പാതിരാമണൽ ദ്വീപിൽ വികസനത്തിന് കളമൊരുങ്ങുന്നു
text_fieldsമുഹമ്മ: പാതിരാമണൽ ദ്വീപിൽ വീണ്ടും വികസനത്തിന് കളമൊരുങ്ങുന്നു. ദ്വീപിന്റെ സർവതല സ്പർശിയായ ബൃഹത് പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.
ആദ്യപടിയായി കുട്ടികളുടെ പാർക്ക്, നിരീക്ഷണ കാമറകൾ, സൗരോർജ വിളക്കുകൾ, ബോട്ടുജെട്ടി നവീകരണം എന്നിവയാണ് നടപ്പാക്കുന്നത്. എ.എം.ആരിഫ് എം.പിയുടെ നേതൃത്വത്തിലാണ് ആലപ്പുഴയുടെ ടൂറിസം വികസനത്തിൽ കുതിച്ചുചാട്ടം സൃഷ്ടിക്കുന്ന പദ്ധതി നടപ്പാക്കുന്നത്.
ദ്വീപിന്റെ കിഴക്കേ കരയിൽ സ്ഥാപിക്കുന്ന കുട്ടികളുടെ പാർക്കിന്റെ നിർമാണോദ്ഘാടനം വികസനപദ്ധതികൾ വിലയിരുത്താൻ ദ്വീപ് സന്ദർശിച്ച എം.പി നിർവഹിച്ചു. പാതിരാമണൽ വികസനം അട്ടിമറിക്കാൻ ആസൂത്രിത നീക്കമുണ്ടെന്നും എ.എം. ആരിഫ് പറഞ്ഞു.
പദ്ധതി തുടങ്ങുമ്പോൾ തന്നെ പരാതികളുമായി ഇവർ ഇറങ്ങും. കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി പദ്ധതി പാളം തെറ്റിക്കുകയാണ് പ്രധാന പരിപാടി. സോഷ്യൽ ഫോറസ്ട്രിയുമായി ചേർന്ന് പാതിരാമണൽ ദ്വീപിനെ അണിയിച്ചൊരുക്കുന്നതിൽ പ്രതിജ്ഞാബദ്ധനാണെന്നും ആരിഫ് പറഞ്ഞു.
പാതിരാമണൽ പോലെ ഇത്രയും മനോഹര ദ്വീപ് അനാഥമാകാൻ അനുവദിക്കില്ല. പാതിരാമണലിൽ നിന്ന് കായിപ്പുറം ബോട്ടുജെട്ടി വരെ വഞ്ചിപ്പാട്ടിന്റെ ഓളപ്പരപ്പിലായിരുന്നു എം.പി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മഹീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു, വൈസ് പ്രസിഡന്റ് എൻ.ടി. റെജി, സ്ഥിരം സമിതി അധ്യക്ഷൻ സി.ഡി വിശ്വനാഥൻ, പഞ്ചായത്ത് സെക്രട്ടറി പി.വി വിനോദ്, നസീമ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു രാജീവ്, പഞ്ചായത്ത് അംഗങ്ങളായ എം. ചന്ദ്ര, നസീമ ടീച്ചർ, നിഷാപ്രദീപ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.