പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ്
text_fieldsഅമ്പലപ്പുഴ: സി.പി.എം പ്രവർത്തനം അവസാനിപ്പിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം അംഗവുമായ എസ്. ഹാരിസാണ് പാർട്ടി പ്രവര്‍ത്തനം ഉപേക്ഷിക്കുന്നതായി സമൂഹമാധ്യമമായ ഫേസ്ബുക്കിൽ കുറിപ്പിട്ടത്. നാലുദിവസമായി നടന്ന77ാമത് പുന്നപ്ര വയലാർ സമരവാർഷിക വാരാചരണത്തിന്റെ സമാപന ചടങ്ങിൽ പങ്കെടുത്തതിനു ശേഷമായിരുന്നു പ്രഖ്യാപനം.
കൂടെ നിന്നവർക്കും മാറ്റിനിർത്തിയവർക്കും അഭിവാദ്യങ്ങൾ അർപ്പിച്ച് പാർട്ടി ജാഥയുടെ മുന്നിൽ നിൽക്കുന്ന ഫോട്ടോയോടൊപ്പമാണ് പോസ്റ്റിട്ടത്. നവമാധ്യമങ്ങളിൽ ഹാരിസിന്റെ നിലപാടിനെ അനുകൂലിച്ചും എതിർത്തും നിരവധി സി.പി.എം പ്രവർത്തകരും പ്രതികരിച്ചിട്ടുണ്ട്.
മാസങ്ങൾ മുമ്പ് വണ്ടാനം ലോക്കൽ കമ്മിറ്റി ഓഫിസിനുമുന്നിൽ വെച്ച് സി.പി.എം ഗ്രാമപഞ്ചായത്ത് അംഗമായ വി. ധ്യാനസുതനെ മർദിച്ചെന്ന പരാതിയിൽ പാർട്ടി നടപടിക്കുവിധേയനായ വ്യക്തിയാണ് ഹാരിസ്. ചില ജനകീയ വിഷയങ്ങളില്‍ സര്‍ക്കാര്‍ നടപടിയെ എതിര്‍ത്തും ഹാരിസ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതും പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.
18 അംഗ പാർട്ടി ഏരിയ കമ്മിറ്റിയിൽ ഒരംഗം ഒഴിച്ച് മറ്റുള്ളവരുടെ എതിർപ്പ് നിൽക്കുന്ന സാഹചര്യത്തിലാണ് ഹാരിസ് സ്വയം പാർട്ടി ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും അണികൾക്കിടയിൽ സംസാരമുണ്ട്. കുറെ നാളുകളായി അമ്പലപ്പുഴയിൽ സി.പി.എമ്മിൽ പടലപ്പിണക്കം രൂക്ഷമാണ്.
ഏരിയ കമ്മിറ്റി ഓഫിസിൽ ഭക്ഷണത്തെച്ചൊല്ലി കരൂർ ബ്രാഞ്ചുസെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവും തമ്മിൽ നടന്ന കൈയാങ്കളി സംസ്ഥാന നേതൃത്വത്തിന്റെ മുന്നിൽ വരെ എത്തിയിരുന്നു. തുടർന്ന് ജില്ല നേതൃത്വം ഇടപെട്ട് വിളിച്ച യോഗത്തിൽ രണ്ടംഗ അന്വേഷണ കമീഷനെ നിയോഗിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്.
എന്നാല്‍, തികച്ചും വ്യക്തിപരമായ തീരുമാനമാണെന്നാണ് ഹാരിസ് പ്രതികരിച്ചത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പാര്‍ട്ടി കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ ഇടയുണ്ടെന്ന് മനസ്സിലാക്കി പ്രവര്‍ത്തനങ്ങളില്‍നിന്ന് സ്വയം വിട്ടുനിന്നതാണെന്ന് വരുത്തിത്തീര്‍ക്കാനുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രമിച്ചതെന്നാണ് പാര്‍ട്ടിയിലെ ചിലര്‍ സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.