പെൺമക്കൾ അഭിഭാഷകരാകുന്നതിന്‍റെ അഭിമാനത്തിൽ മാതാപിതാക്കൾ
text_fieldsഅരൂർ: അരൂർ തോട്ടേകാട്ട് കുഞ്ഞുമോൻ-ഡാളി ദമ്പതികൾക്ക് ഇത് അഭിമാന നിമിഷം. നിയമപഠനം പൂർത്തിയാക്കിയ രണ്ട് പെൺമക്കളും ഇന്ന് അഡ്വക്കറ്റുമാരായി സനദ് എടുക്കുകയാണ്. ഒരു വ്യാഴവട്ടം ഹൈകോടതിയിലും കീഴ്കോടതികളിലും അഭിഭാഷകരുടെ ഗുമസ്തനായും ടൈപ്പിസ്റ്റായും ജോലി ചെയ്തിരുന്ന കുഞ്ഞുമോന് രണ്ട് പെൺമക്കളുടെയും എൻറോൾമെന്‍റ് നൽകുന്നത് ഇരട്ടി മധുരമാണ്.
പഴയ വക്കീൽ ഗുമസ്തന്‍റെ മക്കൾ ഹൈകോടതിയിൽ അഡ്വക്കറ്റുമാരായി സനദ് എടുക്കുന്നതിന് സാക്ഷിയാകാൻ കഴിയുന്നതിന്‍റെ അഭിമാനത്തിലാണ് മാതാപിതാക്കൾ. മൂത്ത മകൾ ഗ്രേറ്റാമോൾ എറണാകുളം സെന്റ് തെരേസാസ് കോളജിൽനിന്ന് ബി.എസ്സി മാത്സ് പാസായശേഷം പൂത്തോട്ട എസ്.എൻ ലോ കോളജിൽനിന്നാണ് എൽഎൽ.ബി പാസാകുന്നത്.
ഇളയമകൾ സീറ്റാമോൾ ആലുവ ഭാരതമാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽനിന്നാണ് ബി.ബി.എ എൽഎൽ.ബി പാസാകുന്നത്. രണ്ടുപേർക്കും ഫസ്റ്റ് ക്ലാസ് ഉണ്ടായിരുന്നു. ഗുമസ്തപ്പണിക്കിടയിൽ കുഞ്ഞുമോന് റവന്യൂ വകുപ്പിൽ ജോലി ലഭിച്ചെങ്കിലും നിയമ കാര്യങ്ങളെക്കുറിച്ച് അറിയാനും വക്കീലന്മാരെക്കുറിച്ച് അന്വേഷിക്കാനും നിരവധിപേർ വീട്ടിൽ വരുമായിരുന്നു. ഇതൊക്കെയായിരിക്കാം നിയമപഠനത്തിന് കുട്ടികൾക്ക് പ്രചോദനമായതെന്ന് കുഞ്ഞുമോൻ പറയുന്നു. രണ്ടുപേർക്കും അഡ്വക്കറ്റുമാരായി പ്രാക്ടീസ് ചെയ്യണമെന്നാണ് ആഗ്രഹം. മർച്ചന്റ് നേവിയിൽ ജോലിയുള്ള പാലാരിവട്ടം തൈപ്പറമ്പിൽ എബിൽ വർഗീസാണ് ഗ്രേറ്റാമോളുടെ ഭർത്താവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.