എ.സി റോഡിൽ കുരുക്കഴിഞ്ഞു; പണ്ടാരക്കളം മേൽപാലം തുറന്നു
text_fieldsആലപ്പുഴ: നീണ്ടനാളത്തെ കാത്തിരിപ്പിനും അനിശ്ചിത്വത്തിനും വിരാമമിട്ട് ആലപ്പുഴ-ചങ്ങനാശ്ശേരി പാതയിലെ പണ്ടാരക്കളം മേൽപാലത്തിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങി. ബുധനാഴ്ചയാണ് ഗതാഗതത്തിന് തുറന്നുനൽകിയത്.
പാത നവീകരണ ഭാഗമായി ഒന്നരവർഷം മുമ്പ് പാലം നിർമാണം പൂർത്തിയാക്കിയെങ്കിലും 110 കെ.വി വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നതിന്റെ കാലതാമസമാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
നാലുമാസം മുമ്പ് 2.7 കോടി മുടക്കി നിർമാണം തുടങ്ങിയ വൈദ്യുതി ട്രാൻസ്മിഷൻ വിഭാഗത്തിന്റെ എച്ച്.ടി (ഹൈടെൻഷൻ) ടവർ പൂർത്തിയാക്കിയതോടെയാണ് തടസ്സം നീങ്ങിയത്. പണ്ടാരക്കുളം പാടത്ത് പുതിയപ്ലാറ്റ്ഫോം തീർത്ത് വലിയ ഉയരത്തിലാണ് ടവർ നിർമിച്ചത്. ലൈനുകൾ മാറ്റിസ്ഥാപിച്ചതോടെയാണ് ഗതാഗതത്തിന് തുറന്നുനൽകിയത്. പാതയിൽ 625 മീറ്റർ ദൈർഘ്യമുള്ള മേൽപാലം ഏറ്റവും നീളംകൂടിയതാണ്. ഇനി അവേശഷിക്കുന്നത് പള്ളാത്തുരുത്തി വലിയപാലത്തിന്റെ നിർമാണമാണ്.
റോഡ് നിർമാണവേളയിലെ ഡിസൈനിൽ മാറ്റം വരുത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്. സമീപത്തെ പാടശേഖരങ്ങളിലെ നെല്ല് സംഭരണത്തിന് അടക്കം തടസ്സമുണ്ടാകാതിരിക്കാൻ മേൽപാലത്തിന്റെ ഉയരം കൂട്ടണമെന്ന ആവശ്യം പരിഗണിച്ചാണ് ഡിസൈനിൽ മാറ്റം വരുത്തിയത്. പുതുക്കിയ ഡിസൈൻ പ്രകാരം ഉയരം കൂട്ടേണ്ടി വന്നതാണ് വൈദ്യുതി ലൈൻ തടസ്സമാകാൻ കാരണമായത്.
ഏറെനാൾ പാലത്തിന് താഴെയുള്ള ഒറ്റവരിപ്പാതയിലൂടെയാണ് വാഹനങ്ങൾ കടത്തിവിട്ടിരുന്നത്. തിരക്കേറിയ സമയങ്ങളിൽ വലിയഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. രാവിലെയും വൈകീട്ടും അവധി ദിവസങ്ങളിലും ഇരട്ടിയിലധികം വാഹനങ്ങൾ സഞ്ചരിക്കുന്നതിനാൽ കുരുക്ക് പലപ്പോഴും നിയന്ത്രണാധീതമായിരുന്നു. ആംബുലൻസുകളടക്കം കുരുക്കിൽപെട്ട് നട്ടംതിരിഞ്ഞിരുന്നു. ഓണത്തിരക്കിന് മുമ്പ് പാലം തുറന്നതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.