ആലപ്പുഴ ജില്ലയിൽ പട്ടയമേള നാളെ; 173 എണ്ണം വിതരണം ചെയ്യും
text_fieldsആലപ്പുഴ: ജില്ല പട്ടയമേള 2024 വ്യാഴാഴ്ച ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാളില്‍ മന്ത്രിമാരായ പി. പ്രസാദ്, സജി ചെറിയാന് എന്നിവര്‍ വിതരണം ചെയ്യും. പട്ടയവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈകീട്ട് മൂന്നിന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. റവന്യൂമന്ത്രി കെ. രാജന് അധ്യക്ഷതവഹിക്കും. മൂന്നാം പട്ടയമേളക്കുശേഷം സജ്ജമായ മുപ്പതിനായിരത്തോളം പട്ടയം വിവിധ ജില്ല കേന്ദ്രങ്ങളിലായി വിതരണം ചെയ്യും.
ആലപ്പുഴയില്‍ 173 പട്ടയം വിതരണം ചെയ്യും. അരൂര്‍ -23, ചേര്‍ത്തല -21, ആലപ്പുഴ -18, അമ്പലപ്പുഴ -20, കുട്ടനാട് -34, ഹരിപ്പാട് -28, മാവേലിക്കര -11, കായംകുളം -11, ചെങ്ങന്നൂര്‍ -ഏഴ് എന്നിങ്ങനെയാണ് വിതരണം ചെയ്യുന്നത്. എം.പിമാരായ എ.എം. ആരിഫ്, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എമാരായ പി.പി. ചിത്തരഞ്ജന്, എച്ച്. സലാം, ദലീമ ജോജോ, തോമസ് കെ. തോമസ്, രമേശ് ചെന്നിത്തല, യു. പ്രതിഭ, എം.എസ്. അരുണ്‍കുമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കലക്ടര്‍ ജോണ്‍ വി. സാമുവല്‍, നഗരസഭ ചെയര്പേഴ്സൻ കെ.കെ. ജയമ്മ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രണ്ടര വര്‍ഷംകൊണ്ട് ഒന്നരലക്ഷം പട്ടയമാണ് റവന്യൂ വകുപ്പ് വിതരണം ചെയ്തത്.
‘എല്ലാവര്ക്കും ഭൂമി, എല്ലാവര്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ലക്ഷ്യത്തിലെത്താനാണ് പട്ടയമേള സംഘടിപ്പിക്കുന്നത്. ജൂണിൽ ജില്ലയിൽ 428 പേർക്കു പട്ടയം നൽകിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ നടക്കുന്നത്. ആറു താലൂക്കിലായാണ് 428 പട്ടയം വിതരണം ചെയ്തത്. ചേർത്തല -144, അമ്പലപ്പുഴ -99, കുട്ടനാട് -86, കാർത്തികപ്പള്ളി -43, മാവേലിക്കര -ഏഴ്, ചെങ്ങന്നൂർ -18 എന്നിങ്ങനെയായിരുന്നു അന്ന് വിതരണം. 150 സാധാരണ പട്ടയങ്ങളും 245 ലാൻഡ് ട്രൈബ്യൂണൽ പട്ടയവും 32 ദേവസ്വം പട്ടയവുമാണ് വിതരണം ചെയ്തത്. പിണറായി സർക്കാർ അധികാരത്തിൽവന്ന ശേഷം ഇതുവരെ ജില്ലയിൽ 1043 പട്ടയം നൽകിയതായാണ് റവന്യൂ മന്ത്രി കെ. രാജൻ വെളിപ്പെടുത്തിയ കണക്ക്.
മിച്ചഭൂമി കേസുകൾ നിരവധി
ജില്ലയിൽ മിച്ചഭൂമി കേസുകൾ നിരവധിയുണ്ട്. താലൂക്ക് ലാൻഡ് ബോർഡുകളാണ് രേഖകൾ പരിശോധിച്ച് കേസിലുള്ള ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കേണ്ടത്. ദീർഘകാലമായി ജില്ലയിലെ ഒരു ലാൻഡ് ബോർഡും മിച്ച ഭൂമികേസുകളിൽ തീരുമാനമെടുക്കുന്നില്ല. മിച്ചഭൂമിയായി പ്രഖ്യാപിച്ചാൽ അവയിൽ ഭൂരഹിതർക്ക് പട്ടയം നൽകാനാകും. അമ്പലപ്പുഴ താലൂക്കിൽ കരിമണൽ ഉൽപന്ന കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടയിൽ ലിമിറ്റഡ് (സി.എം.ആർ.എൽ) 50 ഏക്കറോളം ഭൂമി നിയമം ലംഘിച്ച് കൈവശം വെക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരായ മിച്ചഭൂമി കേസ് ലാൻഡ് ബോർഡിൽ ഉറക്കത്തിലാണ്. അമ്പലപ്പുഴ താലൂക്കിൽ മാത്രം ഒമ്പത് മിച്ചഭൂമി കേസുണ്ട്. ഡെപ്യൂട്ടി കലക്ടർമാർക്കാണ് ലാൻഡ് ബോർഡുകളുടെ ചുമതലയുള്ളത്. രാഷ്ട്രീയ പാർട്ടികളിൽനിന്നുള്ളവരാണ് ലാൻഡ് ബോർഡ് അംഗങ്ങൾ.
പല സ്വാധീനങ്ങളിലുംപെട്ട് മിച്ച ഭൂമി കേസുകൾ തീരുമാനമെടുക്കാതെ അനന്തമായി നീളുന്ന സാഹചര്യമാണുള്ളത്. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് സി.എം.ആർ.എൽ വിവാദങ്ങളിൽപെട്ട കമ്പനിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.