പമ്പ, അച്ചൻകോവിൽ ആറുകൾ കരകവിഞ്ഞു; നൂറുകണക്കിന് വീടുകൾ മുങ്ങി
text_fieldsആലപ്പുഴ: കിഴക്കൻവെള്ളത്തിെൻറ വരവിൽ പമ്പ, അച്ചൻകോവിൽ ആറുകൾ കരകവിഞ്ഞ് നൂറുകണക്കിന് വീടുകൾ വെള്ളത്തിൽ മുങ്ങി. അപ്പർകുട്ടനാട്, കുട്ടനാട് മേഖലയിലാണ് ഏറെയും ദുരിതം. വെള്ളക്കെട്ടിൽ വലഞ്ഞവർക്കായി ജില്ലയിൽ 16 ദുരിതാശ്വാസക്യാമ്പുകൾ തുറന്നു.ചെങ്ങന്നൂർ- ഒമ്പത്, മാവേലിക്കര-ആറ്, ചേർത്തല-ഒന്ന് എന്നിങ്ങനെ ക്യാമ്പുകൾ തുറന്ന് ആളുകളെ മാറ്റിപാർപ്പിച്ചു.
കോവിഡ് വ്യാപനത്തിൽ രോഗികളടക്കമുള്ളവർ വീടുകളിൽ കഴിയുന്നതിനാൽ ക്യാമ്പിലേക്ക് ആളുകൾ മാറി താമസിക്കാൻ മടികാണിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
സാധനസാമഗ്രികളും വളർത്തുമൃഗങ്ങളുമായി പലരും ബന്ധുവീടുകളിലും താൽക്കാലിക ഇടങ്ങളിലും അഭയംതേടി. ദുരിതംനേരിടുന്ന പ്രദേശങ്ങളിൽ ജനപ്രതിനിധികളടക്കമുള്ളവർ സന്ദർശിച്ച് ആവശ്യമായ മുന്നൊരുക്കം നടത്തുന്നുണ്ട്. പ്രളയസമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിയാൽ കൂടുതൽ ആളുകളെ മാറ്റിപാർപ്പിക്കുന്നതിന് സംവിധാനെമാരുക്കും.
ചെങ്ങന്നൂർ, മാന്നാർ, മാവേലിക്കര, കുട്ടനാട്, തലവടി, എടത്വ, പുളിങ്കുന്ന്, കൈനകരി, ചേർത്തല മേഖലകളിലാണ് ദുരിതം ഏറെയും.
വെള്ളിയാഴ്ച മഴക്ക് േനരിയ ശമനമുണ്ടായിരുന്നെങ്കിലും ജലനിരപ്പ് ഉയർന്നത് കൂടുതൽ മേഖലയിൽ ദുരിതംവിതച്ചു. ജില്ലയിൽ ശരാശരി മഴ ലഭ്യതയുടെ ഇരട്ടിയോളമാണ് ഇക്കുറി ലഭിച്ചത്.
ടൗട്ടെ ചുഴലിക്കാറ്റിന് പിന്നാലെയാണ് കൂടുതൽ മഴ കിട്ടിയത്. ഈകാലയളവിൽ 533 മി. മീറ്റർ മഴ കിട്ടിയപ്പോൾ സീസണിൽ 969.4 മി.മീറ്ററാണ് ലഭിച്ചത്. വെള്ളിയാഴ്ച ജില്ലയിൽ 32.4 മി.മീ മഴയാണ് പെയ്തത്. സമീപജില്ലയായ പത്തനംതിട്ടയിൽ മഴകനത്തതോടെയാണ് നദികൾ കരകവിഞ്ഞത്. പ്രധാനപാതയായ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലും ഗ്രാമീണറോഡുകളിലും കയറിയ െവള്ളം ഇപ്പോഴും ഇറങ്ങിയിട്ടില്ല.
മടവീഴ്ചയിലും വെള്ളപ്പൊക്കത്തിലും കാർഷികമേഖയിലും കനത്ത നഷ്ടമുണ്ട്. മടവീഴ്ചയിൽ നെൽകൃഷിയും വെള്ളപ്പൊക്കത്തിൽ വാഴ, പച്ചക്കറി, ഫലവൃക്ഷങ്ങളും നശിച്ചിട്ടുണ്ട്. ഉൾപ്രദേശമായതിനാൽ ഇവയുടെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല. കുട്ടനാട് മേഖലയിൽ നെൽകൃഷിയുടെ വിളവെടുപ്പ് പൂർത്തിയായതിനാൽ മഴ കാര്യമായി ബാധിച്ചില്ല. എന്നാൽ, അപ്പർകുട്ടനാട് മേഖലയിൽ കരനെൽകൃഷിയടക്കമാണ് നശിച്ചത്.
