാനത്തിന്റെ വിഹിതം കൂടി ചേർത്ത് ഇത്രയും തുക കർഷകർക്കു നൽകുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.