രാഷ്ട്രീയ വടംവലിയിൽ പക്ഷംചേർന്ന് കാമ്പസ് കൂട്ടം
text_fieldsകായിക മത്സരത്തിന് ഇറങ്ങുമ്പോൾ എം.എസ്.എം കോളജ് വിദ്യാർഥിക്കൂട്ടത്തിന് ഒരേ മനസ്സാണെങ്കിലും രാഷ്ട്രീയത്തിൽ വ്യത്യസ്ത അഭിപ്രായമാണുള്ളത്. കോളജ് മത്സരങ്ങളിലെ മികവിലൂടെ അന്തർ സർവകലാശാല ടീമിൽ ഉൾപ്പെട്ടവർ ഇപ്പോൾ കഠിന പരിശീലനത്തിലാണ്. കോളജ് അടച്ചെങ്കിലും പരിശീലനത്തിനായി ഇവരെന്നും എത്തുന്നു. എം.എസ്.എം കോളജിലെ ആൺ-പെൺ വിഭാഗത്തിൽനിന്ന് 10 പേരാണ് സർവകലാശാല ടീമിൽ ഇടംപിടിച്ചത്. വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമാക്കാത്ത സ്പോർട്സ്മാൻ സ്പിരിറ്റോടെ തന്നെയാണ് രാഷ്ട്രീയത്തെയും കാണുന്നത്. സ്ഥിരമായി പത്രം വായിക്കാത്തതിന്റെ കുറവുണ്ടെന്ന സ്വയം വിമർശനത്തോടെയാണ് ചർച്ചക്ക് തുടക്കമിട്ടത്.
രാഷ്ട്രീയ-വികസന വിഷയങ്ങളിൽ ഭിന്ന നിലപാട് പറഞ്ഞവർ കായിക മേഖലയോട് അധികൃതർ കാട്ടുന്ന അവഗണനയിൽ ഒറ്റക്കെട്ടായാണ് പ്രതിഷേധം ഉയർത്തിയത്. സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി മെഡൽ നേടിയവർ അവഗണിക്കപ്പെടുന്നു. കായിക മേഖലക്ക് കാര്യമായ പ്രോത്സാഹനം നൽകുന്നില്ല. സ്കൂൾ-കോളജ് തലങ്ങളിൽ വഴിപാട് പോലെയാണ് കായികമേളയെ കാണുന്നത്. മികവ് തെളിയിച്ചവർക്ക് ജോലി നൽകുന്നതിലും സർക്കാറുകൾ വിമുഖത കാട്ടുന്നു.
ഇതോടൊപ്പം പുതുതലമുറയുടെ ട്രെൻഡിനെ അംഗീകരിക്കാത്ത രാഷ്ട്രീയ നിലപാടും ചോദ്യം ചെയ്യുന്നു. നിലവിലെ സംവിധാനത്തിൽനിന്നുള്ള മാറ്റം അനിവാര്യമാണെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.
കേന്ദ്രം ശരിയല്ല, കേരളവും
കേന്ദ്രത്തിലായാലും കേരളത്തിലായാലും ആര് വന്നാലും വലിയ കാര്യമൊന്നുമില്ലെന്ന ന്യൂജെൻ നിലപാടാണ് ഭൂരിപക്ഷവും പ്രകടിപ്പിക്കുന്നത്. രണ്ടുകൂട്ടരുടെയും നല്ലതിനെ ഉൾക്കൊള്ളുന്നതിനൊപ്പം തെറ്റായതിനെ തള്ളിപ്പറയാനും ഇവർ തയാറായി.
പൗരത്വ ഭേദഗതി നിയമം അനാവശ്യ നടപടിയാണെന്ന പൊതുഅഭിപ്രായമാണ് ഇവർ ഉയർത്തിയത്. എന്നാൽ, ആരോഗ്യ സുരക്ഷ പദ്ധതിയടക്കം ജനങ്ങൾക്ക് പ്രയോജനകരമായ പല പദ്ധതികളും കേന്ദ്ര സർക്കാർ നടപ്പാക്കുന്നുണ്ട്.
അതേസമയം, സംസ്ഥാന സർക്കാറിന്റെ ബന്ധു നിയമന നടപടികൾ അവർക്ക് തിരിച്ചടിയാകുമെന്നാണ് മൂന്നാം വർഷ ഇംഗ്ലീഷ് സാഹിത്യ വിദ്യാർഥിയായ പ്രിയ ലക്ഷ്മിക്ക് പറയാനുള്ളത്. പി.എസ്.സി ലിസ്റ്റിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്നവരോടുള്ള ദ്രോഹമാണത്. പഠിച്ചവർക്ക് വിലയില്ല. കേന്ദ്രവും സംസ്ഥാനവും താരതമ്യം ചെയ്യുമ്പോൾ കേന്ദ്രമാണ് മെച്ചമെന്ന് തോന്നിപ്പോകുന്ന സ്ഥിതിയാണ്.
