പെരുമ്പളം പാലം; നിർമാണം അതിവേഗത്തിൽ
text_fieldsപൂച്ചാക്കൽ: ദ്വീപ് നിവാസികളുടെ ചിരകാല സ്വപ്നമായ പാലം യഥാര്‍ഥ്യത്തിലേക്ക്. നിലവില്‍ പാലത്തിന്റെ തൂണുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബീമിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പൈലിങ്, പൈല് ക്യാപ്, തൂണുകളുടെ നിര്‍മാണം അടക്കം കായലിനുകുറുകെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയായി.
വേമ്പനാട്ട് കായലിന് കുറുകെ നിര്‍മിക്കുന്ന പാലം പെരുമ്പളം ദ്വീപിനെ വടുതല ഭാഗവുമായാണ് ബന്ധിപ്പിക്കുന്നത്. കരയില്‍ വരുന്ന രണ്ട് തൂണുകള്‍ അടക്കം 31 തൂണുകളിലാണ് പാലം നിലയുറപ്പിക്കുന്നത്. 1,110 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലം കിഫ്ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിക്കുന്നത്. രണ്ടുവരി ഗതാഗതത്തിന് യോഗ്യമായ 7.5 മീറ്റര്‍ വീതിയുള്ള റോഡും ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ട്. 35 മീറ്റര്‍ വീതം നീളമുള്ള 27 സ്പാനുകളാണ് പാലത്തിലുള്ളത്. ദേശീയ ജലപാത മാനദണ്ഡപ്രകാരം 55 മീറ്റര്‍ ഉയരത്തിലാണ് മധ്യഭാഗത്തെ മൂന്ന് സ്പാനുകള്‍ നിര്‍മിക്കുക. ബോസ്ട്രിങ് ആര്‍ച് മാതൃകയിലാണ് പാലം. വടുതല ഭാഗത്ത് 300 മീറ്റര്‍ നീളത്തിലും പെരുമ്പളത്ത് 250 മീറ്റര്‍ നീളത്തിലും അപ്രോച് റോഡും നിര്‍മിക്കും. പാലത്തിന്റെ അപ്രോച് റോഡ് നിര്‍മാണത്തിനായുള്ള സ്ഥലം ഏറ്റെടുക്കല്‍ ജോലികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ജൂണില്‍ ദ്വീപ് സന്ദര്‍ശിച്ച മന്ത്രി മുഹമ്മദ് റിയാസ് 2023 ഡിസംബറോടെ പാലം തുറന്നു നല്‍കാനാകുമെന്ന് അറിയിച്ചിരുന്നു.
ഒരു വര്‍ഷം ബാക്കി നില്‍ക്കെ പ്രഖ്യാപനം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റി. 2019-ല്‍ മുഖ്യമന്ത്രി നേരിട്ടെത്തിയാണ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.