നഗരമധ്യത്തിൽ പ്ലാസ്റ്റിക് മാലിന്യമല; പഞ്ചകർമ ആശുപത്രി നിറഞ്ഞുകവിഞ്ഞു
text_fieldsആലപ്പുഴ: നഗരമധ്യത്തിൽ പ്ലാസ്റ്റിക് മാലിന്യമല. ആലപ്പുഴ നഗരസഭയിലെ ഹരിതകർമസേനയുടെ നേതൃത്വത്തിൽ കടകളിൽനിന്നും വീടുകളിൽനിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിരിക്കുന്നത് കണ്ടാൽ ആരുമൊന്ന് ഞെട്ടും.
വലിയചുടുകാടിനുസമീപം രണ്ടുകോടി മുടക്കി പാതിവഴിയിൽ നിർമാണം നിലച്ച പഞ്ചകർമ ആശുപത്രി കെട്ടിടവും പരിസരവുമാണ് നഗരസഭയുടെ മാലിന്യഗോഡൗൺ.
ചാക്കുകളിൽ നിറച്ച മാലിന്യം കെട്ടിടത്തിന്റെ പുറത്തേക്കും നിറഞ്ഞതോടെ പരിസരവാസികൾ കഴിയുന്നത് ആശങ്കയോടെയാണ്. നാൾക്കുനാൾ മാലിന്യത്തിന്റെ തോത് വർധിക്കുന്നതാണ് പ്രധാന പ്രശ്നം. പ്ലാസ്റ്റിക് അലക്ഷ്യമായി ഇട്ടിരിക്കുന്നതിനാൽ ചെറിയ തീപ്പൊരിപോലും വൻ തീപിടിത്തമുണ്ടാക്കും.
കേന്ദ്ര ആയുഷ് വകുപ്പിൽനിന്ന് അഞ്ചുകോടി സഹായത്തോടെ നിർമിക്കാൻ ഉദ്ദേശിച്ച സർക്കാറിന്റെ കീഴിലുള്ള ഏക പഞ്ചകർമ ആശുപത്രിയുടെ ദുരവസ്ഥയാണിത്.
ശുചിത്വത്തിന്റെ പേരിൽ ദേശീയപുരസ്കാരം വരെ നേടിയ നഗരസഭക്ക് പേരുദോഷമാണ് നഗരഹൃദയത്തിലെ ഈ മാലിന്യ നിക്ഷേപം. വർഷങ്ങളായി കൂട്ടിയിട്ടിരിക്കുന്ന ഇത് തരം തിരിച്ച് നീക്കാൻ തന്നെ ഏറെ പ്രയത്നിക്കേണ്ടിവരും. ദേശീയ റാങ്കിൽ മുന്നിലെത്തിയ നഗരസഭ വീണ്ടും വൃത്തിയുടെ പുതിയ പാഠങ്ങൾ പഠിക്കേണ്ടിവരുമെന്നാണ് ഇത് തെളിയിക്കുന്നത്. നഗരസഭയിലെ വിവിധ വാർഡുകളിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിക്കുന്ന കേന്ദ്രം കൂടിയാണിത്. ഇവിടെനിന്ന് തരംതിരിച്ചാണ് ക്ലീൻ കേരള കമ്പനിക്ക് നൽകുന്നത്. മാസങ്ങളായി തരംതിരിക്കൽ നടക്കാത്തതാണ് പ്രശ്നം. ആലിശ്ശേരിയിൽ പുതിയ സംഭരണകേന്ദ്രം പൂർത്തിയാക്കുന്നതോടെ തരംതിരിക്കൽ അവിടേക്ക് മാറ്റുമെന്നാണ് അധികൃതരുടെ വിശദീകരണം.
സർവതും നശിച്ചു; ഇനി ആര് രക്ഷക്കെത്തും
ആലപ്പുഴ: ആലപ്പുഴക്ക് അഭിമാനമാകുമെന്ന് കരുതിയ ആയുർവേദ പഞ്ചകർമ ആശുപത്രി കെട്ടിടത്തിന്റെ സർവതും നശിച്ചു. തൂണുകളുടെ ബലക്ഷയത്തിൽ പാതിവഴി ഉപേക്ഷിച്ച പദ്ധതി ഇനി എന്ന് തുടങ്ങുമെന്ന കാര്യത്തിൽ അധികൃതർക്കുപോലും ഉറപ്പില്ല. ലോകോത്തര നിലവാരത്തിൽ ആയുർവേദ ആശുപത്രിയായിരുന്നു ലക്ഷ്യം.
കേന്ദ്ര ആയുഷ് വകുപ്പിൽനിന്ന് അഞ്ചുകോടി മുടക്കിയാണ് പദ്ധതി തയാറാക്കിയത്. വലിയ ചുടുകാട് ജങ്ഷനുസമീപം നഗരസഭയുടെ ഒരേക്കർ 60 സെന്റിൽ 2014ലാണ് നിർമാണം തുടങ്ങിയത്. 2015 ജനുവരിയിൽ കെട്ടിടനിർമാണം പൂർത്തിയാക്കാനായിരുന്നു കരാർ. ഹിന്ദുസ്ഥാൻ ഫ്രീ ഫാബ്സ് ലിമിറ്റഡാണ് കരാറെടുത്തത്.
2014ൽ തൂണുകളുടെയും ആദ്യനിലയുടെയും കോൺക്രീറ്റ് ജോലികൾ പൂർത്തീകരിച്ചു. ആദ്യ ഗഡുവായി ലഭിച്ച രണ്ടുകോടിയിൽ പൈലിങ്, 159 തൂൺ, കെട്ടിടത്തിന്റെ അടിത്തറ, സ്ലാബുകൾ എന്നിവ പൂർത്തിയാക്കി.
കെട്ടിടത്തിൽ അപാകതയുണ്ടെന്ന പരാതിയിൽ പരിശോധന നടത്തി. അന്വേഷണത്തിൽ മൂന്ന് തൂണിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നിർമാണം നിലച്ചത്. എല്ലാ അപാകതകളും പരിഹരിച്ച് വീണ്ടും നിർമാണം തുടങ്ങാൻ സർക്കാർ അനുമതി നൽകിയെങ്കിലും കെട്ടിടനിർമാണം എങ്ങുമെത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.