എന്നാൽ, ജനോപകാരപ്രദമായ പദ്ധതികളിലൂടെ ജനങ്ങളെ സേവിക്കുന്ന സർക്കാറാണ് സംസ്ഥാനം ഭരിക്കുന്നതെന്ന അഭിപ്രായവും ഉയർന്നു. ഫണ്ട് നൽകാതെ സംസ്ഥാനത്തെ ഞെരിക്കുന്ന നടപടിയാണ് കേന്ദ്രം നടത്തുന്നത്. ഇതിനെ മറികടന്നാണ് പല വികസനങ്ങളും നടപ്പാക്കുന്നത്. ഭിന്നിപ്പിച്ച് ഭരിക്കുന്ന കേന്ദ്രഭരണത്തെ അംഗീകരിക്കാനാകില്ല. നാടിന്റെ മതേതരത്വത്തെ തകർക്കുന്ന കേന്ദ്രനയവും നിലപാടും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
മണ്ഡലത്തിൽ മത്സരം ഒപ്പത്തിനൊപ്പം
മണ്ഡലത്തിൽ പ്രചാരണവും മറ്റും ശ്രദ്ധിക്കുമ്പോൾ മത്സരം ഒപ്പത്തിനൊപ്പമാണെന്നാണ് തോന്നുന്നത്. എന്നാൽ, നിലവിലെ എം.പിയുടെ പ്രവർത്തനങ്ങളിൽ തൃപ്തി പോരെന്നാണ് തീരദേശത്തുനിന്ന് എത്തുന്നവരുടെ അഭിപ്രായം. കടൽഭിത്തി നിർമാണത്തിലടക്കം വീഴ്ചവരുത്തിയതാണ് ഇവരെ പ്രകോപിപ്പിച്ചത്. സംസ്ഥാന ഭരണത്തിലെ വീഴ്ചയും ഇടത് സ്ഥാനാർഥി ആരിഫിനെ ബാധിക്കുമെന്നാണ് മൂന്നാം വർഷ ഇംഗ്ലീഷ് സാഹിത്യവിദ്യാർഥിയായ അവന്ത് സെന്നിന്റെ അഭിപ്രായം. മൂന്നാം വർഷ സുവോളജി വിദ്യാർഥിയായ അഭിജിത്തും ഇതിനെ പിന്തുണക്കുകയാണ്. സുഗമമായി സഞ്ചരിക്കാവുന്ന റോഡുകളുടെ അഭാവവും അഭിജിത്ത് ചൂണ്ടിക്കാണിക്കുന്നു. ദേശീയപാത വികസന വിഷയത്തിൽ കായംകുളത്തോട് കാട്ടിയ അവഗണന ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. തൂണുകളിലെ ഉയരപ്പാത എന്നത് ജനകീയ ആവശ്യമാണ്. വികസന വിഷയങ്ങളിൽ ജനങ്ങൾക്ക് ഒപ്പം നിൽക്കുന്ന എം.പിയെയാണ് നാടിന് ആവശ്യം.
എന്നാൽ, ആരിഫിന്റെ ഭാഗത്തുനിന്ന് മികച്ച പ്രകടനമാണ് മണ്ഡലത്തിൽ ഉടനീളമുണ്ടായതെന്നാണ് രണ്ടാം വർഷ ഇംഗ്ലീഷ് സാഹിത്യ വിദ്യാർഥിയായ പുതുപ്പള്ളി സ്വദേശി അർജുന് പറയുന്നത്. നിലവിൽ രാജ്യസഭ എം.പിയായ കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കുന്നത് ഔചിത്യമില്ലായ്മയാണെന്ന അഭിപ്രായവും അർജുൻ പ്രകടിപ്പിക്കുന്നു. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ പാർലമെന്റിൽ ശബ്ദമുയർത്താനും കഴിഞ്ഞു. നിലവിലുള്ള വികസന പോരായ്മകൾ മറികടക്കാൻ കെ.സി. വേണുഗോപാലിന് കഴിയുമെന്ന അഭിപ്രായവും ഉയർന്നു. ദേശീയപാതയുടെ തകർച്ചയുടെ ദുരിതമാണ് ഒന്നാം വർഷ ബികോം വിദ്യാർഥിനിയായ ഗൗരിക്ക് ചൂണ്ടിക്കാട്ടാനുള്ളത്. സംസ്ഥാനവും കേന്ദ്രവുമെല്ലാം ഇതിന് ഉത്തരവാദികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.