നങ്യാർകുളങ്ങരയിലെ വെള്ളക്കെട്ട് ദുരിതം
ഹരിപ്പാട്: വെള്ളക്കെട്ടിൽ കാലങ്ങളായി ദുരിതം പേറുകയാണ് നങ്ങ്യാർകുളങ്ങര നിവാസികൾ. ക്ഷേത്രത്തിന് ചുറ്റും രൂപപ്പെടുന്ന വെള്ളക്കെട്ട് സൗഗന്ധിക ഹോട്ടൽ മുതൽ കവല ജങ്ഷൻ വരെ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഹരിപ്പാട് നഗരസഭ, ചേപ്പാട്, ചിങ്ങോലി പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന നങ്ങ്യാർകുളങ്ങരയുടെ ഭൂരിഭാഗം പ്രദേശങ്ങളും കനത്തമഴയിൽ വെള്ളത്തിലാകും. ദേശീയപാതയുടെ കിഴക്ക് ഭാഗത്ത് കെട്ടിനിൽക്കുന്ന വെള്ളം തെക്കോട്ട് ഒഴുകി ഭുവി ഒാഡിറ്റോറിയത്തിന് സമീപമെത്തുകയും അവിടെ നിന്നും ദേശീയപാതക്ക് അടിയിലൂടെ പടിഞ്ഞാറോട്ട് ഒഴുകി എൻ.ടി.പി.സിയുടെ ഉടമസ്ഥതയിലുള്ള തരിശ് കിടക്കുന്ന പാടത്ത് ചെന്ന് ചേരുകയുമാണ് ചെയ്യുന്നത് .വെള്ളമൊഴുകുന്നതിന് സ്ഥാപിച്ച പൈപ്പിലൂടെ ജലമൊഴുക്ക് സുഗമമല്ലെന്ന് നാട്ടുകാർ പറയുന്നു. വെള്ളക്കെട്ട് മാറാത്തതിനാൽ ശുചിമുറികൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. കാലങ്ങളായി നീരൊഴുക്കുണ്ടായിരുന്ന സ്ഥലങ്ങൾ അനധികൃതമായി നികത്തിയതും പ്രശ്നം ഗുരുതരമാക്കി. അനധികൃത കൈയേറ്റം കണ്ടെത്തി ഒഴിപ്പിച്ചില്ലെങ്കിൽ കാലവർഷത്തിലും പ്രശ്നം രൂക്ഷമാകും.പ്രതിഷേധം ശക്തമായതോടെ ഹരിപ്പാട് നഗരസഭ ചെയർമാൻ കെ.എം.രാജു ഇടപെട്ട് ഓടകൾ ശുചീകരിച്ച് ജലമൊഴുക്ക് പുനഃസ്ഥാപിച്ചു.
പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികാരികൾക്ക് നേരിട്ടും ഓൺലൈനായും പരാതികൾ സമർപ്പിച്ചതായി നങ്ങ്യാർകുളങ്ങര ടൗൺ െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ഇല്ലത്ത് ശ്രീകുമാർ പറഞ്ഞു. പ്രശ്നത്തിന് ശാസ്ത്രീയമായി പരിഹാരം കണ്ടില്ലെങ്കിൽ ദേശീയപാത വികസനം വരുമ്പോൾ പ്രതിസന്ധി രൂക്ഷമാകുമെന്ന് നാട്ടുകാർ പറയുന്നു.
വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങൾ മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു
ചെങ്ങന്നൂർ: പമ്പയിലെ ജലനിരപ്പ് രണ്ടുദിവസമായി ഉയരുന്ന സാഹചര്യത്തിൽ ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങൾ മന്ത്രി സജി ചെറിയാൻ സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. നഗരസഭയിൽ പുത്തൻകാവ്, കോലാമുക്കം, ശാസ്താംപുറം, മംഗലം, മാന്നാർ വള്ളക്കാലി, കുരട്ടിശ്ശേരി പ്രദേശങ്ങൾ സന്ദർശിച്ചു.
അങ്ങാടിക്കൽ കോലാമുക്കം ചിറ ജലവിഭവ വകുപ്പ് ബലപ്പെടുത്തുന്ന നടപടി വിലയിരുത്തി.
ഏത് പ്രതികൂല സാഹചര്യത്തെയും നേരിടാൻ സർക്കാർ സംവിധാനങ്ങൾ സുസജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.