ചരിത്ര പെരുമയും ക്ഷേത്രാചാരങ്ങളുമായി പടനിലം ഗ്രാമം
text_fieldsചാരുംമൂട്: വടക്ക് അച്ചൻകോവിലാറിന്റെയും കിഴക്ക് കരിങ്ങാലി പുഞ്ചയുടെയും സമീപമുള്ള വയലോരങ്ങളുടെയും സുഖശീതളിമയാൽ വ്യത്യസ്തമാണ് പടനിലം ഗ്രാമത്തിന്റെ ഭംഗി. പടനിലമെന്ന ചരിത്രമാഹാത്മ്യം പേറുന്ന പരബ്രഹ്മക്ഷേത്രവും നാടിന്റെ തിലകക്കുറിയായി നിലകൊള്ളുന്നു. പ്രസിദ്ധമായ കരകൂടലിന്റെയും പ്രോജ്ജ്വലമായ പടവെട്ടിന്റെയും മതസൗഹാർദത്തിന്റെയും സ്മരണകളിരമ്പുന്ന പടനിലത്തിന് ചരിത്രകഥകൾ ഏറെ പറയാനുണ്ട്. ഏതു മതത്തിൽപെട്ട ജനങ്ങൾക്കും ആരാധന നടത്താമെന്നതാണ് ഇവിടുത്തെ ക്ഷേത്രത്തിന്റെ പ്രത്യേകത.
സാധാരണ ക്ഷേത്രങ്ങളിൽനിന്ന് വിഭിന്നമായി ഗോപുരമോ, ചുറ്റമ്പലം ശ്രീകോവിലോ ഇല്ല. വളർന്ന് പന്തലിച്ച ആൽ, മാവ്, ഇലഞ്ഞി തുടങ്ങിയ വൃക്ഷങ്ങളാണ് ക്ഷേത്രത്തിന്റെ മേല്‍ക്കൂര. പടിഞ്ഞാറോട്ട് ദർശനമുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് പടനിലം പരബ്രഹ്മക്ഷേത്രം. വിശാലമായ ക്ഷേത്രപരിസരത്തെ കളിത്തട്ടുകൾ നാടിന്റെ ഗ്രാമക്കാഴ്ചകളിൽ പ്രധാനമാണ്.
പടനിലം എന്ന പേരുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് ഉള്ളത്. നൂറനാടിന്റെ ഭരണ സിരാകേന്ദ്രവും ചരിത്രം ഉറങ്ങുന്നതുമായ പടനിലം കരക്കാര് ക്ഷേത്രാവകാശത്തിനു വേണ്ടി കരമത്സരം നടത്തി കലഹത്തിൽ ഏര്‍പ്പെട്ട് പടനയിച്ചിരുന്നതിനാല് ‘പടനില’മായി എന്ന ഒരു ഐതിഹ്യവും കായംകുളം രാജാവിന്റെ പട കിടന്ന സ്ഥലമായതിനാല്‍ ‘പടനില’മായി എന്ന മറ്റൊരു ചൊല്ലും നാട്ടിലുണ്ട്. തിരുവിതാംകൂറിലെ ഏറ്റവും പ്രബലമായ രാജ്യങ്ങളില്‍ ഒന്നായിരുന്ന കായംകുളത്തിന്റെ അതിര്‍ത്തിയില്‍പെട്ട സ്ഥലമായിരുന്നു പടനിലം എന്നുപറയുന്നു. നൂറനാട് പടനിലത്ത് രാജാവിന്റെ പടക്കുതിരകളെ കുളിപ്പിക്കാൻ ഉപയോഗിച്ചിരുന്നതാണ് ഇപ്പോഴത്തെ ‘പൊട്ടന്‍ചിറ’ എന്ന് പറയപ്പെടുന്നു. നൂറനാടിന്റെ കിഴക്കുഭാഗത്ത് കരിങ്ങാലിപ്പുഞ്ചയും സ്ഥിതി ചെയ്യുന്നു. നാലു നൂറ്റാണ്ട് മുമ്പാണ് പടനിലത്തുനിന്നും കായംകുളം രാജാവിന്റെ പടയെ പിന്വലിക്കപ്പെട്ടതത്രേ.
പണ്ടുകാലത്ത് ഒരു ആലിന്ചുവട്ടില് ഏതാനും കാട്ടുകല്ലുകളാല്‍ ഉണ്ടാക്കപ്പെട്ട തറയായിരുന്നു നൂറനാട്-പടനിലം പരബ്രഹ്മക്ഷേത്രം. പടയയോട്ടത്തിന്റെയും പടവെട്ടിന്റെയും ചരിത്രസ്മരണയുണർത്തുന്നതാണ് വൃശ്ചികോത്സവത്തിന്റെ ഭാഗമായി നടക്കുന്ന കരകൂടൽ.
രാജാക്കന്മാരും പടയാളികളും അണിനിരന്ന് യുദ്ധം നടന്ന പടനിലത്തിന് വലിയ ചരിത്രമാണുള്ളത്. യുദ്ധം നീണ്ടപ്പോൾ സമാധാനകാംക്ഷികളായ നൂറനാട്ടെ കരനാഥന്മാർ പാഴൂർ മനയിലെ തമ്പുരാനെ മധ്യസ്ഥനായി ക്ഷണിച്ചുകൊണ്ടുവന്ന് പടവെട്ട് അവസാനിപ്പിച്ചെന്നാണ് ചരിത്രം..
സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം കൂടിയായ കരകൂടൽ ചടങ്ങിന് ദീപം തെളിയിക്കുന്നതിനുള്ള എണ്ണ ക്ഷേത്രത്തിനു സമീപത്തെ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിന്റെ നേതൃത്വത്തിലാണ് എല്ലാ വർഷവും സമർപ്പിച്ചു വരുന്നത്. ശിവരാത്രി നാളിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നന്ദികേശകെട്ടുകാഴ്ചകൾ ദർശിക്കാൻ ആയിരങ്ങളാണ് ക്ഷേത്രത്തിൽ എത്തുന്നത്. 16 കരകളിൽനിന്ന് കൊണ്ടുവരുന്ന കെട്ടുകാഴ്ചകൾ ശില്പചാരുത വിളിച്ചോതുന്നതാണ് കേരളത്തിലെ ആദ്യ നന്ദികേശ ഗ്രാമമായ പടനിലം പരബ്രഹ്മക്ഷേത്രം ശബരിമലയുടെ പ്രധാന ഇടത്താവളം കൂടിയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.