ഇനിയെല്ലാം ഹരിതം
text_fieldsആലപ്പുഴ: ‘മാലിന്യമുക്തം നവകേരളം’ കാമ്പയിന്റെ ഭാഗമായി എല്ലാ സർക്കാര്‍ ഓഫിസുകളിലും ഹരിത പ്രോട്ടോകോള്‍ നിര്‍ബന്ധമാക്കാൻ തീരുമാനം. ഇതിനുള്ള നടപടികൾ വേഗത്തിലാക്കാൻ യോഗത്തിൽ കലക്ടർ അലക്സ് വര്‍ഗീസ് നിർദേശം നൽകി. എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലെയും ഇ-മാലിന്യം എത്രയുംവേഗം നീക്കാനും നിര്‍ദേശിച്ചു. 31 നകം ജില്ലയിലെ മുഴുവന്‍ സ്കൂളുകളും ഹരിതവിദ്യാലയങ്ങളാക്കി മാറ്റും.
നിലവിൽ ജില്ലയിലെ 760 ല്‍ 190 ഹരിത വിദ്യാലയങ്ങളായി മാറിയിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. 22 കലാലയങ്ങളില്‍ ഏഴ് എണ്ണം ഹരിത കലാലയങ്ങളായിക്കഴിഞ്ഞു. 15 പട്ടണങ്ങള്‍ ഹരിതടൗണുകളും 17 മാര്‍ക്കറ്റുകള്‍ ഹരിത മാര്‍ക്കറ്റുകളുമായി മാറി. കാമ്പയിന്റെ ഭാഗമായി 20 ടൂറിസം കേന്ദ്രങ്ങളെ ഹരിതടൂറിസം കേന്ദ്രങ്ങളാക്കും. കലക്ടറുടെ അധ്യക്ഷതയിൽ നടന്ന ജില്ല വികസനസമിതി യോഗത്തില്‍ എം.എല്‍.എമാരായ തോമസ് കെ. തോമസ്, ദലീമ ജോജോ എന്നിവര്‍ പങ്കെടുത്തു.
ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ പ്രതിനിധി, എം.പിമാരായ കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എമാരായ തോമസ് കെ. തോമസ്, ദലീമ ജോജോ, രമേശ് ചെന്നിത്തല, യു. പ്രതിഭ, എച്ച്. സലാം, പി.പി. ചിത്തരഞ്ജന്, എം.എസ്. അരുണ്‍ കുമാര്‍, കായംകുളം നഗരസഭ ചെയർപേഴ്സൻ പി. ശശികല, കലക്ടര്‍ എന്നിവര്‍ മുന്വികസനസമിതി യോഗത്തില്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.
ആലപ്പുഴ മുപ്പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥർ യോഗത്തില്‍ അറിയിച്ചു. കനാല്‍ ശുചീകരണപ്രവൃത്തി, റീട്ടെയിനിങ് വാള്, സംരക്ഷണഭിത്തി, അപ്രോച്ച് സ്ലാബുകളുടെ നിര്‍മാണം, ഹാന്‍ഡ് റെയിലുകള്‍, നടപ്പാതയിലെ ടൈല്‍ ജോലികള്‍ എന്നിവ പൂര്‍ത്തിയായെന്നും അപ്രോച്ച് റോഡ് നിര്‍മാണവും പാലത്തിന്റെ പെയിന്റിങ്ങും പുരോഗമിക്കുകയാണെന്നും പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
കുട്ടനാട്ടിൽ കുടിവെള്ളമെത്തിക്കണം -എം.എൽ.എ
കുട്ടനാട് താലൂക്കിലെ 13 പഞ്ചായത്തുകളിലായി കിഫ്ബി സഹായത്തോടെ നടപ്പാക്കുന്ന കുട്ടനാട് കുടിവെള്ള പദ്ധതിയുടെ പുരോഗതി വിലയിരുത്തിയ തോമസ് കെ. തോമസ് എം.എല്‍.എ ഈ പഞ്ചായത്തുകളിലെ 181 വാര്‍ഡുകളില്‍ അടിയന്തരമായി വെള്ളമെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
കാവാലം തട്ടാശ്ശേരി പാലത്തിന്റെ രണ്ടാം ഘട്ടം നിര്‍മാണത്തിനായി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്ന പ്രവൃത്തി പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ എം.എല്‍.എയെ അറിയിച്ചു. പുളിങ്കുന്ന് കൃഷി ഓഫീസ് സൗകര്യപ്രദമായ കെട്ടിടത്തിലേക്ക് മാറുന്നത് സംബന്ധിച്ച അനുമതിക്ക് ജില്ല പൊലീസ് മേധാവിയുമായി ചേര്‍ന്ന് യോഗം വിളിക്കാന്‍ എം.എല്‍.എ നിര്‍ദേശിച്ചു. കൈനകരി പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ഡിസംബര്‍ മൂന്നിനകം കുടിവെളള പമ്പിങ് തുടങ്ങും.
കാക്കത്തുരുത്ത് പാലം നിർമാണം വേഗത്തിലാക്കണമെന്ന് ദലീമ ജോജോ ആവശ്യപ്പെട്ടു. സ്ഥലമെടുപ്പ് നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അരൂക്കുറ്റി പഞ്ചായത്ത് ബോട്ട് ജെട്ടിക്ക് സമീപമുള്ള ആരോഗ്യ വകുപ്പ് ഭൂമി വിനോദസഞ്ചാരവകുപ്പിന് കൈമാറുന്നതിന് ആരോഗ്യ വകുപ്പിന് അനുകൂല സമീപനം ആണെന്ന് ഡെപ്യൂട്ടി ഡി.എം.ഒ യോഗത്തില്‍ അറിയിച്ചു.
ചേര്‍ത്തല അരൂക്കുറ്റി റോഡില്‍ ചേന്നം പള്ളിപ്പുറം പഞ്ചായത്തില്‍ കുടിവെള്ള പൈപ്പ് സ്ഥിരമായി പൊട്ടുന്നുവെന്ന എം.എല്‍എയുടെ പരാതിയില്‍ 30 മീറ്റര്‍ പൈപ്പ് മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദേശീയപാതാ നിര്‍മാണത്തിന്റെ ഭാഗമായി വലിയ വാഹനങ്ങളെ വഴിതിരിച്ചുവിട്ടപ്പോള്‍ തുറവൂര്‍-മാക്കേക്കടവ്, തുറവൂര്‍-കുമ്പളങ്ങി റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞത് എം.എല്‍.എ ചൂണ്ടിക്കാട്ടി. ഇവിടെ എത്രയും വേഗം അറ്റകുറ്റപ്പണി നടത്തുമെന്ന് ദേശീയപാതാ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും അറിയിച്ചു.
എ.സി റോഡിലെ കൈതവന ഭാഗത്തെ ട്രാഫിക് നിയന്ത്രണ സംവിധാനത്തിനുള്ള എസ്റ്റിമേറ്റ് ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് കലക്ടര്‍ കര്‍ശന നിര്‍ദേശം നല്കി. പുറക്കാട് വില്ലേജിലെ പുനര്‍ഗേഹം പദ്ധതി ഫ്ലാറ്റ് നിര്‍മാണം ഫേസ് മൂന്ന് ഡിസംബര്‍ 15 നകം പൂര്‍ത്തീകരിക്കുമെന്ന് ഫിഷറീസ് ഡെ. ഡയറക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.