വിഷുവിനെ വരവേൽക്കാനൊരുങ്ങി നാട്
text_fieldsആലപ്പുഴ: ഐശ്വര്യത്തിന്റെ പൊൻകണിയായി വിഷുവെത്തുേമ്പാൾ വരവേൽക്കാൻ നാട് തയാറെടുത്തുകഴിഞ്ഞു. കോവിഡിെൻറ രണ്ടാംഘട്ട വരവിലും വിഷു ആഘോഷം വേണ്ടെന്ന് വെക്കാൻ മലയാളിമനസ്സിന് കഴിയില്ലെന്നതാണ് സ്ഥിതി. കഴിഞ്ഞ വിഷു കോവിഡ് കൊണ്ടുപോയ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. കണിക്കൊന്ന നാടെങ്ങും പൂത്തുലഞ്ഞ് നിൽക്കുന്നു.
വിഷുക്കണിക്കും സദ്യക്കും വിഷുക്കോടിക്കും വേണ്ടതെല്ലാം വാങ്ങാൻ ആളുകൾ വിപണിയിലേക്ക് എത്തിക്കഴിഞ്ഞു. വിപണി ഇന്ന് പതിവിലേറെ സജീവമാകും. പച്ചക്കറി വിൽപന കേന്ദ്രങ്ങൾ, വസ്ത്രവ്യാപാര ശാലകൾ, പടക്കവിപണി, പൂവിപണികളെല്ലാം മലയാളിയുടെ വിഷു ആഘോഷം കൊഴുപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. പല വ്യാപാരസ്ഥാപനങ്ങളും വിഷുവിനോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
വിഷുവിന് കൈനീട്ടം നൽകാൻ നാണയത്തുട്ടുകളും മിക്കവരും മുൻകൂട്ടി ബാങ്കുകളിൽനിന്ന് ശേഖരിച്ചുകഴിഞ്ഞു. പ്രത്യേകമായി വിഷുച്ചന്തകളും പ്രവർത്തനം തുടങ്ങി. കോവിഡ് ആശങ്കക്കിടയിലും ജാഗ്രതയോടെ വിഷു ആഘോഷിക്കാൻ തന്നെയാണ് ഒരുക്കം. പഴം-പച്ചക്കറി വിപണിയിൽ വിഷു-റമദാൻ ഉണർവ് വിഷുപ്പുലരിയിലെ കണി വിഭവങ്ങൾ വിപണിയിൽ നിറഞ്ഞു.
പച്ചക്കറിവിൽപന കേന്ദ്രങ്ങളിലെല്ലാം നാടൻ കണിവെള്ളരികൾ ഇടംപിടിച്ചിട്ടുണ്ട്. കണി മനോഹരമാക്കാൻ പഴങ്ങൾ നിർബന്ധമാണെന്നിരിക്കെ കച്ചവടം ഉറപ്പുള്ളതിനാൽ പലതിനും വില കൂടിയിട്ടുണ്ട്. ഒരുമാസം നീളുന്ന റമദാൻ നോമ്പിനും തുടക്കമാകുന്ന സാഹചര്യത്തിൽ പലതിനും വിലയിൽ വ്യത്യാസമുണ്ട്.
പഴ വിപണിയിൽ ഉടനെയൊന്നും വിലക്കുറവിന് സാധ്യതയില്ല. എന്നാൽ, പൊള്ളുന്ന വിലയില്ലെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. പഴം-പച്ചക്കറി വിപണിയിൽ നേരിയതോതിൽ വില വർധിക്കുന്നുണ്ടെങ്കിലും അതൊന്നും വിൽപനയെ ബാധിച്ചിട്ടില്ല. കണിവെള്ളരിയാണ് വിപണിയിലെ പ്രധാന താരം. വെള്ളരിക്ക് 30 മുതൽ 40 രൂപ വരെയാണ് വില. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് പച്ചക്കറിക്ക് കാര്യമായ വില വർധന ഉണ്ടായിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. നേന്ത്രക്കായ്ക്ക് 40 മുതൽ 45 രൂപ വരെയാണ് കിലോക്ക് വില. ഞാലിപ്പൂവന് കിലോക്ക് 40 മുതൽ 50 വരെയും.
പ്രതീക്ഷയിൽ വസ്ത്രവിപണി
വിഷുക്കച്ചവടത്തിൽ മെച്ചപ്പെട്ട നിലയിലാണ് വസ്ത്രവിപണി. ചെറുതും വലുതുമായ വസ്ത്ര വ്യാപാര കേന്ദ്രങ്ങളിലെല്ലാം വിഷു അനുബന്ധ വിൽപനയുണ്ട്. ചൊവ്വാഴ്ച വിഷുക്കോടി വാങ്ങുന്നതിന് കൂടുതൽ പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.കടുത്ത പ്രതിസന്ധിയിലൂടെയാണ് വസ്ത്രവ്യാപാര മേഖല കടന്നുപോകുന്നത്. ഇത്തവണയും കോവിഡ് ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും പുതിയ കലക്ഷനുമായി വ്യാപാരശാലകളെല്ലാം സജീവമാണ്. റമാദാൻ മുന്നിൽകണ്ടും വസ്ത്രവിപണിയിൽ പുതിയ ശേഖരം എത്തുന്നുണ്ട്.
പടക്കവിപണിയിൽ 'കുട്ടനാടൻ താറാവ്'
പടക്കവിപണി ഞായറാഴ്ച മുതലാണ് സജീവമായത്. കുട്ടനാടൻ താറാവ് തുടങ്ങി കൊറോണവരെ പടക്കവിപണിയിൽ ഇത്തവണ വൈവിധ്യങ്ങൾ ഏറെ. കൊറോണ എന്ന വിളിപ്പേരുള്ള പടക്കവും കോവിഡ്കാലത്ത് പ്രചാരം നേടിയ ഡ്രോണും പടക്ക വിപണിയിലുണ്ട്. തീകൊടുത്താൽ വായുവിൽ പൊങ്ങി ഡ്രോൺ കണക്കെ ചുറ്റിക്കറങ്ങും. പടക്കം ഏറെയും തമിഴ്നാട്ടിൽനിന്നാണ് എത്തുന്നത്.
ഇന്ന് കൊന്നപ്പൂക്കൾ നിറയും...
ഇന്നുണ്ടാകും കൊന്നപ്പൂവും കൃഷ്ണവിഗ്രഹവും വിപണിയിൽ. വിഗ്രഹക്കച്ചവടക്കാർ ഇതിനകം വിപണി പിടിച്ചെങ്കിലും. കണിക്കാഴ്ചയിലെ മുഖ്യ ഇനമായ കൊന്നപ്പൂക്കൾ ഇന്നാകും വിപണിയിൽ നിറയുക. പലയിടങ്ങളിലും നേരത്തേ ഇത്തവണ കൊന്ന പൂവിട്ടിരുന്നു. വാഹനങ്ങളിലും വഴിയോരങ്ങൾ കേന്ദ്രീകരിച്ചുമെല്ലാമാണ് കൊന്നപ്പൂ വിൽപന ഏറെയും.
ഭഗവാൻ കൃഷ്ണെൻറ വിവിധ വർണത്തിലും വലുപ്പത്തിലുമുള്ള പ്രതിമകളാണ് വിൽപനക്ക്. ആടയാഭരണങ്ങളിഞ്ഞ മോടിയുള്ള കൃഷ്ണപ്രതിമകൾക്ക് വ്യത്യസ്ത വിലയാണ്. കൊന്നപ്പൂക്കൾ ഒരുപിടിക്ക് 20 രൂപക്കാണ് വിൽപന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.